ഇടുക്കി വാഗമണ്‍ നിശാ പാര്‍ട്ടിയില്‍ ലക്ഷ്യമിട്ടത് വന്‍ ലഹരി മരുന്ന് വില്‍പനയെന്ന് കണ്ടെത്തല്‍. പാര്‍ട്ടിക്കായി ലഹരി മരുന്ന് എത്തിച്ചത് അജു എന്ന അജ്മല്‍ ആണ്. കേസിലെ പ്രതി നബീല്‍ പാര്‍ട്ടി നടക്കുന്നതിന് തലേദിവസം ഇയാളെ വിളിച്ചുവരുത്തുകയായിരുന്നു. എംഡിഎംഎ, എല്‍എസ്ഡി, ഹാഷിഷ് ഓയില്‍ തുടങ്ങിയ കെമിക്കല്‍ ഡ്രഗുകളാണ് എത്തിച്ചുനല്‍കിയതെന്നും വിവരം.
മോഡല്‍ ബ്രിസ്റ്റി വിശ്വാസിനെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. മോഡലിംഗിനിടയില്‍ ഇവര്‍ ലഹരി കച്ചവടം നടത്തിയെന്നാണ് പൊലീസ് കണ്ടെത്തല്‍.
അതേസമയം സംഭവത്തില്‍ എക്‌സൈസ് ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചു. കേസില്‍ പിടിയിലായവരുടെ ലഹരി മാഫിയ ബന്ധം അന്വേഷിക്കും. ഇതര സംസ്ഥാന ലഹരി മരുന്ന് മാഫിയ കേന്ദ്രീകരിച്ച് പൊലീസും അന്വേഷണം നടത്തും. ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ റിസോര്‍ട്ടുകളില്‍ പരിശോധന നടത്താനും തീരുമാനമായി.
നിലവില്‍ ഒന്‍പത് ആളുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. തിങ്കളാഴ്ച ഇവരെ കസ്റ്റഡിയില്‍ വാങ്ങും. പിന്നീടായിരിക്കും ചോദ്യം ചെയ്യല്‍. സമഗ്ര അന്വേഷണമാണ് പുരോഗമിക്കുന്നത്. മഹാരാഷ്ട്ര- ബംഗളൂരു ഭാഗങ്ങളില്‍ നിന്നാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് കണ്ടെത്തല്‍.