കോഴിക്കോട്:31 വർഷത്തെ സേവനത്തിനു ശേഷം പോലീസ് സബ് ഇൻസ്‌പെക്ടർ ആയി ടി അബ്ദുള്ള കോയ കാരന്തുർ സർവ്വീസിൽ നിന്നും വിരമിച്ചു. പോലീസ് അസോസിയേഷൻ സംസ്ഥാന ട്രഷറർ കോഴിക്കോട് ജില്ല സെക്രട്ടറി സംസ്ഥാന പോലീസ് സഹകരണ സംഘം സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് അബ്ദുല്ലക്കോയ സമാനതകളില്ലാത്ത സംഘടനാ സ്നേഹി ഇന്ന് പടിയിറങ്ങുന്നു… സമാനതകളില്ലാത്ത സംഘടനാ സ്നേഹിയാണന്ന് സഹപ്രവർത്തകർ ഒന്നടങ്കം പറയുന്ന കോഴിക്കോടിൻ്റെ മാധുര്യമൂറുന്ന നന്മയും കറ പുരളാത്ത സ്നേഹവും സൗമ്യതയും നിറയുന്ന കോയ സാറിനെ പരിചയപ്പെട്ടിട്ടുള്ള ഏവർക്കും അദ്ദേഹത്തെക്കുറിച്ചു പറയാൻ നല്ലതുമാത്രമേയുള്ളൂ
പോലീസ് സംഘടനാ നേതാവെന്ന നിലയിൽ അദേഹം അറിയപെടുന്നത് . SAP ജില്ലാ കമ്മിറ്റിയുടെ സെക്രട്ടറിയായി ചുമതല വഹിച്ചിരുന്നു
ക്ലേശകരമായ ജീവിതാസ്ഥകളിൽപ്പോലും പകച്ച് നിൽക്കാതെ ആത്മബലത്തോടെ പ്രതിസന്ധികളെ തരണംചെയ്യാൻ
അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
സംഭവബഹുലവും സംഘർഷഭരിതവുമായ സംഘടനാ അനുഭവങ്ങളെ ആർജവത്തോടെ അഭിമുഖീകരിക്കുവാനുള്ള ഉൾക്കരുത്ത് അദ്ദേഹത്തിനുണ്ടായിരുന്നു. വിഭിന്ന ആശയങ്ങളുള്ളവരെയും വ്യത്യസ്ത അഭിപ്രായങ്ങളുള്ളവരേയും ഒരു പോലെ കാണുവാനും അവരുമായി വ്യക്തി ബന്ധം നിലനിർത്തുവാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. എതിരാളികളുടെ പോലും ആദരവും സ്നേഹവും ആർജിക്കുവാനുള്ള സവിശേഷ സ്വഭാവം അദ്ദേഹത്തിൻ്റെ മാത്രം പ്രത്യേകതയാണ്.
സമകാലിക സംഘടനാ ചരിത്രത്തിൽ 2011-ൽ പോലീസ് സംഘടനയുടെ സംസ്ഥാന ട്രഷററായി ചുമതലേയൽക്കുമ്പോൾ അദ്ദേഹത്തിന് നേരിടേണ്ടി വന്ന വെല്ലുവിളികൾ നിരവധിയാണ്. ക്രമക്കേടുകളും കെടുകാര്യസ്ഥതയും മൂലം മലീമസമായ സംഘടനയുടെ സാമ്പത്തികാവസ്ഥയിൽ നിന്നും കൃത്യതയുടെയും സുതാര്യതയുടെയും പുതിയ അദ്ധ്യായങ്ങൾ പോലീസ് അസോസിയേഷൻ്റെ കണക്കു പുസ്തകത്തിൽ എഴുതി ചേർത്ത അദ്ദേഹത്തിൻ്റെ നിലപാടുകളും സമീപനരീതികളും പ്രശംസനീയമാണ്. പതിവു രീതികളിൽ നിന്നും വ്യത്യസ്തമായി സംഘടനയുടെ വരവുചെലവു കണക്കുകൾ കൃത്യസമയത്ത് ആഡിറ്റ് നടത്തുകയും യാതൊരു ആക്ഷേപങ്ങൾക്കും ഇട നൽകാത്ത രീതിയിൽ സംഘടനയുടെ സാമ്പത്തിക ഇടപാടുകൾ സൂക്ഷ്മമായി കൈകാര്യം ചെയ്തു. 2011-2016 കാലയളവിലെ ജില്ലാ കമ്മിറ്റികളുടെ വരവ് ചെലവ് കണക്കുകൾ കൃത്യതയോടെ രേഖപ്പെടുത്തുവാനും മാർഗനിർദ്ദേശങ്ങൾ സഹായകരവും പരക്കെ അംഗീകരിക്കപ്പെട്ടതുമാണ്. സംഘടനയേൽപ്പിച്ച ചുമതലകളും കാലം നൽകിയ നിയോഗങ്ങളും പൂർണതയിലെത്തിക്കാൻ കഠിനാധ്വാനം ചെയ്തിരുന്ന അദ്ദേഹത്തെ സംഘടനയുടെ ക്രെസിസ് മാനേജർ എന്നാണ് അദേദ ഹം അറിയപെട്ടിരുന്നത് സംഘടനയുടെ പല പ്രതിസന്ധി ഘട്ടങ്ങളിലും അസാമാന്യമായ നേതൃവൈഭവം അദ്ദേഹം പ്രകടമാക്കുകയും ചെയ്തിട്ടുണ്ട്.
ഉന്നതമായ സംഘടനാ ബോധവും വിശാലമായ മാനവികതയും അദ്ദേഹത്തിൽ നമുക്കു ദർശിക്കാനാകും. പോലീസുദ്യോഗസ്ഥരുടെ ആവശ്യങ്ങളും പ്രശ്നങ്ങളും മേലുദ്യോഗസ്ഥർക്ക് മുന്നിൽ ആർജവത്തോടെ അവതരിപ്പിക്കാനും പരിഹാരം കണ്ടെത്തുവാനും സദാ സന്നദ്ധനായിരുന്നു അദ്ദേഹം. മരണപ്പെട്ട പോലീസുദ്യോഗസ്ഥരുടെ കുടുംബ സഹായനിധി തുക വർദ്ധിപ്പിക്കുന്നതിനും ചികിത്സാ സഹായം നൽകുന്നതിനും വിരമിക്കുന്ന ഉദ്യോഗസ്ഥർക്ക് സമുചിതമായ യാത്ര അയപ്പ് ഒരുക്കുന്നതിനുമൊക്കെ കൃത്യമായ ഇടപെടലുകൾ ഉണ്ടായിരുന്നു. സംഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും പോലീസുദ്യോഗസ്ഥരുടെ ക്ഷേമത്തിന് സംഘടനയെ നയിക്കുകയും ചെയ്ത അദ്ദേഹത്തിൻ്റെ നേതൃപാടവം പുതുതലമുറ പാഠമാക്കേണ്ടതാണ്. സംഘടനാ രംഗത്ത് പുതുതായി വരുന്ന സേനാംഗങ്ങൾക്കു പോലും അദ്ദേഹത്തിൻ്റെ വാത്സല്യവും പ്രോത്സാഹനങ്ങളും ലഭിച്ചിരുന്നു. വിരമിക്കുന്ന ഈ നാളുവരെ ഒരു ചെറുപ്പക്കാരൻ്റെ ഊർജസ്വലതയും പുതുമയും അദ്ദേഹത്തിൻ്റെ ഓരോ പ്രവർത്തനങ്ങളിലും നിറഞ്ഞു നിന്നു.
പോലീസ് സംഘടനാ രംഗത്തെന്ന പോലെ സഹകരണ മേഖലയിലും മികച്ച ഒരു സഹകാരിയെന്ന നിലയിൽ കോഴിക്കോട്ടെ പോലീസ് സഹകരണ സംഘങ്ങളുടെ പ്രവർത്തനങ്ങൾക്ക് മാത്രമല്ല 2011-16 കാലയളവിൽ സംസ്ഥാനത്തെ വിവിധ പോലീസ് സഹകരണ സംഘങ്ങൾക്ക് തെരഞ്ഞെടുപ്പിലൂടെ ഭരണ സമിതി രൂപീകരിക്കുന്നതിനും അദ്ദേഹത്തിൻ്റെ പരിചയസമ്പത്ത് സഹായകരമായി. 2013-ൽ കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം ഭരണസമിതി തെരഞ്ഞെടുപ്പിൽ വിജയിക്കുവാൻ കഴിഞ്ഞതിലും നിർണായകമായ പങ്കുവഹിച്ചിരുന്നു. സംഘം സെക്രട്ടറിയായിരുന്ന ജോയി സാറിൻ്റെ ആകസ്മിക നിര്യാണത്തെത്തുടർന്ന് സംഘത്തിൻ്റെ സെക്രട്ടറി സ്ഥാനത്തേക്ക് കോയ സാറിനെയല്ലാതെ മറ്റാരെയും നിയോഗിക്കാനാകില്ലായിരുന്നു. അദ്ദേഹത്തിൻ്റെ കാര്യക്ഷമതയ്ക്കും ആത്മാർത്ഥതയ്ക്കും ലഭിച്ച അംഗീകാരം കൂടിയായിരുന്നു അത്. തൻ്റെ കുടുംബ സ്വകാര്യ ജീവിതാവശ്യങ്ങൾ മാറ്റി വച്ച് കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പ്രവർത്തനം മാറ്റി. ഹൗസിംഗ് സഹകരണ സംഘത്തിൻ്റെ സെക്രട്ടറിയെന്ന ദൗത്യം ഏറ്റെടുക്കുകയും മാതൃകാപരമായ രീതിയിൽ മികവാർന്ന പ്രവർത്തനം കാഴ്ചവയ്ക്കുകയും ചെയ്തു. തന്നെ ഏൽപ്പിക്കുന്ന ചുമതലകൾ ഉത്തരവാദിത്തത്തോടെയും ആത്മാർത്ഥതയോടെയും നിർവഹിക്കുവാൻ നിഷ്കർഷ പുലർത്തിയിരുന്ന അദ്ദേഹത്തിൻ്റെ പ്രവർത്തന ശൈലി പോലീസുദ്യോഗസ്ഥർക്കും പ്രത്യേകിച്ച് പോലീസ് സംഘടനാ രംഗത്തുള്ളവർക്കും മാതൃകയാക്കാവുന്നതാണ്. പകരം വയ്ക്കാനാവാത്ത പ്രതിഭാധനനായ സംഘടനാ നേതാവാണ് അബ്ദുല്ലക്കോയ സാർ… പ്രതിസന്ധി ഘട്ടങ്ങളിൽ പതറാതെ, വെല്ലുവിളികളെ സധൈര്യം നേരിട്ട്, സത്യസന്ധതയും ആത്മാർത്ഥതയും മുഖമുദ്രയാക്കിയ സമാനതകളില്ലാത്ത സംഘടനാ സ്നേഹിയുടെ തിളക്കമാർന്ന ഔദ്യോഗിക ജീവിതം വരും തലമുറയ്ക്ക് അനുകരണീയമായ മാതൃകയാണ്.
സംഘടനാ രംഗത്തെ മാതൃകാ പുരുഷനായ കോയ സാർ വിരമിക്കുമ്പോൾ അദ്ദേഹത്തിനു പകരം വയ്ക്കാൻ ഇനി ആരുമില്ലാത്ത അവസ്ഥ കൂടിയാണ് സംജാതമാകുന്നത്.
മഹാമാരിയുടെ ഭീതിതമായ അന്തരീക്ഷത്തിൽ സമുചിതമായ യാത്ര അയപ്പ് പോലും നൽകാനാകാത്തതിൽ അദ്ദേഹത്തെ സ്നേഹിക്കുന്ന സഹപ്രവർത്തകർക്ക് വിഷമമുണ്ട്. എന്നാലും അവരുടെയൊക്കെ പ്രാർത്ഥനകളും സ്നേഹാശംസകളും അദ്ദേഹത്തിനൊപ്പമുണ്ടാകും.
ഔദ്യോഗിക ചട്ടക്കൂടുകളിൽ നിന്നും സ്വതന്ത്രനാകുന്ന, വിശ്രമമില്ലാത്ത പോരാളിയായ കോയ സാറിന് പുതിയ കർമ്മമണ്ഡലങ്ങളിൽ ഏറെ ശോഭിക്കുവാൻ സാധിക്കട്ടെ. പോലീസ് സംഘടനാ കാര്യങ്ങളിൽ മാർഗദർശിയായി നാളെയും നമുക്കാശ്രയിക്കുവാൻ കഴിയുന്ന അദ്ദേഹത്തിന് എല്ലാവിധ ആയുർ ആരോഗസൗഖ്യങ്ങളും നേരുന്നു. ജീവിതത്തിൻ്റെ നല്ലൊരു പങ്ക് പോലീസ് സംഘടനക്ക് വേണ്ടി വിനിയോഗിച്ച അദ്ദേഹത്തിന് കുടുംബത്തിൽ നിന്നും ലഭിച്ച പിന്തുണ വളരെ പ്രധാനമാണ്. കുടുംബാംഗങ്ങൾക്കും ഈ അവസരത്തിൽ നന്ദി രേഖപ്പെടുത്തുന്നു. ഇനി കൂടുതൽ സമയം അവരുമായി ചെലവഴിക്കുവാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.