കുന്ദമംഗലം മണ്ഡലത്തിലെ പട്ടികജാതി കോളനികളില്‍ നടന്നുവരുന്ന വികസന പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിന് പി.ടി.എ റഹീം എം.എല്‍.എ
നിര്‍ദ്ദേശം നല്‍കി. അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി
ലഭ്യമാക്കിയ പ്രവൃത്തികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിന് വിളിച്ചു ചേര്‍ത്ത
യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
കുന്ദമംഗലം പഞ്ചായത്തിലെ ആമ്പ്രമ്മല്‍, ചാത്തമംഗലം പഞ്ചായത്തിലെ എ.കെ.ജി, പെരുവയല്‍ പഞ്ചായത്തിലെ ഭൂദാനം എന്നീ കോളനികളില്‍ 1 കോടി രൂപ
വീതമുള്ളതും പെരുവയല്‍ ‘ കള്ളാടിച്ചോല കോളനിയില്‍ 50 ലക്ഷം രൂപയുടേയും
പ്രവൃത്തികളാണ് നടന്നുവരുന്നത്.
പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരുടെ നേതൃത്വത്തില്‍
പട്ടികജാതി ഓഫീസര്‍, നിര്‍വ്വഹണ ഏജന്‍സിയായ നിര്‍മ്മിതി ഉദ്യോഗസ്ഥര്‍,
ഗുണഭോക്തൃ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ സംയുക്തമായി അതാത് കോളനികളില്‍
യോഗം ചേര്‍ന്ന് പ്രവര്‍ത്തനം വിലയിരുത്തുന്നതിനും സമയബന്ധിതമായി പദ്ധതി
പൂര്‍ത്തീകരിക്കുന്നതിനും തീരുമാനിച്ചു.
മാവൂര്‍ ഗ്രാമപഞ്ചായത്തിലെ അടുവാട് കോട്ടക്കുന്ന് കോളനിയില്‍ കുടിവെള്ള
ലഭ്യമാക്കുന്നതിന് അനുവദിച്ച 60 ലക്ഷം രൂപയുടെ പ്രവൃത്തി ടെണ്ടര്‍ ചെയ്ത്
കരാറുകാരനെ ഏല്‍പ്പിക്കുന്നതിന് കേരളാ വാട്ടര്‍ അതോറിറ്റി അധികൃതര്‍ക്ക് എം.എല്‍.എ
നിര്‍ദ്ദേശം നല്‍കി.
പി.ടി.എ റഹീം എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ
ശബ്ന റഷീദ്, പി.ടി. രേഷ്മ, കെ. ശ്രീലത, എന്‍. സതീദേവി, സുബിത തോട്ടാഞ്ചേരി,
നിര്‍മ്മിതി കേന്ദ്ര പ്രതിനിധികളായ കെ. ശരത് ശിവന്‍, കെ. സുബിന്‍, എം. ദിജേഷ്, ഇ. സീന, ഡെന്നീസ് മാത്യു, പട്ടിക ജാതി വികസന ഓഫീസര്‍ ടി.എം മുകേഷ് സംസാരിച്ചു.