മലപ്പുറം : വഖഫ് നിയമന വിവാദത്തില്‍ പ്രക്ഷോഭം കടുപ്പിക്കാന്‍ മുസ്‌ലിം ലീഗ്. വ്യാഴാഴ്ച കോഴിക്കോട്ട് നടക്കുന്ന വഖഫ് സംരക്ഷണ റാലി വിജയിപ്പിക്കാന്‍ വന്‍ ഒരുക്കങ്ങളാണ് ലീഗ് നേതൃത്വത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്നത്.
മുഖ്യമന്ത്രിയുടെ ഉറപ്പ് ചൂണ്ടിക്കാട്ടി പള്ളികളിലടക്കം നടത്താന്‍ തീരുമാനിച്ചിരുന്ന സര്‍ക്കാരിനെതിരായ കടുത്ത പ്രതിഷേധങ്ങളില്‍ സമസ്ത പിന്മാറിയതിനു പിറകെയാണ് ലീഗിന്റെ പുതിയ നീക്കം.
റാലിയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതിക്ക് ഇന്നു ചേര്‍ന്ന ലീഗ് നേതൃയോഗം രൂപം നല്‍കി. ഒന്‍പതിന് വൈകീട്ട് നാലിന് കോഴിക്കോട് കടപ്പുറത്ത് സമ്മേളനം ആരംഭിക്കും. സമ്മേളനത്തിന്റെ വിജയത്തിനായി മലബാറിലെ ജില്ലകളില്‍ തിങ്കളാഴ്ച ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങളുടെയും പോഷക സംഘടനാ പ്രതിനിധികളുടെയും യോഗം ചേരും. സംസ്ഥാന പ്രതിനിധികളായി ഡോ. എം.കെ മുനീര്‍ (മലപ്പുറം), ആബിദ് ഹുസൈന്‍ തങ്ങള്‍ (കോഴിക്കോട്), അബ്ദുറഹ്‌മാന്‍ കല്ലായി (കാസര്‍കോട്്), എന്‍.എ നെല്ലിക്കുന്ന്(കണ്ണൂര്‍), സിപി ചെറിയ മുഹമ്മദ് (വയനാട്), അബ്ദുറഹ്‌മാന്‍ രണ്ടത്താണി (പാലക്കാട്) എന്നിവര്‍ വിവിധ യോഗങ്ങളില്‍ പങ്കെടുക്കും.
മണ്ഡലം-പഞ്ചായത്തുതല യോഗങ്ങളും നടക്കും. കോഴിക്കോട് ജില്ലയില്‍ നാളെ മണ്ഡലം കമ്മിറ്റി യോഗങ്ങളും തിങ്കളാഴ്ച പഞ്ചായത്തുതല യോഗങ്ങളും നടക്കും. മലപ്പുറത്ത് തിങ്കളാഴ്ച മണ്ഡലംതല യോഗങ്ങളും ഏഴിന് പഞ്ചായത്തുതല യോഗങ്ങളും വിളിച്ചുചേര്‍ത്തിട്ടുണ്ട്. മുസ്‌ലിം നേതൃസമിതി തീരുമാനിച്ച ചൊവ്വാഴ്ചത്തെ പഞ്ചായത്ത്-മുനിസിപ്പല്‍ തല പ്രതിഷേധ സംഗമങ്ങളും റാലികളും വന്‍വിജയമാക്കാനും തീരുമാനമുണ്ട്.
യോഗം ഉന്നതാധികാര സമിതി അംഗം കെപിഎ മജീദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് എം.സി മായിന്‍ ഹാജി അധ്യക്ഷനായി. ഡോ. എം കെ മുനീര്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് അഡ്വ. പിഎംഎ സലാം, സംസ്ഥാന സെക്രട്ടറിമാരായ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, അബ്ദുറഹ്‌മാന്‍ കല്ലായി, അബ്ദുറഹ്‌മാന്‍ രണ്ടത്താണി, കെഎം ഷാജി, സിപി ചെറിയ മുഹമ്മദ് അടക്കമുള്ള നേതാക്കള്‍ സംബന്ധിച്ചു.