കുന്ദമംഗലം: ഐ.ഐഎമില്‍ നിന്ന് കക്കൂസ് മാലിന്യം പുറത്തേക്കൊഴുകി പരിസരത്തെ മാട്ടുമ്മല്‍ നിവാസികളുടെ കുടിവെള്ളം മുട്ടി. കഴിഞ്ഞ ദിവസമാണ് ഐ.ഐഎംല്‍ നിന്ന് ശുചീകരണ പ്ലാന്റിലേക്ക് പോകുന്ന മാന്‍ ഹോളിലൂടെ മലിന ജലം പുറത്തേക്ക് ഒഴുകിയത്. ഇതോടെ ഐ.ഐ.എംന് സമീപം മാട്ടുമ്മല്‍ തമസിക്കുന്ന പത്തോളം കുടുംബങ്ങള്‍ ഉപയോഗിക്കുന്ന മൂന്ന് കിണറുകള്‍ മലിനമായത്. കിണറില്‍ വെള്ളത്തിന് മുകളില്‍ മഞ്ഞ കളറും രൂക്ഷമായ ഗന്ധവും വന്നതോടെയാണ് വീട്ടുകാര്‍ കിണര്‍ പരിശോധിച്ചത്. വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ പി പവിത്രന്‍ സ്ഥലത്തെത്തി ഐ.ഐ.എം അധികാരികളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് മാലിന്യം പുറത്തേക്ക് ഒഴുകുന്നത് തടഞ്ഞുവെങ്കിലും കിണറുകളിലെ വെള്ളം ഉപയോഗിക്കാന്‍ കഴിയാതെ കുഴയുകയാണ് നാട്ടുകാര്‍. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേഷ് ബാബു സ്ഥലം സന്ദര്‍ശിച്ചു വെള്ളം പരിശോധന നടത്തിയതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് പഞ്ചായത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെ മുതല്‍ ഐഐഎം അധികൃതര്‍ കിണറുകള്‍ ശുചീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. എന്നാല്‍ കിണര്‍ ശുചീകരിച്ചാലും ഈ വെള്ളം കുടിക്കാന്‍ സാധിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. കുടിവെള്ള പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ സമരത്തിന് ഒരുങ്ങുകയാണ് നാട്ടുകാര്‍.