മുസ്ലീം സമുദായത്തിന്റെ കൂടി വോട്ടു വാങ്ങി അധികാരത്തിലേറിയ ശേഷമാണ് ഇവരുടെ മുസ്ലീം വിരോധം
മലപ്പുറം: അധികാരത്തിലേറിയ ശേഷം ഇടതു സർക്കാർ മുസ്ലീം സമുദായത്തോട് വൈരാഗ്യത്തോടെയാണ് പെരുമാറുന്നതെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഇൻ ചാർജ്ജ് പി.എം.എ സലാം.മുസ്ലീം സമുദായത്തിന്റെ കൂടി വോട്ടു വാങ്ങി അധികാരത്തിലേറിയ ശേഷമാണ് ഇവരുടെ മുസ്ലീം വിരോധം. പൗരത്വ ബില്ലുമായി ബന്ധപ്പെട്ട സമരങ്ങൾ നടത്തിയവർക്കെതിരെ സർക്കാർ എടുത്ത കേസുകൾ പിൻവലിക്കാൻ തയാറായില്ല. വഖഫ് ബോർഡ് നിയമനങ്ങൾ പി എസ് സി ക്ക് വിട്ടു. പക്ഷെ പതിനായിരം തസ്തികയുള്ള ദേവസ്വം ബോർഡ് നിയമനം പി എസ് സി വിട്ടതുമില്ല. ഇത് ഇരട്ടത്താപ്പാണ്. വഖഫ് ബോർഡിലേക്ക് പ്രത്യക റിക്രൂട്ടിങ് ഏജൻസിയെ നിയമിക്കാത്തത് എന്തുകൊണ്ടെന്ന് വ്യക്താമക്കണം. ന്യൂനപക്ഷ സ്കോളർഷിപ്പ് പോലെ അവസാനം മുസ്ലീം സമൂഹത്തിന് എതിരായ നിയമമാകും വഖഫ് നിയമനങ്ങളും. മുസ്ലീങ്ങൾക്ക് മാത്രമേ വഖഫ് ബോർഡിൽ നിയമനം നൽകാവൂ എന്ന തീരുമാനം നിയമപ്രകാരം നടപ്പാവില്ല. പി എസ് സി വഴിയാകുമ്പോൾ ഭാവിയിൽ മറ്റു മതസ്തർക്ക് കൂടി നിയമനം നൽകേണ്ടി വരും. മുസ്ലീം വിഭാഗത്തെ തകർക്കാൻ എ.കെജി സെന്ററിൽ പ്രത്യേക സെൽ പ്രവർത്തിക്കുന്നുണ്ട്. വഖഫ് നിയമനങ്ങൾ പി എസ് സിക്ക് വിടാനുള്ള തീരുമാനത്തിന് എതിരെ നിയമ നടപടികൾ മുസ്ലീം ലീഗ് ആരംഭിക്കും. മുസ്ലീം സംഘടനകളുടെ യോഗം വിളിച്ചു ചേർക്കും. എല്ലാ മുസ്ലീം സംഘടനകളുമായി ചർച്ച ചെയ്ത് ഉചിത തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു