കേരളം : കെപി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത അപ്രതീക്ഷിത ഹര്‍ത്താലില്‍ വലഞ്ഞ് പൊതു ജനം. പുലര്‍ച്ചെ 1.30 ഓടെയാണ് ശശികലയെ മരക്കൂട്ടത്തു വച്ച് പോലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെ പുലര്‍ച്ചെ അഞ്ചോടെയാണ് ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മ സമിതിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പിന്നീട് ബിജെപിയും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.
രാവിലെ ഉറക്കം ഉണര്‍ന്നപ്പോഴാണ് പലരും ഹര്‍ത്താലാണെന്ന വാര്‍ത്തയറിയുന്നത്. അപ്രതീക്ഷിത ഹര്‍ത്താലായതിനാല്‍ ആര്‍ക്കും മുന്നൊരുക്കങ്ങള്‍ ഒന്നും നടത്താന്‍ കഴിയാതെ വന്നതോടെ പൊതുജനം വലഞ്ഞത്. പുലര്‍ച്ചെ റെയില്‍വെ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും എത്തിയവരും വാഹനം കിട്ടാതെ വലഞ്ഞു. പലരും ഹര്‍ത്താല്‍ വിവരം അറിയാതെ ജോലിക്കും മറ്റു യാത്രകള്‍ക്കുമായി റോഡില്‍ ബസ് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഇവരെല്ലാം ഹര്‍ത്താല്‍ വിവരം വൈകിയാണ് അറിയുന്നത്.
അതിനിടെ തിരുവനന്തപുരം ബാലരാമപുരത്ത് കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. ഇതോടെ തലസ്ഥാനത്ത് കെഎസ്ആര്‍ടിസി സര്‍വ്വീസ് നിര്‍ത്തിവച്ചു. കോഴിക്കോട്ടും ദീര്‍ഘദൂര ബസുകള്‍ ഉള്‍പ്പടെ പ്രതിഷേധക്കാര്‍ തടഞ്ഞു. വെള്ളിയാഴ്ച രാത്രി സര്‍വ്വീസ് തുടങ്ങിയ അന്തര്‍സംസ്ഥാന ബസ് സര്‍വ്വീസുകള്‍ ഉള്‍പ്പടെയാണ് തടഞ്ഞത്. ഇത് യാത്രക്കാരെ വലച്ചു. വടക്കന്‍ ജില്ലകളുടെ വിവിധ മേഖലകളില്‍ വാഹനം തടയുന്ന സ്ഥിതിയുണ്ടായി. കൊല്ലം-തേനി ദേശീയപാതയില്‍ പൊന്‍കുന്നത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു.
അതേസമയം, ശബരിമല തീത്ഥാടകര്‍ക്കായി കെഎസ്ആര്‍ടിസി നടത്തുന്ന സര്‍വ്വീസുകള്‍ മുടക്കമില്ലാതെ തുടരുന്നുണ്ട്. മറ്റ് ജില്ലകളില്‍ നിന്നുള്ള സര്‍വ്വീസുകള്‍ ഹര്‍ത്താല്‍ അനുകലികള്‍ തടയുമോ എന്ന് വ്യക്തമായ ശേഷമേ സര്‍വ്വീസ് തുടങ്ങു.
എന്നാല്‍ എരുമേലി, പമ്പ, നിലയ്ക്കല്‍ എന്നിവടങ്ങളില്‍ നിന്നുള്ള സര്‍വ്വിസുകളെല്ലാം കൃത്യമായി നടക്കുന്നുണ്ട്. അതിനാല്‍ ശബരിമല പാതയിലുള്ള അയ്യപ്പഭക്തരെ ഹര്‍ത്താല്‍ ബാധിച്ചിട്ടില്ല. പക്ഷേ, റെയില്‍വേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും എത്തുന്നവരുടെ യാത്ര ഇന്ന് മുടങ്ങാന്‍ സാധ്യതയുണ്ട്.
ഹര്‍ത്താലില്‍ സംസ്ഥാനത്തെ കട കമ്പോളങ്ങളെല്ലാം അടഞ്ഞു കിടക്കുകയാണ്. സ്വകാര്യ വാഹനങ്ങള്‍ പല സ്ഥലങ്ങളിലും നിരത്തിലുണ്ട്. പലയിടത്തും വാഹനം തടയുന്നുണ്ടെങ്കിലും പോലീസ് ഇടപെട്ട് പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നുണ്ട്. ഹര്‍ത്താലിനെ തുടര്‍ന്ന് സംസ്ഥാനത്തുടനീളം പോലീസ് കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്