കോഴിക്കോട്: പ്രളയാന്തര കേരളത്തെ ഭ്രാന്താലയമായാണ് സർക്കാർ പുനർനിർമ്മിക്കുന്നതെന്ന് ദളിത് ലീഗ് സoസ്ഥാന പ്രസിഡണ്ട് യു.സി.രാമൻ ആരോപിച്ചു. പ്രളയകാലത്ത് ഒരേ മനസായി നിന്നവരായിരുന്നു മലയാളികൾ. അവർക്ക് നഷ്ടപ്പെട്ട ഭവനങ്ങൾ പുനർനിർമ്മിക്കുന്നതിൽ ശ്രദ്ധിക്കുന്നതിന് പകരം സർക്കാറും സoഘ് പരിവാറും ചേർന്ന് കേരളത്തിൽ കലാപം ഒരുക്കി കൂടുതൽ നഷ്ടം വരുത്തുകയാണ്. കലാപം വിതച്ച് രാഷ്ട്രീയ വിളവ് കൊയ്യുക എന്നതാണ് സംഘ് പരിവാറിന്റെ രാഷ്ട്രീയ സമീപനം. ഈ തന്ത്രത്തിന് കേരളം ഇതെവരെ ഇടം നൽകിയിരുന്നില്ല. എന്നാൽ ഇപ്പോൾ സർക്കാർ നേരിട്ട് അതിന് കളമൊരുക്കുകയാണ്. വനിത മതിലിന്റെ മറവിൽ യുവതികളെ ശബരിമലയിൽ എത്തിച്ചതിലൂടെ സർക്കാറിന്റെ കുടില തന്ത്രമാണ് വെളിവാകുന്നത്. ശബരിമലയുമായി വനിത മതിലിന് ബന്ധമില്ല എന്ന് പ്രചരിപിച്ചവർ വിശ്വാസികളോട് മാപ്പ് പറയാൻ തയ്യാറാവണം. സംസ്ഥാനത്ത് വിഭാഗീയത യുണ്ടാക്കിയ മതിൽ ഇപ്പോൾ വർഗ്ഗീയത ആളിക്കത്തിക്കുന്നതിനും മറയൊരുക്കിയിരിക്കയാണ്. വിശ്വാസപരമായ കാര്യങ്ങളിൽ അതുമായി ബന്ധപ്പെട്ടവരുടെ വികാരം മാനിച്ചുകൊണ്ടുള്ള സമീപനം സ്വീകരിക്കുന്നതിന് പകരം വിശ്വാസികളോട് യുദ്ധം പ്രഖ്യാപിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഏത് വിധേനയും സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കുക എന്ന സർക്കാറിന്റെ ദുർവാശിയാണ് നടന്നത്. ഇത് ജനാധിപത്യ ഭരണകൂടത്തിന് ചേർന്നതല്ല. മതനിരാസ പ്രസ്ഥാനങ്ങളുടെ അജണ്ട നടപ്പാക്കാൻ ഭരണ സംവിധാനത്തെ ഉപയോഗപ്പെടുത്തുന്നത് ഗുരുതരമായ പ്രതിസന്ധിയാണ് വരുത്തുക. അദ്ദേഹം പറഞ്ഞു