
കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ എം.എല്‍.എയുടെ ഫണ്ടില്‍ നിന്ന് അനുവദിച്ച 11 മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലിജി പുല്‍ക്കുന്നുമ്മല്‍ അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം മിനി സിവില്‍സ്റ്റേഷന്‍ പരിസരം, പണിക്കരങ്ങാടി, നൊച്ചിപൊയില്‍, ചെത്തുകടവ് മിനി, മേലെകുരിക്കത്തൂര്‍, മാങ്കുനിതാഴം ജംഗ്ഷന്‍, കൊളായിതാഴം, മനത്താനത്ത് അന്നപൂര്‍ണേശ്വരി ക്ഷേത്ര പരിസരം, കുറ്റിക്കാട്ടൂര്‍ കാനറാ ബാങ്ക് ജംഗ്ഷന്‍, പിലാശ്ശേരി റോഡ് ജംഗ്ഷൻ, മർകസ് ബസ് സ്റ്റോപ്പ് എന്നിവിടങ്ങളില്‍ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റുകളാണ് എം.എല്‍.എ ഉദ്ഘാടനം ചെയ്തത്.

എം.എല്‍.എയുടെ ഫണ്ടില്‍ നിന്ന് അനുവദിച്ച 29.60 ലക്ഷം രൂപ ചെലവില്‍ കുന്ദമംഗലം മണ്ഡലത്തില്‍ 21 ലൈറ്റുകളാണ് പുതുതായി സ്ഥാപിച്ചിട്ടുളളത്. ഇവയില്‍ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥാപിച്ച 11 ലൈറ്റുകള്‍ക്ക് പുറമെ മാവൂര്‍ ഗ്രാമപഞ്ചായത്തിലെ ചെറൂപ പൊക്കിണാത്ത് അമ്പലം, പള്ളിയോള്‍ ഡിപ്പോ റോഡ്, മാവൂര്‍ പോലീസ് സ്റ്റേഷന്‍ പരിസരം, ചാത്തമംഗലം പഞ്ചായത്തിലെ പാറക്കണ്ടി, വെസ്റ്റ് പാഴൂര്‍, മുണ്ടോട്ട്പൊയില്‍, അരയങ്കോട്, പെരുവയൽ ഗ്രാമപഞ്ചായത്തിലെ കുറ്റിക്കാട്ടൂർ എം.എൽ.എ റോഡ് ജംഗ്ഷൻ, പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ പന്നിയൂര്‍കുളം, ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ പൂളേങ്കര എന്നിവിടങ്ങളിലും പുതിയ ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി, ബ്ലോക്ക് മെമ്പർമാരായ എൻ ഷിയോലാൽ, പി ശിവദാസൻ നായർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അനിൽകുമാർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസൺ യു.സി പ്രീതി, മെമ്പർമാരായ ലീന വാസുദേവൻ, ജസീല ബഷീർ, സജിത ഷാജി, പി കൗലത്ത്, ഷാജി ചോലക്കൽമീത്തൽ എന്നിവരും എം.എം സുധീഷ് കുമാർ, എം.പി ശിവാനന്ദൻ, എൻ വേണുഗോപാലൻ നായർ തുടങ്ങിയവരും സംസാരിച്ചു.
