കുന്ദമംഗലം: സംസ്ഥാന വോളിബോൾ ചാമ്പ്യന്‍ഷിപ്പില്‍ തിരുവനന്തപുരം വനിതകൾ ഫെെനലിൽ പ്രവേശിച്ചു. ഇടുക്കിയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് കഴിഞ്ഞ തവണത്തെ ജേതാക്കള്‍ കലാശപോരാട്ടത്തിന് യോഗ്യത നേടിയത്. സ്കോർ: 25-4, 25-11, 25-15. ഇന്ന് നടക്കുന്ന ഫെെനലിൽ ആതിഥേയരായ കോഴിക്കോടാണ് തിരുവനന്തപുരത്തിന്‍റെ എതിരാളികൾ. സെമിയില്‍ വയനാടിനെ പരാജയപ്പെടുത്തിയാണ് കോഴിക്കോട്
ഫൈനലിലെത്തിയത്. ഗ്രൂപ്പ്ഘട്ടത്തില്‍ നേടിയ അനായസ വിജയത്തിന്‍റെ തനിയാവര്‍ത്തനമായിരുന്നു തിരുവനന്തപുരത്തിന്‍റെ സെമി ഫൈനല്‍ മത്സരവും. ആദ്യസെറ്റില്‍ തിരുവനന്തപുരത്തിന്‍റെ മുന്നേറ്റങ്ങള്‍ക്കു മുന്നില്‍ ചെറുത്തു നില്‍ക്കാന്‍ പോലും ഇടുക്കിക്കായില്ല. ആദ്യസെറ്റ് 25-4 ന് തിരുവനന്തപുരം സ്വന്തമാക്കി. രണ്ടാം സെറ്റിലും തലസ്ഥാനത്തുകാര്‍ക്ക് വെല്ലുവിളിയാകാന്‍ ഇടുക്കിയുടെ പോലീസുകാര്‍ക്കായില്ല. തിരുവനന്തപുരത്തിന്‍റെ നായിക രേഖയും, അഞ്ജു ബാലകൃഷണനും, ശ്രുതിയും കളം നിറഞ്ഞു കളിച്ചതോടെ ഇടുക്കിക്ക് രണ്ടാം സെറ്റും നഷ്ടമായി. മത്സരത്തിന്‍റെ പലഘട്ടത്തിലും തിരുവനന്തപുരം താരങ്ങളുടെ പിഴവുകളില്‍ നിന്ന് ലഭിച്ച പോയന്റുകള്‍ മാത്രമാണ് ഇടുക്കിക്ക് സ്വന്തമാക്കാനായത്. മൂന്നാം സെറ്റില്‍ തിരുവനന്തപുരത്തിന്‍റെ ജിനിയും മൃദുല മോഹനും കൂടി ഉണര്‍ന്നു കളിച്ചതോടെ തിരുവനന്തപുരം 25-15 ന് മൂന്നാം സെറ്റും ഫൈനല്‍ ബെര്‍ത്തും സ്വന്തമാക്കി. നാളെ നടക്കുന്ന ഫൈനല്‍ മത്സരം സംസ്ഥാന താരങ്ങള്‍ തമ്മിലുള്ള പോരാട്ടമാകും. വൈകിട്ട് 6.30 നാണ് വനിതകളുടെ കലാശ പോരാട്ടം.