കുന്ദമംഗലം : നിറപുഞ്ചിരിയോടെ വിദ്യാഭ്യാസ-മത- സംസ്കാരിക രംഗത്ത് നിറഞ്ഞുനിന്നിരുന്ന കാരന്തൂർ കോണോട്ട് ബഷീർ മാസ്റ്ററുടെ ആകസ്മികമായ വിയോഗത്തിലൂടെ സമൂഹത്തിന് നഷ്ടമായത് ഏവർക്കും പ്രിയങ്കരനായ ഒരു പൊതുസേവകനെയാണ്. അധ്യാപന മേഖലയിലും സംഘടനാ രംഗത്തും മതവേദികളിലും അദ്ദേഹത്തിന്റെ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടുന്നതാണ്.അസുഖബാധിതനായി കുറഞ്ഞ ദിവസം രോഗശയ്യയിലായ അദ്ദേഹം തലേദിവസം വരെ തന്റെ സൗഹൃദബന്ധത്തിലെ നാനാതുറകളിലുള്ള വ്യക്തികളെയും പണ്ഡിതന്മാരെയും ബന്ധപ്പെട്ട് സൗഹൃദം പുതുക്കുകയും പ്രാർത്ഥനയ്ക്ക് അഭ്യർത്ഥിക്കുകയും ചെയ്താണ് യാത്രയായത്. സമസ്തയെയും നേതാക്കന്മാരെയും അതിരറ്റ് സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന അദ്ദേഹം സമസ്തയുടെ കീഴ്ഘടകങ്ങളിലെല്ലാം തന്റെ സാന്നിധ്യം ഉറപ്പുവരുത്തിയിരുന്നു. എസ്.വൈ.എസ് എലത്തൂർ മണ്ഡലം ജോ.സെക്രട്ടറി,എസ്.ഇ.എ മണ്ഡലം സെക്രട്ടറി,എസ്.വൈ.എസ് കോണോട്ട് ശാഖ സെക്രട്ടറി തുടങ്ങി സ്ഥാനങ്ങൾ വഹിക്കവെയാണ് അദ്ദേഹം വിട പറയുന്നത്. കാരന്തൂർ എ.എം.എൽ. പി സ്കൂളിൽ ദീർഘകാലം അറബിക് അധ്യാപകനായിരുന്ന അദ്ദേഹം കെ.എ.ടി.എഫി ന്റെ ഉപജില്ല-ജില്ലാ- സംസ്ഥാന കമ്മിറ്റികളിൽ നേതൃത്വപരമായ സ്ഥാനങ്ങൾ വഹിച്ചു.റിട്ടയേർഡ് അറബി അധ്യാപക സംഘടനയായ ആർ.എ.ടി.എഫിന്റെ ഉപജില്ലാ കോർഡിനേറ്റർ ആയിരുന്നു അദ്ദേഹം.ഒരു നല്ല കളരി അഭ്യാസിയും മർമ്മ ചികിത്സകനുമായിരുന്ന അദ്ദേഹം ചൂരക്കൊടി കളരി സംഘത്തിന്റെ കീഴിൽ വിവിധ വേദികളിൽ കളരി പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.പ്രസ്തുത സംഘത്തിൻെറ പൂർവവിദ്യാർത്ഥി സംഘടന ജോ- സെക്രട്ടറിയായിരുന്നു അദ്ദേഹം.ഹാജിമാർക്കാവശ്യമായ സേവനങ്ങളുമായി കേരള ഹജ്ജ് കമ്മിറ്റിയുടെ കീഴിൽഎലത്തൂർ മണ്ഡലം ഫീൽഡ് ട്രെയിനറായി സേവനം നൽകി വരുകയായിരുന്നു. കോണോട്ട് മഹല്ല് കമ്മിറ്റി അംഗമായ ബഷീർ മാസ്റ്റർ തൻറെ നാട്ടിലെ ദീനിസംരംഭങ്ങളിലെ നിറസാന്നിധ്യമായിരുന്നു.മഹല്ലിൽ നടന്നുവരുന്ന പലിശരഹിതനിധിക്ക് തുടക്കം കുറിക്കുന്നതിൽ അദ്ദേഹത്തിൻ്റെ സാന്നിധ്യം മറക്കാനാവാത്തതാണ്.അധ്യാപന ജീവിതത്തിനു ശേഷം പാഴൂർ ദാറുൽ ഖുർആൻ ഓഫീസുമായി ബന്ധപ്പെട്ട് സേവനം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. കോണോട്ട് മഹല്ല് ജുമാമസ്ജിദിൽ നടന്ന ജനാസ നമസ്കാരത്തിന് സമസ്ത കേന്ദ്ര മുശാവറ അംഗം ഒളവണ്ണ അബൂബക്കർ ദാരിമി ഉസ്താദ് നേതൃത്വം നൽകി.സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ,സയ്യിദ് മുബഷിർ ജമലുല്ലൈലി തങ്ങൾ,സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ,ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി,കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ,സമസ്ത മാനേജർ കെ.മോയിൻകുട്ടി മാസ്റ്റർ,നാസർ ഫൈസി കൂടത്തായ്,’
ഷാഹിർ കുട്ടമ്പൂർ , മുസ്ലീം ലീഗ് ലീഗ് ജില്ലാ സെക്രട്ടറി .മജീദ് മാസ്റ്റർ കൊടുവള്ളി, അകിനാരി മുഹമ്മദ്, സി. അബ്ദുൽ ഗഫൂർ , റഷീദ് ഫൈസി വെള്ളായിക്കോട്,ഫൈസൽ ഫൈസി മടവൂർ,ഹജ്ജ് കമ്മിറ്റി സ്റ്റേറ്റ് കോഡിനേറ്റർ ബാപ്പു ഹാജി കുന്നമംഗലം,തുടങ്ങി മത സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖവ്യക്തിത്വങ്ങൾ,സമസ്തയുടെയും കീഴ് ഘടകങ്ങളുടെയും നേതാക്കൾ,സഹപാഠികൾ തുടങ്ങി വൻ ജനാവലിയാണ് മരണാനന്തര കർമ്മങ്ങളിൽ പങ്കെടുക്കാനെത്തിയത്.