കുന്ദമംഗലം ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സ്ഥാപിച്ച ജലഗുണനിലവാര ലാബ് പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എ യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 1.7 ലക്ഷം രൂപ ചെലവിലാണ് ലാബ് സംവിധാനം ഒരുക്കിയിട്ടുള്ളത്. കുറഞ്ഞ നിരക്കില്‍ പ്രാഥമിക ജലഗുണനിലവാര പരിശോധനാ സൗകര്യം പ്രാദേശികമായി തന്നെ ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഹരിത കേരള മിഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
ജലശുദ്ധിയുമായി ബന്ധപ്പെട്ട് ഈ ലാബുകളില്‍ പ്രധാനമായി പരിശോധിക്കുന്നത് ജലത്തിന്‍റെ നിറം, ഗന്ധം, പി.എച്ച് മൂല്യം, വൈദ്യുത ചാലകത, ലവണ സാന്നിധ്യം, ലയിച്ചു ചേര്‍ന്ന ഖരപദാര്‍ത്ഥങ്ങളുടേയും നൈട്രജന്‍റേയും അമോണിയയുടേയും അളവ്, കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം എന്നിവയാണ്. ജലഗുണനിലവാര പരിശോധന നടത്തുന്നത് സംബന്ധിച്ച് കെമിസ്ട്രി അദ്ധ്യാപകര്‍ക്കും ലാബ് അസിസ്റ്റന്‍റ്മാര്‍ക്കും ഹരിത കേരളമിഷന്‍റെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്.
കുന്ദമംഗലം നിയോജകമണ്ഡലത്തില്‍ കുന്ദമംഗലം ഹയര്‍ സെക്കന്‍ററി സ്കൂളിന് പുറമെ ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ഇരിങ്ങല്ലൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലും ജലഗുണനിലവാര പരിശോധനാ ലാബ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്.
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലിജി പുല്‍ക്കുന്നുമ്മല്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബാബു നെല്ലൂളി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം. ധനീഷ് ലാല്‍, ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ചന്ദ്രന്‍ തിരുവലത്ത്, മെമ്പര്‍ പി കൗലത്ത്, പ്രിന്‍സിപ്പല്‍ ഒ കല, ഹെഡ്മാസ്റ്റര്‍ വി പ്രേമരാജന്‍, പി.ടി.എ പ്രസിഡന്‍റ് ടി ജയപ്രകാശന്‍, പി.ആർ ലേഖ സംസാരിച്ചു. ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി പ്രകാശ് സ്വാഗതവും ടി രാജ് നാരായണൻ നന്ദിയും പറഞ്ഞു.