കൊച്ചി∙നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി തിരികെപോകും. തൃപ്തി ദേശായി ഇന്നുതന്നെ മടങ്ങുമെന്ന് പൊലീസ് അറിയിച്ചു. രാത്രി 9.10നുള്ള എയർ ഇന്ത്യാ വിമാനത്തിൽ മുംബൈയിലേക്കു മടങ്ങും. മുൻകൂട്ടി അറിയിക്കാതെ ശബരിമലയിലെത്തുമെന്ന് തൃപ്തി ദേശായി പറഞ്ഞു. തന്റെ വരവു വിജയമാണ്. പേടിച്ചിട്ടല്ല മടങ്ങുന്നത്. ലക്ഷ്യം വിജയമായതിനാലാണു വിമാനത്താവളത്തിൽ തന്നെ തടഞ്ഞത്. സമത്വത്തിനു വേണ്ടിയുള്ള സമരമാണ് ഇതെന്നും തൃപ്തി പറഞ്ഞു. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. ബിജെപിയോ കോൺഗ്രസോ എന്നല്ല ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ല. സ്ത്രീകളുടെ പക്ഷത്താണ്. അഞ്ച് വർഷമായി ഒരു പാർട്ടിയുമായും ബന്ധമില്ല. മണ്ഡലകാലത്തു തന്നെ തിരികെയെത്തും–തൃപ്തി പറഞ്ഞു. അടുത്ത തവണ കൂടുതൽ തയാറെടുപ്പുകളോടെ ശബരിമല സന്ദർശനത്തിന് എത്താൻ തൃപ്തിയോടും സംഘത്തോടും പൊലീസ് നിർദേശിച്ചു. അതേസമയം ഇവര്‍ക്കു നിയമസഹായം വാഗ്ദാനം ചെയ്ത് മൂന്ന് വനിതാ അഭിഭാഷകർ രംഗത്തെത്തിയിരുന്നു
തൃപ്തി മടങ്ങിയശേഷമേ പിരിഞ്ഞുപോകുവെന്ന് പ്രതിഷേധക്കാരും വ്യക്തമാക്കി. ശബരിമല സന്ദര്‍ശനത്തിനായി ഇന്ന് പുലര്‍ച്ചെയാണ് തൃപ്തി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. വാഹനവും താമസ സൗകര്യവും സ്വന്തമായി ഏര്‍പ്പാടാക്കിയാല്‍ സംരക്ഷണം ഒരുക്കാമെന്ന് പൊലീസ് അറിയിച്ചിരുന്നു. ഇതിനിടെ സമരക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയുന്ന 250 പേര്‍ക്കെതിരെയാണ് കേസ്. പമ്പയിൽ പ്രതിഷേധത്തിനു ശ്രമിച്ച രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു