കോഴിക്കോട്:കോഴിക്കോട്–തിരുവമ്പാടി റൂട്ടിൽ ഓടുന്ന ചൈത്രം ബസ് ഡ്രൈവറുടെ കൈയിൽ നിന്ന് കഞ്ചാവ് പിടികൂടി. ഡ്രൈവർ ഷമിൽ ലാലിൻ്റെ കൈവശ ത്ത് നിന്നാണ് കഞ്ചാവ് പിടികൂടിയത്. ബസ് കാരന്തൂരിൽ എത്തിയപ്പോൾ, ഡ്രൈവർ മയക്കുമരുന്ന് ഉപയോഗിച്ചിരിക്കുന്നുവെന്ന് സംശയിച്ച ഒരു യാത്രക്കാരിയാണ് പൊലീസിനെ വിവരം അറിയിച്ചത്.
തുടർന്ന് കുന്ദമംഗലത്ത് വെച്ച് പൊലീസ് നടത്തിയ പരിശോധനയിൽ, ഷമിൽ ലാലിൻ്റെ കൈയിൽ നിന്നും ഏകദേശം 2 ഗ്രാം കഞ്ചാവ് കണ്ടെത്തി. ഇതിനെ തുടർന്ന് ഇയാൾക്കെതിരെ എൻ.ഡി.പി.എസ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. കുന്ദമംഗലം പോലീസ് സബ് ഇൻസ്പെക്ടർ നിധിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. ഈ റോട്ടിലോടുന്ന ബസ്സ് ഡ്രൈവർമാർ ലഹരി ഉപയോഗിച്ച് അപകടം വരുത്തുന്ന രീതിയിലാണ് വാഹനം ഓടിക്കുന്നതെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു.