കുന്ദമംഗലം:പന്തീർപാടമെന്ന പഴയ പത്താം മൈലിനു വൈകാരികമായൊരു ചേർന്ന് നിൽപ്പുണ്ട് മുസ്ലിം ലീഗുമായി.
നമ്മുടെ ജില്ലയിൽ തന്നെ വടകര താലൂക്കിലെ ചില പ്രദേശങ്ങളെക്കാൾ വലിയ വീറും വാശിയുമാണ് സംഘടനാ പ്രവർത്തന രംഗത്ത് എന്റെ അയൽപക്കക്കാർക്ക്. ഇവിടുത്തുകാരായ നേതാക്കൾ പാർലമെന്ററി അധികാര രംഗത്തും പാർട്ടി പദവികളിലും പലതും നേടി എന്നതോ, നില നിർത്തിയെന്നതോ അല്ല ഈ പ്രദേശത്തെ ഹരിതഭൂപടത്തിൽ കട്ടിയിൽ അടയാളപ്പെടുത്തുന്നത്.
പാർട്ടിയുടെ പ്രതിസന്ധി ഘട്ടങ്ങളിൽ അതിജയിച്ചു വരാൻ ഖുർആൻ നേർച്ചയാക്കി ഓതി തീർത്തു പ്രാർത്ഥിച്ചവർ, ദിക്റും ദുആയുമായി കരുതൽ തീർത്തവർ, അങ്ങിനെ അങ്ങിനെ…….
ഒളോങ്ങൽ ഉസ്സയിൻ സാഹിബിന്റെയും ഒ സലീമിന്റയും വലിയുപ്പ അവരുടെ തറവാട്ട് വീട്ടിൽ വെച്ച് അങ്ങനെ ദുആ ചെയ്യുന്നത് കണ്ടവനാണ് ഞാൻ.
പിന്നെ കുഞ്ഞി കോയക്കാ – വീറുറ്റ പോരാളിയായിരുന്നു, എല്ലാ നിലയിലും -.
പന്തീർപാടത്തെ ആണുങ്ങൾ മാത്രമല്ല പെണ്ണുങ്ങളും ലീഗിനെ അത്രമേൽ സ്നേഹിച്ചവരായിരുന്നു. എന്റെ അയൽവാസിയായിരുന്ന അലീമ്മ താത്തയിൽ നിന്നും ഞാൻ അതു മനസ്സിലാക്കിയിട്ടുണ്ട്. എനിക്ക് നേരിട്ട് അറിയുന്നവരും അല്ലാത്തവരുമായി അങ്ങിനെ ഒട്ടേറെപ്പേർ ആ ഗണത്തിൽ കഴിഞ്ഞു പോയി.
പൂർവ്വകാല പ്രവർത്തകരുടെ പാരമ്പര്യം ആവാഹിച്ച നിസ്വാർത്ഥരായ പ്രവർത്തകരുടെ നിര മുറിയാത്ത കോർത്തു നിൽപ്പാണ് ഈ പ്രദേശത്തെ വ്യത്യസ്ഥമാക്കുന്നത്.
വിഭവങ്ങൾ ആവോളം നേരത്തെ ലഭ്യമായെങ്കിലും സ്വന്തമായൊരു ആസ്ഥാനം വൈകിയതിലെ കുറവുകൾ മറയ്ക്കുന്ന തരത്തിലാണ് പുതിയ ഓഫീസ് എന്നത് ഏറെ അഭിമാനകരമാണ്.
വീട്ടിലേക്ക് വെളിച്ചെണ്ണ വാങ്ങാൻ കൊടുത്തുവിട്ടതിൽ നിന്നും അന്നത്തെ കാലണ നൽകി വടക്കയിൽ കുഞ്ഞി കോയ ഹാജിയുടെ കയ്യിൽ നിന്ന് മുസ്ലീം ലീഗ് മെമ്പർഷിപ്പ് എടുത്ത ഖാലിദ് സാഹിബ് മുതൽ ഭാഗ്യം വരിച്ച UC വരേ.. സമ്പന്നമാണ് പന്തീർപ്പാടം – ലീഡർഷിപ്പിൽ.
ചെറിയ ഉറവയല്ല, കുത്തിയൊലിപ്പാണ് പന്തീർപ്പാടത്തെ ലീഗിന്. അതിനു പാകമായ പ്രഥലമുണ്ടവിടെ.
കൂറ്റൻ പന പൊരിച്ചെടുത്ത് കമാനമുണ്ടാക്കി ലീഗിനു സ്വാഗതമോതിയ മണ്ണാണത്. ലീഗിനെ വെല്ലാൻ വന്നവരെ വേലി കെട്ടി തടഞ്ഞ മണ്ണാണത്. അവിടെ ലീഗിനു വേണ്ടി ജീവിച്ചു മരിച്ച പോരാളികൾ മുദ്രചാർത്താത്ത രക്തസാക്ഷികളാണ്.
പച്ചപ്പതാക നെഞ്ചോടടുക്കി യാത്രയായവരുടെ പിൻമുറക്കാർ നടത്തുന്ന ഓഫീസ് ഉൽഘാടന സമ്മേളനത്തിന് ഹരിതാഭിവാദ്യങ്ങൾ അർപ്പിക്കുന്നു