ചാത്തമംഗലം: നീണ്ട 20 വർഷത്തെ ഇടതുപക്ഷ ഭരണത്തിനു അന്ത്യം കുറിച്ചുകൊണ്ട് ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് ഭരണം യുഡിഎഫ് കരസ്ഥമാക്കി. ഇന്ന് നടന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ എൽ ഡി എഫിലെ പികെ സരസയെ 7 നെതിരെ 14 വോട്ടിന്നാണു മുസ്ലിം ലീഗിലെ എം കെ നദീറ പരാജയപ്പെടുത്തിയത്. ഇടതു പക്ഷത്തെ രഘുനാഥൻറെ വോട്ട് അസാധുവായി. രണ്ടു ബി ജെ പി അംഗങ്ങൾ തെരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിന്നു. പ്രസിഡണ്ട് സ്ഥാനത്തേക്ക് കോൺഗ്രസിലെ പുഷ്പവേണി നദിറയുടെ പേര് നിർദേശിക്കുകയും മുസ്ലിം ലീഗിലെ സലീം കുന്നത്ത് പിന്താങ്ങുകയും ചെയ്തു കോൺഗ്രസിലെ എംകെ അനീഷാണ് വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്.വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് എൽ ഡി എഫിൽ നിന്നും മത്സരിച്ച ഷിജുലാലിനെ 8 നെതിരെ 14 വോട്ടുകൾ നേടിയാണ് അനീഷ് വിജയിച്ചത്. അനീഷിന്റെ പേര് മുസ്ലിം ലീഗിലെ ഇ എം സലീന നിർദേശിക്കുകയും ബബില ഷജീൻ പിന്താങ്ങുകയും ചെയ്തു.
ചാത്തമംഗലം പഞ്ചായത്തിലെ അരയങ്കോട് വാർഡിൽ നിന്നാണ് എം കെ നദീറ മത്സരിച്ചു വിജയിച്ചത്. 400 ഓളം വോട്ട് ലീഡ് നേടി ജയിക്കേണ്ട ഇടതുപക്ഷ സ്ഥാനാർഥിയെ 275 വോട്ടിന്റെ ലിഡുമായി ഉജ്ജ്വല വിജയം നേടിയാണ് നദീറ അരയങ്കോട് വാർഡിൽ നിന്നും വിജയിച്ചത്. എംകെ അനീഷ് ജയിച്ചത് ചാത്തമംഗലം വാർഡിൽ നിന്നാണ്. തികച്ചും അട്ടിമറി വിജയങ്ങൾ ആണ് പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും അവരുടെ വാർഡുകളിൽ നേടിയത്
.തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസർ ആയ കുന്നമംഗലം എഇഒ കെ രാജീവ് വോട്ടെടുപ്പ് നിയന്ത്രിച്ചു
യുഡിഎഫ് പ്രവർത്തകർ കെട്ടാങ്ങൽ അങ്ങാടിയിൽ വിജയഹ്ലാദ പ്രകടനം നടത്തി.