കോഴിക്കോട്: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പറഞ്ഞ കാര്യം മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സ്ത്രീപുരുഷ സമത്വത്തിന് വേണ്ടിയാണ് രാഹുല്‍ഗാന്ധി നിലകൊള്ളുന്നത്. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യങ്ങള്‍ രാഹുല്‍ഗാന്ധിയുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ആ സമയത്ത് കേരളഘടകത്തിന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നാണ് അദ്ദേഹം അറിയിച്ചത്. രാഹുല്‍ഗാന്ധി അദ്ദേഹത്തിന്റെ അഭിപ്രായമാണ് പറഞ്ഞത്. ഗാന്ധിയും നെഹ്‌റുവും വിശ്വാസങ്ങള്‍ക്ക് വേണ്ടിയാണ് നിലകൊണ്ടത്. ശാബാനു കേസില്‍ രാജീവ്ഗാന്ധിക്ക് നിലപാട് തിരുത്തി നിയമ നിര്‍മാണം നടത്തേണ്ടി വന്നിട്ടുണ്ട്. പാര്‍ട്ടി വിശ്വാസികള്‍ക്കൊപ്പമാണെന്ന കാര്യം കോണ്‍ഗ്രസിന്റെ ചരിത്രം പരിശോധിച്ചാല്‍ മനസിലാകും. പാര്‍ട്ടിക്ക് അതിന്റെ പ്രഖ്യാപിത നിലപാടും നയവുമുണ്ട്. അതത് പ്രാദേശികമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന നേതൃത്വത്തിന് ദേശീയ നേതൃത്വത്തിന്റെ അനുമതിയുണ്ട്. അത് കൊണ്ട് പാര്‍ട്ടി എന്നും വിശ്വാസികള്‍ക്കൊപ്പമാണ്. ശബരിമല പോലുള്ള വൈകാരികമായ വിഷയത്തില്‍ കൂട്ടായരീതിയിലൂടെ മാത്രമേ കോണ്‍ഗ്രസ് തീരുമാനമെടുക്കുകയുള്ളൂ. വ്യക്തിപരമായ നിലപാടുകള്‍ക്ക് ഇവിടെ സ്ഥാനമില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.