കരിപ്പൂർ: വിമാനത്താവള വികസനത്തകനാവശ്യമായ ഭൂമി ഏറ്റെടുക്കുവാൻ കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാർ നിയോഗിച്ച പ്രത്യേക റവന്യൂ വകുപ് ഓഫീസ് പ്രവർത്തനം അവസാനിപ്പിച്ച് കോട്ടയത്തേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിച് ഉത്തരവ് അടിയന്തിരമായി പിൻവലിക്കണമെന്ന് മലബാർ ഡവലപ്മെന്റ് ഫോറം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
മലബാറിന്റെ വികസനത്തിന്റെ നട്ടെല്ലായ കരിപ്പൂർ വിമാനത്താവളത്തിന്റെ ചിറകുകൾ ഏതു വിധേനയും അരിയാനുള്ള നീക്കങ്ങളാണ് കഴിഞ്ഞ കുറെ വര്ഷങ്ങളായി അണിയറയിൽ നടക്കുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഭൂമി ഏറ്റെടുക്കാൻ ചുമതലപ്പെട്ട ഓഫീസിന്റെ പ്രവർത്തനം അവസാനിപ്പിക്കാനുള്ള നീക്കം.
ഇതിനു കേന്ദ്ര സംസ്ഥാന സർക്കാരുകൾ കാണിക്കുന്ന ശുഷ്കാന്തിയും സമയവുമൊക്കെ വളരെ ശ്രദ്ധേയമാണ്.
എംഡിഎഫ് ന്റെ നിരന്തര സമരത്തിന്റെയും സമ്മർദ്ദത്തിന്റെയും ഫലമായി ഉമ്മൻചാണ്ടി സർക്കാരായിരുന്നു ഭൂമി ഏറ്റെടുക്കാനും അതിന്റെ പ്രവർത്തന ഏകോപനത്തിനുമായി സ്പെഷ്യൽ ഓഫീസറടക്കമുള്ള ഒരു ഓഫീസും സ്ഥാപിച്ചത്. ഈ ഓഫീസ് നിർത്തലാക്കുന്നത് തടയാൻ നമ്മൾ പ്രതികഞ്ജാബന്ധരാണ്.
വിമാനത്താവള വികസനത്തിന് വേണ്ട ഭൂമി അടിയന്തിരമായി ഏറ്റെടുക്കൽ അടക്കമുള്ള വിഷയങ്ങളുന്നയിച്ചുകൊണ്ട് ഇക്കഴിഞ്ഞ ജനുവരി മാസത്തിൽ
മലബാർ ഡവലപ്മെന്റ് ഫോറത്തിന്റെ നേതൃത്വത്തിൽ നാം
എഴുപത്താറു മണിക്കൂർ നീണ്ടു നിൽക്കുന്ന സത്യാഗ്രഹസമരം നടത്തിയിരുന്നു. കേന്ദ്രത്തിനും സംസ്ഥാന സർക്കാരിനും ബന്ധപ്പെട്ട വകുപ്പുകൾക്കും നാം നിവേദനങ്ങൾ നൽകിയിരുന്നു. ഇന്ത്യയിലെ തന്നെ മികച്ച ലാഭത്തിൽ പ്രവർത്തിചു കൊണ്ടിരിക്കുന്ന നമ്മുടെ സ്വന്തം വിമാനത്താവളം മറ്റെന്തൊക്കെയോ അജണ്ടകളും വച്ചു ഇല്ലാതാക്കാൻ തല്പരകക്ഷികൾ ശക്തമായി പ്രവർത്തിക്കുന്നുണ്ടെന്നതാണ് സത്യം.
രാഷ്ട്രീയഭേദമന്യേ നമ്മൾ ഒറ്റകെട്ടായി നിന്നാൽ മാത്രമേ ഇത് തടയാൻ സാധിക്കുകയുള്ളു.
നടപടി പുനഃപരിശോധിക്കാത്ത പക്ഷം എംഡിഎഫ് പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്നു അഡ്വൈസറി ചെയർമാൻ യുഎ നസീർ, പ്രസിഡണ്ട് എസ്‌എ അബൂബക്കർ, ജന: സെക്രട്ടറി എടക്കുനി അബ്ദുറഹ്മാൻ, ട്രഷറർ സന്തോഷ് കുറ്റിയാടി എന്നിവർ നടത്തിയ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു