കുന്ദമംഗലം. ഇന്ത്യയിലെ രാഷ്ട്രീയ ചരിത്രത്തില്‍ മുസ്ലിം ലീഗ് നല്‍കിയ സംഭാവനകളും പ്രവര്‍ത്തനങ്ങളും സ്വയം പഠിക്കേണ്ടതും മറ്റുള്ളവര്‍ക്ക് പറഞ്ഞ് കൊടുക്കേണ്ടതും കാലഘട്ടത്തിന്‍റെ അനിവാര്യതയാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് പി ഇസ്മായില്‍ പറഞ്ഞു. കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി ആരംഭിച്ച രാഷ്ട്രീയ പഠന വേദി റിസര്‍ച്ച് ഫോര്‍ ഗ്രീന്‍ ഇന്നൊവേഷന്‍ (ആര്‍ ജി ഐ) വയനാട് പനമരത്ത് സംഘടിപ്പിച്ച ദ്വിദിന റസിഡന്‍ഷ്യല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. ആനുകാലിക രാഷ്ട്രീയ വിഷയങ്ങള്‍ പഠിക്കുവാനും കൃത്യമായി ഇടപെടാനും കഴിയുന്ന യുവത വളര്‍ന്ന വരേണ്ടതുണ്ടെന്നും അദ്ധേഹം സൂചിപ്പിച്ചു. നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്‍റ് ഒ എം നൗഷാദ് അദ്ധ്യക്ഷനായിരുന്നു.
മുസ്‌ലിം ലീഗ് പ്രസ്ഥാനത്തെ ആധുനിക കാലത്തിനൊത്ത് വായിക്കുന്നതിനും വ്യാഖ്യാനിക്കുന്നതിനും പ്രായോഗിക രാഷ്ട്രീയത്തിന്റെ വശങ്ങൾ പരിശീലിക്കുന്നതിനും ലീഗിന്റെ തനത് സംസ്‌കാര, പാരമ്പര്യങ്ങളിൽ ഉറച്ചു നിന്ന് വിശകലനം ചെയ്യുന്നതിനും പുതു തലമുറയെ സജ്ജമാക്കുകയെന്ന ലക്ഷ്യത്തോടെ കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ആവിഷ്കരിച്ച രാഷ്ട്രീയ പഠന വേദിയാണ് ആര്‍ ജി ഐ.
രജിസ്ട്രേഷന്‍ ചെയ്തവരില്‍ നിന്നും പ്രത്യേകം തിരഞ്ഞെടുത്ത മുപ്പത് പഠിതാക്കളെ ഉള്‍കൊള്ളിച്ച് കൊണ്ടുള്ള അഞ്ച് മാസത്തെ കോഴ്സ് ആണ് ആര്‍ ജി ഐ മുഖേന നല്‍കുന്നത്. പേഴ്സണാലിറ്റി ഡെവലപ്മെന്‍റ്, പബ്ലിക് സ്പീകിംഗ്, ലീഡർഷിപ്, പൊളിറ്റിക്കൽ ക്ലാസ്സ്, തുടങ്ങിയ മോഡ്യൂളുകൾ ഉൾപ്പെടുത്തിയാണ് ട്രൈനേഴ്സ് ട്രെയിനിങ് ഒരുക്കുന്നത്. 5 മാസത്തെ ഈ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. റെസിഡൻഷ്യൽ ക്യാമ്പ്, ഏകദിന ക്യാമ്പ്, ഫീൽഡ് ട്രിപ്പ് തുടങ്ങിയവ ഉൾപ്പെടുത്തിയാണ് ഈ കോഴ്സ് പ്ലാൻ ചെയ്തിരിക്കുന്നത്.
ഐ ജി പി ട്രൈനര്‍മാരായ ഡോ. കുഞ്ഞിമുഹമ്മദ് പുത്തലത്ത്, മുഹമ്മദ് ഖാന്‍ കാവന്നൂര്‍, ഷബീര്‍ മുള്ളമ്പാറ, യൂനസ് കാവന്നൂര്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. ആര്‍ ജി ഐ ഡയറക്ടര്‍മാരായ ലത്തീഫ് മാസ്റ്റര്‍ കായലം, സലാം മാസ്റ്റര്‍ മലയമ്മ എന്നിവര്‍ ട്രയിനിംഗ് നിയന്ത്രിച്ചു. നിയോജക മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ കൂഞ്ഞിമരക്കാര്‍ മലയമ്മ, ഐ സല്‍മാന്‍, ടി പി എം സാദിക്ക്, ഹക്കീം മാസ്റ്റര്‍ കളന്തോട്, ഷാക്കിര്‍ പാറയില്‍ എന്നിവര്‍ സംസാരിച്ചു.