കുന്ദമംഗലം:പഴകിയതും ദുർഗന്ധം വമിക്കുന്നതുമായ ഭക്ഷണം ഉപഭോക്താക്കൾക്ക് വിളമ്പിയ കുന്നമംഗലത്തെ കെഎഫ്സി ക്കെതിരെ നടപടിക്കൊരുങ്ങി കുടുംബം. കുന്ദമംഗലം സ്വദേശി ഷെഫീഹും കുടുംബവും കുന്ദമംഗലം പാലക്കൽ മാളിലെ കെ എഫ് സി യിൽ ഭക്ഷണം കഴിക്കാൻ എത്തിയപ്പോഴാണ് ദുരനുഭവമുണ്ടായത്. ഇവർ കഴിച്ച ഭക്ഷണ സാമ്പിളിൽ നടത്തിയ പരിശോധനയിൽ ഭക്ഷണത്തിൽ ബാക്റ്റീരിയ സാന്നിധ്യം കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ മാസം 28ന് രാത്രി പത്തരയോടെയാണ് സംഭവം.
ഷെഫീഹ്(33), ഭാര്യ റിസ്മാന (30), മക്കളായ എമൽ ഫാത്മ (12), ഖൈനാത്ത് (4), കെസിൻ (2), ഷെഫീഹിന്റെ സഹോദരിയുടെ മക്കൾ മുഹമ്മദ് സിയാൻ (12), മുഹമ്മദ് സാമിൻ (7), സഹോദരൻ സബീഹ് (21) എന്നിവർ പാലക്കൽ മാളിലെ കെ എഫ് സി യിൽ ഓർഡർ ചെയ്ത ഭക്ഷണം കഴിക്കവെയാണ് ഇതിൽ നിന്നും പഴകിയ മണം വന്നത്. ഉടനെ കൗണ്ടറിൽ പരാതി ഉന്നയിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്ന് കുടുംബം പറഞ്ഞു. മറ്റൊരാളും ഇതേ പരാതി ഉന്നയിച്ചു. ഇതിനിടയിലും ഇതേ വിഭവം ഓൺലൈൻ ഡെവിലറിയും പാഴ്‌സലും നൽകുന്നത് തുടർന്നു.
അധികൃതർ വിഷയം മുഖവിലക്കെടുക്കാതെ വന്നതോടെ ഷെഫീഹ് കുനമംഗലം ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസർ ഡോ. അനുവിനെ വിളിച്ചു രാത്രി തന്നെ വിവരം അറിയിക്കുകയും ഓൺലൈൻ ആയി പരാതി നൽകുകയും ചെയ്തു. തുടർന്ന് ഡോ. അനുവും സംഘവും സ്‌ഥലത്തെത്തി പരിശോധന നടത്തുകയും, സാമ്പിൾ ശേഖരിച്ച് പരിശോധനക്ക് അയച്ചു. ബാക്കി ഭക്ഷണം നശിപ്പിക്കാനും നിർദേശം നൽകി.
കഴിഞ്ഞ ദിവസം പരിശോധന ഫലം പുറത്തു വന്നതോടെ ഭക്ഷണത്തിൽ ബാക്റ്റീരിയ സാന്നിധ്യം ഉള്ളതായി കണ്ടെത്തി.
ഇതോടെ ബാക്റ്റീരിയ സാന്നിധ്യമുള്ളതും പഴകിയതുമായ ഭക്ഷണം എന്തുകൊണ്ട് കൊടുത്തു എന്നതിൽ വ്യക്തത വരുത്തേണ്ടതുണ്ട് എന്നും മരണത്തിനു വരെ കാരണമായേക്കാവുന്ന ഇത്തരം സാഹചര്യം ഒഴിവാക്കാൻ കൃത്യമായ നടപടി സ്വീകരിക്കണമെന്നും കാണിച്ചാണ് പരാതിയുമായി മുന്നോട്ടു പോകുന്നത് എന്ന് ഷെഫീഹ് വ്യക്തമാക്കി. വരും ദിവസങ്ങളിൽപരിശോധന നടത്തിഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉള്ള നടപടികൾ സ്വീകരിക്കുമെന്ന് ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസർ പറഞ്ഞു