ആലപ്പുഴ:പ്രളയത്തെ ജയിച്ചെത്തിയ ഈ വർഷത്തെ നെഹ്റു ട്രോഫി ജലോത്സവത്തിൽ ജയിംസ്‌കുട്ടി ജേക്കബിന്റെ നേതൃത്വത്തിൽ Bപള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ പായിപ്പാടൻ ചുണ്ടൻ ചാംപ്യൻമാർ. അത്യന്തം വാശിയേറിയ പോരാട്ടത്തിൽ ആലപ്പുഴ പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവികാട് കാട്ടില് തെക്കേതിന്റെ വെല്ലുവിളി അതിജീവിച്ചാണ് പായിപ്പാടൻ ഒന്നാം സ്ഥാനം നേടിയത്. മഹാദേവികാട് കാട്ടിൽ തെക്കേതിൽ രണ്ടാമതെത്തിയപ്പോൾ ആയാപറമ്പ് പാണ്ടി (യുണൈറ്റഡ് ബോട്ട് ക്ലബ് കൈനകരി, രാജേഷ് ആർ.നായർ), ചമ്പക്കുളം (എൻസിഡിസി ബോട്ട്ക്ലബ് കുമരകം, മോൻസ് കരിയമ്പള്ളിയിൽ) എന്നിവർ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങൾ നേടി.
ഒരു പതിറ്റാണ്ടിലധികം നീണ്ട ഇടവേളയ്ക്കു ശേഷമാണ് പായിപ്പാടൻ വീണ്ടും ജലരാജാവായി തിരിച്ചെത്തുന്നത്. 2005, 2006, 2007 വർഷങ്ങളിലായി ഹാട്രിക് പൂർത്തിയാക്കിയശേഷം പിന്നാക്കം പോയ പായിപ്പാടന്റെ തിരിച്ചുവരവു കൂടിയാണിത്. ഒടുവിൽ ജേതാക്കളാകുമ്പോൾ കുമരകം ടൗൺ ബോട്ട് ക്ലബ്ബാണ് പായിപ്പാടൻ തുഴഞ്ഞിരുന്നത്. ഇക്കുറി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ അവർ വീണ്ടും കിരീടം തൊട്ടിരിക്കുന്നു.
നേരത്തെ, ചുള്ളൻ വള്ളങ്ങളുടെ ആവേശപ്പോരാട്ടം കണ്ട ഹീറ്റ്സിനൊടുവിൽ നിലവിലെ ചാംപ്യൻമാരായ ഗബ്രിയേലും ഏറ്റവും കൂടുതൽ തവണ ചാംപ്യൻമാരായ കാരിച്ചാലും ഫൈനൽ കാണാതെ പുറത്തായിരുന്നു. യഥാക്രമം ഒന്ന്, നാല് ഹീറ്റ്സുകളിൽ ഒന്നാമതെത്തിയെങ്കിലും സമയക്രമത്തിൽ പിന്നിലായതാണ് ഇവർക്കു തിരിച്ചടിയായത്. അതേസമയം, ഒന്നാം ലൂസേഴ്സ് ഫൈനൽ ജയിച്ച് ഗബ്രിയേൽ മാനം കാത്തു.
പ്രളയത്തിന് കവര്‍ന്നെടുക്കാന്‍ ആകാത്ത ആവേശത്തിര വിതറിയ ആലപ്പുഴ പുന്നമടക്കായലില്‍ ഏറ്റവും അധികം വള്ളങ്ങള്‍ മല്‍സരിച്ച ജലമാമാങ്കമായിരുന്നു അരങ്ങേറിയത്. 25 ചുണ്ടനുകളും വെപ്പ്, ഇരുട്ടുകുത്തി, ചുരുളന്‍, തെക്കനോടി വിഭാഗങ്ങളിലായി 56 ചെറുവള്ളങ്ങളുമാണ് ഇന്ന് പുന്നമടയില്‍ അങ്കത്തിനിറങ്ങിയത്. എല്ലാവര്‍ഷവും തര്‍ക്കങ്ങള്‍ ഉണ്ടാകുന്നതിനാല്‍ ആധുനിക സ്റ്റാര്‍ട്ടിങ്, ഫിനിഷിങ് സംവിധാനങ്ങളും ഇത്തവണത്തെ പ്രത്യേകതയായിരുന്നു.
നേരത്തെ, ഗവർണർ ജസ്റ്റിസ് പി.സദാശിവമാണ് വള്ളംകളി ഉദ്ഘാടനം ചെയ്തത്. തെലുങ്ക് ചലച്ചിത്രതാരം അല്ലു അർജുൻ, ഭാര്യ സ്നേഹ റെഡ്ഡി, കേരള ബ്ലാസ്റ്റേഴ്സ് ടീം അംഗങ്ങൾ എന്നിവർ മുഖ്യാതിഥികളായി. മന്ത്രിമാരായ തോമസ് ഐസക്, ജി.സുധാകരൻ, പി.തിലോത്തമൻ, കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവരും മറ്റു ജനപ്രതിനിധികളും മൽസരം വീക്ഷിക്കാനെത്തി.