ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇനിയുള്ള മാസങ്ങളില്‍ വിദേശയാത്രകള്‍ ഒന്നും നടത്തില്ലെന്ന് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണപരമായ വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിനായാണ് വിദേശയാത്രകള്‍ ഒഴിവാക്കുന്നതെന്ന് സര്‍ക്കാരുമായി ബന്ധപ്പെട്ട വിഭാഗം അറിയീച്ചു
നിയമസഭാ തിരഞ്ഞെടുപ്പില്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടായ പശ്ചാത്തലത്തില്‍ പ്രചാരണ പരിപാടികളില്‍ കൂടുതല്‍ ശ്രദ്ധചെലുത്തുന്നതിനും ലക്ഷ്യംവെച്ചാണ് വിദേശ യാത്രകള്‍ ഒഴിവാക്കുന്നത്. വരുംമാസങ്ങളില്‍ പ്രധാനമന്ത്രി പങ്കെടുക്കേണ്ട സുപ്രധാന അന്താരാഷ്ട്ര പരിപാടികളൊന്നും ഇല്ല എന്നതും മറ്റൊരു കാരണമാണ്.
ഇക്കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നടത്തിയത് 14 വിദേശ സന്ദര്‍ശനങ്ങളാണ്. ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് നടത്തിയ സിങ്കപ്പൂര്‍ യാത്ര, പ്രസിഡന്റിന്റെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ നടത്തിയ മാല്‍ദീപ് യാത്ര, ജി20 ഉച്ചകോടിക്കായി നടത്തിയ അര്‍ജന്റീന സന്ദര്‍ശനം എന്നിവയാണ് നവംബര്‍ മാസത്തില്‍ മോദി നടത്തിയ വിദേശയാത്രകള്‍. ഒക്ടോബറില്‍ ജപ്പാനും മോദി സര്‍ന്ദര്‍ശിച്ചിരുന്നു.
അധികാരത്തിലെത്തിയ ശേഷം പ്രധാനമന്ത്രി നടത്തിയ വിദേശയാത്രകളുടെ പേരില്‍ പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷം പലപ്പോഴും വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.