കുന്ദമംഗലം : കോഴിക്കോട് കാരന്തൂർ മർക്കസ് ഖുർആൻ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗ്രാൻഡ് കമ്യൂണിറ്റി ഇഫ്താറിൽ നോമ്പുതുറന്ന് നാലായിരത്തോളം വിശ്വാസികൾ. ഏറെ പവിത്രമായ ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കപ്പെടുന്ന 25-ാം രാവിൽ സംസ്ഥാനത്തെ ഏറ്റവും വലിയ ഖുർആൻ സമ്മേളനമാണ് മർകസിൽ നടന്നത്. വിശുദ്ധ ഖുർആൻ അവതീർണമായ റമസാനിൽ ഖുർആൻ സന്ദേശങ്ങളും മൂല്യങ്ങളും വിളംബരം ചെയ്ത സമ്മേളനം ഇന്നലെ(ചൊവ്വ) വൈകുന്നേരം നാലിന് ആരംഭിച്ച് ഇന്ന് (ബുധൻ)പുലർച്ചെ ഒരുമണിവരെ നീണ്ടു.
അസർ നിസ്‌കാരാനന്തരം കാമിൽ ഇജ്തിമയിൽ നടന്ന ചടങ്ങിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഖുർആൻ വിളംബരം ചെയ്യുന്ന ജീവിതക്രമം അനുസരിച്ച് ജീവിക്കാൻ ബാധ്യതയുള്ളവരാണ് വിശ്വാസികൾ എന്നും സ്വസ്ഥമായ സാമൂഹിക ക്രമവും പരലോക വിജയവും സാധ്യമാവാൻ ഖുർആൻ പാഠങ്ങൾ മുറുകെ പിടിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. ശേഷം നടന്ന ഹിഫ്ള് വിദ്യാർഥികളുടെ ദസ്തർ ബന്ദി ചടങ്ങിന് മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകി. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു.
മസ്ജിദുൽ ഹാമിലിയിൽ നടന്ന വിർദു ലത്വീഫ് സദസ്സിന് സയ്യിദ് അബ്ദു സ്വബൂർ ബാഹസൻ അവേലംവും മരണപ്പെട്ടവരുടെ പേരിൽ നടന്ന യാസീൻ ദുആക്ക് സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലിയും നേതൃത്വം നൽകി. വിദ്യാർഥികൾക്കും യാത്രക്കാർക്കും പൊതുജനങ്ങൾക്കുമായി രാജ്യത്തുടനീളമുള്ള മർകസ് സ്ഥാപനങ്ങളിലും മസ്‌ജിദുകളിലും പൊതുഗതാഗത കേന്ദ്രങ്ങളിലും കഴിഞ്ഞ 23 ദിവസമായി നടന്നുവന്ന ഇഫ്താർ സംഗമങ്ങളുടെ തുടർച്ചയായി വിപുലമായ രൂപത്തിലാണ് ഗ്രാൻഡ് കമ്യൂണിറ്റി ഇഫ്താർ സംഘടിപ്പിച്ചത്. ഇഫ്താറിന് ശേഷം അവ്വാബീൻ, തസ്ബീഹ്, തറാവീഹ്, വിത്ർ നിസ്കാരങ്ങൾ, ഹദ്ദാദ്, ഖസ്വീദതുൽ വിത്രിയ്യ പാരായണങ്ങൾ മസ്ജിദുൽ ഹാമിലിയിൽ നടന്നു.
സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി, സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, സയ്യിദ് മുഹമ്മദ് തുറാബ്, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് സൈനുൽ ആബിദീൻ ജമലുല്ലൈലി, സയ്യിദ് അബ്‌ദുറഹ്‌മാൻ ബാഫഖി, വി പി എം ഫൈസി വില്യാപ്പള്ളി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, അബൂബക്കർ സഖാഫി വെണ്ണക്കോട്, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, അബൂബക്കർ സഖാഫി പന്നൂർ, ഹനീഫ് സഖാഫി ആനമങ്ങാട് പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, ഖാരിഅ് അബ്ദുറഊഫ് സഖാഫി, ബശീർ സഖാഫി എ ആർ നഗർ തുടങ്ങിയവർ വിവിധ സെഷനുകളിൽ സംബന്ധിച്ചു. ളിയാഫത്തുൽ ഖുർആൻ, ഹാഫിള് സംഗമം, ഇസ്നാദ്, ബദ്‌രിയ്യത് തുടങ്ങി വിവിധ ആത്മീയ പ്രാർഥനാ സദസ്സുകളും സമ്മേളനത്തിന്റെ ഭാഗമായി നടന്നു.