തിരുവനന്തപുരം:വ്യാപകമായി വിദേശ ഫണ്ടും കള്ളപ്പണ ഇടപാടും നടന്നതായ വിവരത്തെത്തുടർന്ന് പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും സംസ്ഥാന കമ്മിറ്റി ഓഫിസിലും ഇ.ഡി റെയ്ഡ്. ദില്ലിയിൽ നിന്നുള്ള സംഘമാണ് സോണൽ ഉദ്യോഗസ്ഥർക്കൊപ്പം പരിശോധനയിൽ പങ്കെടുക്കുന്നത്. കേന്ദ്ര സർക്കാരിനെതിരായ കർഷക പ്രക്ഷോഭങ്ങളിൽ നിന്നുൾപ്പെടെ ശ്രദ്ധ തിരിക്കാനുള്ള പരിശോധനയെന്നാണ് നേതാക്കളുടെ ആദ്യ പ്രതികരണം.
സംസ്ഥാന പ്രസിഡന്റ് നാസറുദീൻ എളമരത്തിന്റെ മലപ്പുറത്തെ വീട്ടിലായിരുന്നു ആദ്യ പരിശോധന. പിന്നാലെ കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫിസിലും ഇ.ഡിയെത്തി. ബാങ്ക് ഇടപാടുകൾ, വിവിധ പാർട്ടി പരിപാടികൾക്ക് ചെലവഴിച്ച തുക, തെരഞ്ഞെടുപ്പ് സമയത്തെ പണമിടപാടുകൾ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പരിശോധിച്ചത്. കോവിഡ് പ്രതിസന്ധിക്കിടയിലും കോടികൾ പോപ്പുലർ ഫ്രണ്ടിന്റെ അക്കൗണ്ടിലേക്കെത്തിയിരുന്നുവെന്നാണ് ഇ.ഡിക്ക് ലഭിച്ച പരാതി. കളമശേരിയിൽ പോപ്പുലർ ഫ്രണ്ടിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ ഇ.എം അബ്ദുൾ റഹ്മാന്റെ വീട്ടിലും, കരമന അഷ്റഫ് മൗലവിയുടെ തിരുവനന്തപുരം പൂന്തുറയിലെ വീട്ടിലും ഇ.ഡിയെത്തി പരിശോധിച്ചു.
നാസറുദ്ദീൻ എളമരത്തിന്റെ വീട്ടിലെ ഇ.ഡി പരിശോധനക്കെതിരെ എവണ്ണപ്പാറ ടൗണിൽ എസ്.ഡി.പി.ഐ പ്രവർത്തകർ പ്രകടനം നടത്തി. സംസ്ഥാന പൊലീസിനെ അറിയിക്കാതെ കേന്ദ്രസേനയെ വിന്യസിച്ചായിരുന്നു ഒരേ സമയത്തെ ഇ.ഡിയുടെ പരിശോധന