കുന്ദമംഗലം: നന്മണ്ടയില്‍ നടന്ന ജില്ല വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സിന്ദൂര്‍ കുന്ദമംഗലം ജേതാക്കളായി. കരുത്തരായ ലീഡേയ് കുറ്റ്യാടിയെ കീഴടക്കിയാണ് സിന്ദൂര്‍ കിരീടത്തില്‍ മുത്തമിട്ടത്. ആവേശകരമായിരുന്നു പുരുഷ ഫൈനല്‍. നാല് സെറ്റ് നീണ്ട പോരാട്ടത്തില്‍ ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്കാണ് സിന്ദൂര്‍ ലീഡേയ് കുറ്റ്യാടിയെ കീഴടക്കിയത് സ്കോര്‍ (29-27.25-17,25-21,25-23). ഇന്ത്യന്‍ താരം അസീസിന്‍റെ നേതൃത്വത്തില്‍ കളത്തിലിറങ്ങിയ ലീഡേയ് ആദ്യസെറ്റില്‍ കുതിച്ചുകയറി. ആദ്യ സെറ്റില്‍ 27-25ല്‍ സിന്ദൂര്‍ പരാജയപ്പെട്ടു. രണ്ടാം സെറ്റില്‍ കരുത്തോടെ തിരിച്ചുവന്ന സിന്ദൂര്‍ 25-17 ല്‍ സെറ്റ് സ്വന്തമാക്കി. മൂന്നാം സെറ്റില്‍ ലീഡേയ് മികച്ച കളി കാഴ്ച വെച്ചെങ്കിലും 25-21 പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. നാലാമത്തെ സെറ്റായിരുന്നു ആവേശകരം. തുടക്കത്തില്‍ 4-0ന് മുന്നിലെത്തിയ സിന്ദൂറിനെതിരെ ലീഡേയ് പാതിഘട്ടത്തില്‍ 7 പോയന്റിന് പിന്നിലായി. അവസാന ഘട്ടത്തിലെത്തുമ്പോള്‍ 21-21ന് ലീഡേയ് തുല്യത പിടിച്ചു സിന്ദൂര്‍ വിട്ടില്ല. കുതിച്ചെത്തി. ഒടുവില്‍ 23-23ല്‍വച്ച് രണ്ടു പോയിന്റ് തുടര്‍ച്ചയായി നേടി സിന്ദൂര്‍ സെറ്റ് നേടി കപ്പില്‍ മുത്തമിട്ടു. സിന്ദൂറിന് വേണ്ടി ദേശീയ താരങ്ങളായ രജീഷ്, അഫീല്‍, ജിതിന്‍, രാകേഷ് കേരള ടീം താരം ലിബറോ രജീഷ് എന്നിവര്‍ കളത്തിലിറങ്ങി. ഏറ്റവും നല്ല അറ്റാക്കർ ആയി സിന്ദൂറിന്റെ രാകേഷിനെയും ഡിഫന്റർ ആയി ജിതിനെയും തിരഞ്ഞെടുത്തു. കുന്ദമംഗലത്ത് നടക്കുന്ന സംസ്ഥാന സൂപ്പര്‍ ചാമ്പ്യന്‍ഷിപ്പില്‍ കോഴിക്കോട് ജില്ലക്ക് വേണ്ടി സിന്ദൂർ കുന്നമംഗലത്തിന്റെ 5 കളിക്കാർ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.