നാസർ കാരന്തൂർ
ഉന്നതങ്ങളിലെ തമ്മിലടിയില്‍ നിലയില്ലാ കയത്തിലേക്ക് താണ ഇന്ത്യന്‍ വോളിബോളിനെ രക്ഷിക്കാനുള്ള വഴികള്‍ തേടി പാറ്റേണ്‍ കാരന്തുര്‍ സംഘടിപ്പിച്ച വോളിബോള്‍ സെമിനാര്‍ പ്രമുഖരുടെ സാന്നിദ്ധ്യത്തിലും ഉന്നതമായ ചര്‍ച്ചകളിലും ശ്രദ്ധ നേടി. ഇന്ത്യന്‍ വോളിബോളിലെ പ്രതീക്ഷകളും പ്രതിസന്ധിയും എന്ന വിഷയത്തില്‍ ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മൂന്ന് മണിക്കൂര്‍ വിശാല ചര്‍ച്ചയില്‍ ഇന്ത്യന്‍ വോളിയിലെ എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു. ലോക വോളിബോള്‍ ഫെഡറേഷന്റെ അംഗീകാരം നഷ്ടമായി ഇന്ത്യന്‍ വോളിബോള്‍ ഫെഡറേഷന്‍ ഇരുട്ടില്‍ നില്‍ക്കുമ്പോള്‍ കേരളാ വോളിബോള്‍ അസോസിയേഷനിലെ തമ്മിലടിയില്‍ നാഷണല്‍ ഗെയിംസില്‍ പോലും കളിക്കാര്‍ക്ക് അവസരം കിട്ടാത്ത കാര്യങ്ങള്‍ വരെ ഗൗരവതരം ചര്‍ച്ച ചെയ്യപ്പെട്ടു. ഗോവയില്‍ നടന്ന ദേശീയ ഗെയിംസില്‍ വോളിബോള്‍ മല്‍സര ഇനമായിരുനനില്ല. കേരളാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംസ്ഥാന വോളി അസോസിയേഷനെ അംഗീകരിക്കാത്ത സാഹചര്യത്തില്‍ പ്രാദേശിക തലത്തില്‍ പോലും മല്‍സരങ്ങള്‍ നടക്കുന്നില്ല. കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്കുകള്‍ ലഭിക്കുന്നില്ല. ഔദ്യോഗിക രംഗത്തെ തമ്മിലടിയില്‍ എല്ലാവര്‍ക്കും അവസരം നഷ്ടമാവുമ്പോള്‍ വോളിബോള്‍ എന്ന ഗെയിം തന്നെ അന്യം നില്‍ക്കുകയാണെന്ന് സെമിനാറില്‍ പങ്കെടുത്ത പ്രമുഖര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ ഫുട്‌ബോള്‍ കഴിഞ്ഞാല്‍ ഒരു കാലത്ത് വോളിബോളായിരുന്നു ജനപ്രിയ ഗെയിം. പക്ഷേ ഇന്ന് വോളിബോള്‍ ഭരണത്തിലെ കെടുകാര്യസ്ഥതയില്‍ ലോക റാങ്കിംഗില്‍ പോലും വളരെ പിന്നോക്കം പോയ അവസ്ഥയിലാണ്.
ഇന്ത്യന്‍ വോളിബോള്‍ ഫെഡറേഷന്റെ അച്ചടക്കമില്ലായ്മയാണ് രാജ്യാന്തര തലത്തില്‍ ഇന്ത്യന്‍ വോളിബോള്‍ ഒറ്റപ്പെടാന്‍ കാരണമായതെന്ന് ജിമ്മി ജോര്‍ജിന്റെ സഹോദരന്‍ സെബാസ്റ്റിയന്‍ ജോര്‍ജ് അഭിപ്രായപ്പെട്ടു. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണമെങ്കില്‍ ലോക ഫെഡറേഷന്റെ അംഗീകാരം ആദ്യം സ്വന്തമാക്കണം. അതിനായി തങ്ങള്‍ക്കിടയിലെ രാഷ്ട്രീയം അവസാനിപ്പിച്ച് വോളിബോള്‍ ഫെഡറേഷന്‍ ഭാരവാഹികള്‍ സത്യസന്ധമായി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ കേരളാ വോളിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പത്ത് മിനുട്ട് മാത്രം മതിയെന്നായിരുന്നു വോളിബോള്‍ ഫെഡറേഷന്‍ നേതാവ് നാലകത്ത് ബഷീര്‍ അഭിപ്രായപ്പെട്ടത്. എന്തിനാണ് സംസ്ഥാന വോളിബോള്‍ അസോസിയേഷന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകാരം നിഷേധിച്ചത് എന്നത് ഇപ്പോഴും അറിയില്ല. പ്രൈം വോളിയുടെ വരവാണ് ഇന്ത്യന്‍ വോളിയില്ലെ പ്ര്ശനങ്ങള്‍ക്ക് തുടക്കമിട്ടതെന്നും അദ്ദേഹം പറഞ്ഞു. കേരളാ സ്‌പോര്‍ടസ് കൗണ്‍സില്‍ നേതൃത്വം മനസ് തുറന്നാല്‍ കേരളത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് അസോസിയേഷമന്‍ സെക്രട്ടറി സത്യനും അഭിപ്രായപ്പെട്ടു. ജിമ്മി ജോര്‍ജ്ജിനൊപ്പം രാജ്യത്തിനായി കളിച്ച സഹോദരന്‍ ജോസ് ജോര്‍ജും അസോസിയേഷന്‍ രാഷ്ട്രീയമാണ് പിന്നാക്കാവസ്ഥാക്ക് കാരണമെന്ന് കുറ്റപ്പെടുത്തി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ രാഷ്ട്രീയമാണ് ആദ്യം അവസാനിപ്പിക്കേണ്ടത്. സ്വന്തം രാഷ്ടീയക്കാര്‍ക്കുളള ഇരിപ്പിടമാവരുത് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നേതൃത്വമെന്ന് രാജ്യാന്തര റഫറി അരുണാചലം പറഞ്ഞപ്പോള്‍ തന്നെ വേട്ടയാടിയ അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ രേഖാസഹിതം തുറന്നടിച്ചു മുന്‍ ഇന്റര്‍നാഷണല്‍ കിഷോര്‍ കുമാര്‍. സത്യസന്ധമായി അഭിപ്രായങ്ങള്‍ പറഞ്ഞതിന്റെ പേരിലാണ് എന്നെ വേട്ടയാടിയത്. സാമുഹ്യ മാധ്യമങ്ങളിലുടെ ആക്രമിച്ചു. പക്ഷേ ഇപ്പോഴും താന്‍ വോളിയെ നെഞ്ചിലേറ്റുന്നു. ദിവസവും പരിശീലനം നടത്തുന്നു. എല്ലാവര്‍ക്കും സൗജന്യ പരിശീലനം നല്‍കുന്നു. തമ്മിലടി അവസാനിപ്പിച്ചാല്‍ ലോക വോളിയില്‍ ഇപ്പോഴും ഇന്ത്യക്ക് സ്ഥാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തൃശൂര്‍ വോളിബോള്‍ അസോസിയേഷൻ പ്രസിഡണ്ട് ശിവകുമാർ, ഗ്രാമവോളി പ്രസിഡണ്ട് ഷെരിഫ് തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു. രാജ്യാന്തര കായിക ലേഖകന്‍ കമാല്‍ വരദൂര്‍ മോഡറേറ്ററാിരുന്നു. പ്രശ്‌ന പരിഹാരത്തിന് പാറ്റോണ്‍ മുന്‍കൈ എടുക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ജിമ്മി ജോര്‍ജ് എന്ന വിഖ്യാതന്റെ സ്മരണകളിലുളള ഇന്ത്യന്‍ വോളി നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ എല്ലാവരും വ്യക്തിരാഷ്ട്രിയവും താല്‍പ്പര്യവും മറന്ന് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് ഉയര്‍ത്തിപ്പിടിച്ച് രംഗത് വരണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ഒ.രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. നാസര്‍ കാരന്തൂര്‍ അധ്യക്ഷനായിരുന്നു. ടി.പി ദാസന്‍, സൂര്യ അബ്ദുള്‍ ഗഫൂര്‍, എ.മുസഹാജി, പി.കെ ബാപ്പുഹാജി, സി.യൂസഫ്, പി,ശ്രീനു, ടി.പി നിധീഷ്, പി.ഹസന്‍ ഹാജി എന്നിവരും സംസാരിച്ചു. നൂറ്കണക്കിന് വോളിപ്രിയരും കായിക വിദ്യാര്‍ത്ഥികളും പങ്കെടുത്തു.