തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ ആരോപണവിധേയനായ ഷൊർണൂർ എം.എൽ.എ പി.കെ ശശിയെ പാർട്ടി സസ്പെൻഡ് ചെയ്തു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ആറുമസത്തേക്കാണ് സസ്പെൻഷൻ. യുവതിയുടെ പരാതിയിൽ പാർട്ടി അന്വേഷണ കമീഷൻ റിപ്പോർട്ട് പരിഗണിക്കാൻ ചേർന്ന സംസ്ഥാന സമിതിയിലാണ് തീരുമാനം
ശശിയുടെ വിശദീകരണം ചർച്ച ചെയ്ത ശേഷമാണ് കമ്മിറ്റി നടപടിയെടുത്തത്. നിലവിൽ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് പി.കെ.ശശി.
പി.കെ ശശിക്കെതിരായ പരാതിയിൽ നടപടി വൈകുന്നതിൽ പ്രതിഷേധവുമായി ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ രംഗത്തെത്തിയിരുന്നു. നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് വി.എസ് കേന്ദ്ര നേതൃത്വത്തിന് കഴിഞ്ഞദിവസം കത്തയച്ചത്.
അതിനിടെ, പാലക്കാട് ജില്ല ഘടകത്തിൽ തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് ചൂണ്ടിക്കാട്ടി ശശിയും നേതൃത്വത്തിന് പരാതി നൽകി. ശശിയെ ഷൊർണൂർ മണ്ഡലത്തിൽ ജാഥ ക്യാപ്റ്റനായി തീരുമാനിച്ചത് അദ്ദേഹത്തോടുള്ള നേതൃത്വത്തിെൻറ മൃദുസമീപനമായി പ്രതിപക്ഷം ആരോപിച്ചിരുന്നു.
അതേസമയം, പി.കെ. ശശിക്കെതിരായ ലൈംഗിക പീഡന ആരോപണം പാർട്ടി തള്ളി. ഒരു പാർട്ടി പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതിെൻറ പേരിലാണ് നടപടിയെന്ന് സി.പി.എം വാർത്താകുറിപ്പിൽ അറിയിച്ചു. തീരുമാനം കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരത്തിന് വിധേയമായി നടപ്പാക്കുമെന്ന് വാർത്താകുറിപ്പിലുണ്ട്