കുന്ദമംഗലം : ദേശീയ പാത 766 നവീകരിക്കുമ്പോൾ കാരന്തൂർ കുന്ദമംഗലം അങ്ങാടികൾ ഒഴിവാക്കി കാരന്തൂർ മുതൽ പടനിലം വരേ ബൈപ്പാസ് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂനിറ്റ് കമ്മറ്റി കോഴിക്കോട് ദേശീയപാത വിഭാഗം എക്സികുട്ടീവ് എഞ്ചിനീയർക്ക് നിവേദനം നൽകി.
ബൈപ്പാസ് നിർമ്മിക്കാതെ ദേശീയ പാത വികസിപ്പിക്കുമ്പോൾ വർഷങ്ങളായി ഇവിടെ കച്ചവടം ചെയ്യുന്ന ആയിരകണക്കിന് വ്യാപാരികളെ കുടിയൊഴിപ്പിക്കേണ്ടിവരും. കാരന്തൂർ മുതൽ പടനിലം വരേ തീരദേശ ബൈപ്പാസ് നിർമ്മിക്കണമെന്നത് ദീർഘകാലത്തെ ആവശ്യമാണ്. ഈ പദ്ധതി നടപ്പിലാക്കിയാൽ കച്ചവട സ്ഥാപനങ്ങൾ ഒഴിപ്പിക്കുന്ന ചെലവ് കണക്കാക്കിയാൽ ബൈപ്പാസ് തീരദേശത്ത് കൂടിയായത് കൊണ്ട് സ്ഥലം എറ്റെടുക്കുന്നതിന് ഇതിൻ്റെ പകുതി ചിലവ് പോലും വരില്ല. പദ്ധതിയുടെ ഭാഗമായി കൊടുവള്ളി, താമരശ്ശേരി എന്നിവിടങ്ങളിൽ ബൈപ്പാസ് നിർമ്മിക്കാനാണ് തീരുമാനം. അതേപോലെ കുന്ദമംഗലത്തും ബൈപ്പാസ് നിർമ്മിച്ചാൽ ഐ.ഐ.എം, മർകസ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന ദേശീയപാതയുടെ തനിമ നിലനിർത്താൻ സാധിക്കുമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നൽകിയ നിവേദനത്തിൽ പറയുന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല വൈസ് പ്രസിഡൻ്റ് എം ബാബുമോൻ . യൂനിറ്റ് സെക്രട്ടറി ജയശങ്കർ, ട്രഷറർ എൻ വിനോദ് കുമാർ , സുനിൽ കണ്ണോറ, എം.പി മൂസ, ടി.സി സുമോദ് , ടി.വി ഹാരിസ്, സജീവൻ കിഴക്കയിൽ, എം.കെ റഫീഖ് എന്നിവർ സംബന്ധിച്ചു.