അൻഫാസ് കാരന്തൂർ
കുന്ദമംഗലം : വിഷുവിന് കണിയൊരുക്കാൻ കണിവെള്ളരികൾ തയ്യാറായി.വിഷുക്കണിയിൽ പ്രഥമ സ്ഥാനമുണ്ട് കണിവെള്ളരിക്ക്.വിഷു പുലരിയിൽ കണികണ്ടുണരുമ്പോൾ കണ്ണിന് കുളിർമയേകുന്ന കാഴ്‌ചയാണ് സ്വർണ പ്രഭയിൽ തിളങ്ങി നിൽക്കുന്ന കണിവെള്ളരികൾ. അതുകൊണ്ടുതന്നെ സ്വർണ വർണത്തിലുള്ള അഴകൊത്ത കണി വെള്ളരികൾക്ക് ഡിമാന്‍റും ഏറെയാണ്.പെങ്ങോട്ടുപുറത്തെ പാടങ്ങളിലാണ് കണിവെള്ളരി വിളവെടുപ്പ് നടത്തി.എടവലത്ത് മമ്മദ് കോയ ഹാജി വർഷങ്ങളായി കണിവെള്ളരി കൃഷി ചെയ്യുന്നുണ്ട്. ജില്ലയിൽ കൂടുതൽ കണിവെള്ളരി കൃഷിചെയ്യുന്നത് പൈങ്ങോട്ടുപുറത്താണ്.രണ്ടരമാസംമുമ്പ് കൃഷിയിറക്കിയ വെള്ളരികളാണ് വിഷുവിപണി ലക്ഷ്യമിട്ട് പറിച്ചെടുക്കുന്നത്.പെരുവയൽ, കുറ്റിക്കാട്ടൂർ,വെള്ളന്നൂർ ഭാഗങ്ങളിലും കൃഷി വ്യാപകമാണ്.പറിച്ചെടുത്ത കണിവെള്ളരികൾ പാളയത്തേക്കും അയൽജില്ലകളിലേക്കും കയറ്റിയയക്കുകയാണ് പതിവ്.പ്രാദേശിക വിൽപ്പനയും നടക്കുന്നുണ്ട്.നേരത്തേ ലോഡ് കണക്കിന് വെള്ളരികളാണ് പൈങ്ങോട്ടുപുറത്തു നിന്ന് കയറ്റിക്കൊണ്ടുപോയിരുന്നത്. പഴയ പ്രതാപമൊന്നും ഇപ്പോഴില്ലെന്ന് കർഷകർ പറയുന്നു.കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് വിളവ് മോശമാണെന്നാണ് 15 വർഷമായി കണിവെള്ളരി കൃഷിചെയ്യുന്ന എടവലത്ത് മമ്മദ്ഹാജി പറയുന്നത്. ആളുകൾ ഈ രംഗത്തേക്ക് വരുന്നില്ല.നേരത്തേ പൈങ്ങോട്ടുപുറത്തുതന്നെ 20-ലധികം കർഷകർ കണിവെള്ളരി കൃഷിയിറക്കിയിരുന്നു. ഈ വർഷം നാമമാത്രമായ കർഷകരാണ് കൃഷിയിറക്കിയത്.കിലോഗ്രാമിന് 50 രൂപയെങ്കിലും കിട്ടിയാലേ കൃഷി ലാഭകരമാകൂ എന്നും ഇദ്ദേഹം പറയുന്നു.കഴിഞ്ഞ വർഷത്തെ സാമ്പത്തിക പ്രതിസന്ധി കാരണം പകുതിയോളം പേർ ഇത്തവണ കൃഷി ഇറക്കിയിട്ടില്ല.