ദയാപുരം: ‘സ്ത്രീകളും കേരളത്തിൻ്റെ പുനർനിർമ്മിതിയും‘ എന്ന വിഷയത്തിൽ ദയാപുരം വിമിന്‍സ് കോളേജ് സംഘടിപ്പിക്കുന്ന ദ്വിദിന എഡ്യുക്കേഷണൽ കോൺക്ലേവ് ഇന്നും നാളെയുമായി(20,21 വ്യാഴം, വെള്ളി) ദയാപുരം കാമ്പസില്‍ നടക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള പ്രഗത്ഭരായ സ്ത്രീ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന പരിപാടിയില്‍ പ്രഭാഷണങ്ങൾ, പാനൽ ചർച്ചകൾ, ഉപരിപഠന മേഖല, പ്രളയത്തെ മനസ്സിലാക്കുന്ന വിവിധ വിഷയങ്ങളിലെ ക്ലാസ്സുകൾ, വർക്കഷോപ്പ്, സ്ക്രീനിംഗ് എന്നിവ നടക്കും. പ്രളയ പുനരധിവാസത്തിനും സാമൂഹ്യപുനർനിർമ്മിതിക്കുമായി ദയാപുരം ആവിഷ്കരിക്കുന്ന വാർഷിക പദ്ധതി –കേരളത്തിനായി ജീവിച്ച 35 വർഷങ്ങൾ– യുടെ ഭാഗമാണ് ഇത്തവണത്തെ കോൺക്ലേവ്.
അന്താരാഷ്ട്ര മാധ്യമപ്രവർത്തകയും ഇന്ത്യയിലെ പത്രപ്രവർത്തകർക്കുള്ള ഏറ്റവും വലിയ പുരസ്കാരമായ ചമേലി ദേവി ജെയ്ൻ അവാർഡ് ജേത്രിയുമായ നേഹ ദീക്ഷിതും 2017 ലെ മികച്ച സംവിധായികയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ വിധു വിൻസൻ്റും മുഖ്യ പ്രഭാഷണം നടത്തും. ആശ ആച്ചി ജോസഫ് (അക്കാഡമീഷൻ, ഫിലിം മേക്കർ), സ്നേഹകോശി (എൻ.ഡി.ടി.വി), പ്രമീള ഗോവിന്ദ് (ടി.വി ജേർണ്ണലിസ്റ്റ്), ഖദീജ നർഗീസ് (കമ്മ്യൂണിറ്റി വർക്കർ), ഭവിത എ.പി (ഓൺലൈൻ ജേർണ്ണലിസ്റ്റ്), ഡോ. വർഷ വിദ്യാധരൻ (കോഴിക്കോട് മെഡി. കോളേജ്), വിശാഖ ജോർജ്ജ് (പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യ ബാംഗ്ലൂർ), സ്വാതി ശേഷാദ്രി (ഇക്വേഷൻസ് ടൂറിസം ബാംഗ്ലൂർ), നൂർജഹാൻ. കെ (റിസർച്ചർ, ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് മുംബൈ), നികിൽഷ. കെ (ലാൻ്റ് സ്കോപ് ആർക്കിടെക്റ്റ്), ഡോ. സാഹിറ റഹ് മാൻ (അക്കഡമീഷൻ), ജാരിയ (ആലുവ), ഇമ (കിറോറി മൽ കോളേജ് കോളേജ് ഡൽഹി), ആൻസി ടെറിന സി. ജോൺ (അമൃത ഇൻസ്റ്റിറ്റ്യൂട്ട് കൊച്ചി), അനു സേവ്യർ (ഗവേഷണ വിദ്യാർത്ഥി, കൊച്ചിൻ യൂണിവേഴ്സിറ്റി), രമ്യ. ആർ (ഗവേഷണ വിദ്യാർത്ഥി, കൊച്ചിൻ യൂണിവേഴ്സിറ്റി), ഡോ. റീം ഷംസുദ്ദീൻ (മഹാരാജാസ് കോളേജ്, കൊച്ചി), ദിവ്യ, ദിഗ്ന, നിജിയ (ടീം മിസ്സിംഗ് കാർട്ട് യു.എൽ സൈബർ പാർക്ക്) എന്നിവർ പങ്കെടുക്കും.
കേരളത്തിന്റെ പുനർനിർമിതിക്ക് നമ്മുടെ സാമൂഹികമൂല്യങ്ങള്‍ മാറേണ്ടതുണ്ടെന്നും അതിന് സ്ത്രീനേതൃത്വവും സ്ത്രീകളുടേതായ പുതിയ ആലോചനകളും സുപ്രധാനമാണെന്നുമുള്ള കാഴ്ചപ്പാടോടെയാണ് ഈ കോണ്‍ക്ലേവില്‍ സ്ത്രീപ്രതിനിധികളെ മാത്രം പ്രഭാഷകരായി പങ്കെടുപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.