കണ്ണൂർ∙ ബന്ധുനിയമന വിവാദത്തിൽ ഏതു രേഖകളും ആർക്കും പരിശോധിക്കാമെന്നു പ്രഖ്യാപിച്ചെങ്കിലും വിവരങ്ങൾ ഒളിച്ചുവച്ചു മന്ത്രി കെ.ടി.ജലീലിന്റെ ഓഫിസ്. ബന്ധു കെ.ടി.അദീബിനെ ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ ജനറൽ മാനേജരായി ഡെപ്യൂട്ടേഷനിൽ നിയമിച്ചതിന്റെ വിവരങ്ങളാണു മന്ത്രിയുടെ ഓഫിസ് തടഞ്ഞുവച്ചിരിക്കുന്നത്.
ബന്ധപ്പെട്ട ഫയൽ മന്ത്രിയുടെ ഓഫിസിൽ ലഭ്യമല്ലെന്നാണു വിവരാവകാശ പ്രവർത്തകൻ ഡി.ബി. ബിനുവിനു ലഭിച്ച മറുപടി. എന്നാൽ മറുപടി തെറ്റാണെന്നു ഫയൽ ട്രാക്കിങ് രേഖകൾ വ്യക്തമാക്കുന്നു. ജനറൽ മാനേജർ നിയമന നടപടികളുടെ മുഴുവൻ ഫയൽ, കറസ്പോണ്ടൻസ് ഫയലുകൾ, ഉദ്യോഗാർഥികളുടെ യോഗ്യതയും പ്രവൃത്തി പരിചയവും വ്യക്തമാക്കുന്ന രേഖകൾ, കൂടിക്കാഴ്ചയിൽ ഓരോ ഉദ്യോഗാർഥിക്കും നൽകിയ മാർക്ക്, നിയമനവുമായി ബന്ധപ്പെട്ടു ലഭിച്ച നിയമോപദേശങ്ങളുടെ പകർപ്പ്, വിജിലൻസ് ക്ലിയറൻസ്, പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉന്നത തസ്തികകളിലെ നിയമനത്തിനു വിജിലൻസ് ക്ലിയറൻസ് ഏർപ്പെടുത്തിയ സർക്കാർ ഉത്തരവ് എന്നീ രേഖകളാണു വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിരുന്നത്.
എന്നാൽ ഇതുസംബന്ധിച്ച ഫയലുകൾ കൈകാര്യം ചെയ്യുന്നതു പൊതുഭരണ വകുപ്പിനു കീഴിലെ ന്യൂനപക്ഷക്ഷേമ വകുപ്പും ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷനുമാണെന്നും വിവരങ്ങൾക്ക് അവരെ സമീപിക്കണമെന്നുമായിരുന്നു മറുപടി. കേരള സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ ഫയൽ ട്രാക്കിങ് രേഖകൾ പ്രകാരം, അദീബിന്റെ നിയമനവുമായി ബന്ധപ്പെട്ട മൂന്നു ഫയലുകളും മന്ത്രിയുടെ ഓഫിസിൽ തന്നെയുണ്ട്. നവംബർ 15നു ഫയൽ അവിടെയുണ്ടായിരിക്കെയാണ് ഇല്ലെന്നു മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി എം.രാഘവൻ മറുപടി നൽകിയത്.
വിവരാവകാശ നിയമപ്രകാരം ഏതെങ്കിലും വകുപ്പിൽ അപേക്ഷ ലഭിച്ചാൽ 30 ദിവസത്തിനുള്ളിൽ വിവരം നൽകിയാൽ മതി. അതു പ്രകാരം, മറ്റൊരു ഓഫിസിലേക്കു കൈമ
[29/11, 7:46 AM] Afnas: കൈമാറിയ അപേക്ഷയിൽ ഇനി ഡിസംബർ 15നു ശേഷം മാത്രമേ വിവരങ്ങൾ പുറത്തുവിടേണ്ടതുള്ളൂ. അപ്പോഴേക്കും നിയമസഭാ സമ്മേളനം പൂർത്തിയാകും. നിയമസഭ ചേരുന്ന സമയത്തു വിവരങ്ങൾ പുറത്തു വരാതിരിക്കാനാണു ഫയലുകൾ ഒളിച്ചുവച്ചതെന്നാണു സൂചന. തെറ്റായ വിവരം നൽകിയ പബ്ലിക് ഇൻഫർമേഷൻ ഓഫിസർക്കെതിരെ വിവരാവകാശ കമ്മിഷനിൽ പരാതി നൽകുമെന്നു ഡി.ബി.ബിനു പറഞ്ഞു.
എന്താണു നിയമം
വിവരാവകാശ അപേക്ഷയിൽ ആവശ്യപ്പെട്ട വിവരങ്ങൾ നിലവിൽ ഏത് ഓഫിസിലാണോ ഉള്ളത് അവിടെ നിന്നു മറുപടി നൽകണം. അവിടെ രേഖകൾ ഇല്ലെങ്കിൽ മാത്രമേ മറ്റു സ്ഥലങ്ങളിലേക്ക് അപേക്ഷ കൈമാറേണ്ടതുള്ളൂ. മനഃപൂർവം തെറ്റായ മറുപടി നൽകുന്നത് വിവരാവകാശ നിയമ പ്രകാരം കുറ്റകരമാണ്. കുറ്റം തെളിഞ്ഞാൽ, വിവരം നൽകുന്നതു വരെ ഓരോ ദിവസവും 250 രൂപ വീതം പിഴ ഈടാക്കും. ഉദ്യോഗസ്ഥനെതിരെ വകുപ്പുതല ശിക്ഷാ നടപടികളും സ്വീകരിക്കാം.