കോഴിക്കോട്: ടെലഗ്രാം ആപ്പ് വഴി പാർട്ട്ടൈം ജോലിക്കാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വൻതുക തട്ടിയ കേസിൽ കോഴിക്കോട് മുട്ടാഞ്ചേരി സ്വദേശിയായ 21കാരൻ അറസ്റ്റിൽ. മണ്ണാറത്ത് ഉമ്മറിന്റെ മകൻ അബ്ദുൽ ഫത്താഹിനെയാണ് സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാജ വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യിപ്പിക്കുകയും ടെലഗ്രാം അക്കൗണ്ടുകളിൽനിന്നുള്ള നിർദേശങ്ങളനുസരിച്ച് ഡെയിലി ടാസ്ക് ചെയ്യുന്നതിനായി പണം നിക്ഷേപിപ്പിച്ചുമാണ് തട്ടിപ്പ് നടത്തിയത്. പല തവണയായി 32 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടെന്ന് കാണിച്ച് 2023ൽ നൽകിയ പരാതിയിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്.
ടെലഗ്രാം അക്കൗണ്ടിൽനിന്നുള്ള നിർദേശപ്രകാരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ബാങ്ക് അക്കൗണ്ടുകളിലേക്ക് പരാതിക്കാരി പണം ട്രാൻസ്ഫർ ചെയ്തു കൊടുത്തു. ഇതിൽനിന്ന് നാലര ലക്ഷത്തോളം രൂപ മുംബൈയിലുള്ള ദേശസാൽകൃത ബാങ്കിന്റെ അക്കൗണ്ടിലേക്ക് എത്തി. അന്നുതന്നെ ആ തുക ഉൾപ്പെടെ 12.5 ലക്ഷത്തോളം രൂപ നാല് ഇടപാടുകളിലായി കുന്നമംഗലത്തുള്ള സ്വകാര്യ ബാങ്കിന്റെ അക്കൗണ്ടിലേക്ക് വന്നു. അതേ ദിവസംതന്നെ ആ തുകയിൽ വലിയൊരു ഭാഗം ചെക്ക് മുഖേന പിൻവലിച്ചു. ബാക്കി തുക മറ്റൊരു അക്കൗണ്ടിലേക്ക് ട്രാൻസ്‌ഫർ ചെയ്തതായും അന്വേഷണത്തിൽ വ്യക്തമായി. ഇതോടെ അക്കൗണ്ട് ഉടമയിലേക്ക് അന്വേഷണ സംഘം എത്തുകയായിരുന്നു.
ടാസ്‌കുകൾ പൂർത്തിയാക്കിയതിനു ശേഷം വാഗ്ദാനം ചെയ്ത തുകയോ നിക്ഷേപിച്ച തുകയോ തിരിച്ച് നൽകാതെ ഓൺലൈൻ വഴി ചതിയിലൂടെ പണം തട്ടുന്നതായിരുന്നു തട്ടിപ്പിൻ്റെ രീതി. കോഴിക്കോട് സിറ്റി പൊലീസ് ഡെപ്യൂട്ടി കമീഷണർ അരുൺ കെ. പവിത്രന്റെ നിർദ്ദേശപ്രകാരം സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ അസി. കമീഷണർ ജി. ബാലചന്ദ്രൻ മേൽനോട്ടത്തിലാണ് അന്വേഷണം നടന്നത്. ഇൻസ്പെക്‌ടർ കെ.കെ. ആഗേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.