കുന്ദമംഗലം: കാരന്തൂർ മർകസ് ഐടിഐ ആൻഡ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യുട്ടിൽ നിന്നും 2019-2021 അധ്യയന വർഷം പഠനം പൂർത്തിയാക്കിയിറങ്ങിയ മുഴുവൻ വിദ്യാർഥികൾക്കും പ്ളേസ്മെന്റ് കരസ്ഥമായി. വിദേശത്തെയും സ്വദേശത്തെയും വിവിധ ഉന്നത കമ്പനികളിലും സ്ഥാപനങ്ങളിലും ജോലിനേടിയ പ്രസ്തുത വിദ്യാർഥികൾക്കുള്ള കോൺവൊക്കേഷനും അനുമോദന ചടങ്ങും നടന്നു. കേരള ഗവൺമെന്റ് സർട്ടിഫൈഡ് എക്‌സാമിനേഷൻസ് എഞ്ചിനീയറിങ് (കെ.ജി.സി.ഇ), നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിങ്(എൻ.സി.വി.ടി) എന്നിവക്ക് കീഴിലുള്ള 11 കോഴ്‌സുകളിലായി നാനൂറോളം വിദ്യാർഥികളാണ് കഴിഞ്ഞവർഷം പഠനം പൂർത്തിയാക്കിയത്.
മെക്കാനിക്കൽ ഡീസൽ, ഇലക്ട്രോണിക് മെക്കാനിക്, ഓട്ടോമൊബൈൽ എഞ്ചിനീയറിങ്, എസി മെക്കാനിക്, ഇലക്ട്രിക്കൽ എഞ്ചിനിയറിങ്, സിവിൽ, മെക്കാനിക്കൽ എഞ്ചിനീയറിങ്, ഇൻഫർമേഷൻ ടെക്‌നോളജി തുടങ്ങിയ കോഴ്‌സുകൾ പൂർത്തിയാക്കിയ വിദ്യാർഥികളിൽ മിക്കപേരും ഭാരത് ബെൻസ്, ഐ.എഫ്.ബി, വോൾട്ടാസ്, സോണി, മിസ്തുബിഷി, ഗോദ്‌റെജ് എന്നീ കമ്പനികളിൽ പ്ളേസ്മെൻറ് നേടി. കൂടാതെ സംസ്ഥാനത്തെ പ്രമുഖ വാഹന വിപണന ഷോറുമുകളിലും സർവീസ് സെന്ററുകളിലും ഇവിടെ പഠിച്ച വിദ്യാർഥികൾ സേവനം ചെയ്യുന്നു. മെക്കാനിക്, ഓട്ടോമൊബൈൽ, ഐ ടി മേഖലകളിൽ സ്വയം സംരംഭം ആരംഭിച്ചും പൂർവ്വവിദ്യാർഥികൾ വിജയകരമായി മുന്നോട്ടുപോവുന്നു.
പഠനാനുബന്ധമായി വിവിധ പരീക്ഷണങ്ങളും ഇലക്ട്രോണിക്-വാഹന നിർമാണങ്ങളും നടത്തിയും വിദ്യാർഥികൾ മികവ് തെളിയിക്കാറുണ്ട്. പ്രളയ കാലത്ത് സംസ്ഥാനത്തെ അഞ്ചോളം കേന്ദ്രങ്ങളിൽ ഇലക്രോണിക്സ് മെക്കാനിക് ക്യാമ്പുകൾ സംഘടിപ്പിച്ചും കോഴിക്കോട് മെഡിക്കൽ കോളേജ് ഓപ്പറേഷൻ തീയേറ്ററിലെ ഉപയോഗശൂന്യമായ എസികൾ നവീകരിച്ചും സാമൂഹ്യപ്രവർത്തന രംഗത്തും സജീവമാണ് ഐ ടി ഐ വിദ്യാർഥികൾ.
മർകസ് ഐ ടി ഐ ഓഡിറ്റോറിയത്തിൽ നടന്ന കോൺവൊക്കേഷൻ സംഗമം മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. അറിവില്ലായ്മയും തൊഴിലില്ലായ്മയുമാണ് സമൂഹം നേരിടുന്ന എല്ലാ പ്രശ്‍നങ്ങളുടെയും അടിസ്ഥാന കാരണമെന്നും അറിവുനേടി തൊഴിൽ ചെയ്യുന്നതിലൂടെ സമൂഹപുരോഗതിയുടെ ഭാഗമാവുകയാണ് ഓരോ മനുഷ്യനെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദലി സഖാഫി വള്ള്യാട്, പ്രിൻസിപ്പൽ എൻ മുഹമ്മദലി, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ വി എം റഷീദ് സഖാഫി, അബ്ദുറഹിമാൻ മാസ്റ്റർ, അസീസ് സഖാഫി, സജീവ് മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു