ഡോക്ടറുടെ എംബ്ലം കാറില്‍ ഒട്ടിച്ച് മയക്കുമരുന്ന് കടത്തിയ രണ്ട് പേര് പിടിയില്‍. തൃശൂര്‍ കുതിരാനില്‍ വച്ചാണ് സംഘം എക്സൈസിന്റെ പിടിയിലായത്. തൃശൂര്‍ എക്സൈസ് ഇന്റലിജന്‍സും, സ്പെഷ്യല്‍ സ്ക്വാഡും നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ആഡംബര കാറുകളില്‍ വന്‍തോതില്‍ ലഹരി മരുന്ന് കടത്തുന്നതായി മധ്യമേഖലാ ഇന്റലിജന്‍സിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്സൈസിന്റെ പരിശോധന വ്യാപകമാക്കിയിരുന്നു.
പെരുമ്പാവൂര്‍ സ്വദേശികളായ അന്‍ഷാദ്, സിന്‍ഷാദ് എന്നിവരാണ് എക്സൈസ് പിടിയിലായത്. പ്രതികളില്‍ നിന്നും ലക്ഷക്കണക്കിന് രൂപ വിലവരുന്ന എം.ഡി.എം.എ പിടിച്ചെടുത്തു. പരിശോധന ഒഴിവാക്കാന്‍ ഡോക്ടറുടെ എംബ്ലം പതിപ്പിച്ച ആഡംബര വാഹനത്തിലായിരുന്നു ലഹരിമരുന്ന് കടത്ത്. വാഹനത്തില്‍ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് ഏറെ നേരത്തെ പരിശോധനയ്ക്ക് ശേഷമാണ് എക്സൈസിന് കണ്ടെടുക്കാനായത്. ബാംഗളൂരുവില്‍ നിന്ന് മയക്കു മരുന്ന് എത്തിച്ച് തൃശൂര്‍, പെരുമ്പാവൂര്‍, ആലുവ ഭാഗങ്ങളില്‍ വിതരണം ചെയ്യുന്നവരാണ് പ്രതികള്‍. രസസ്യവിവരത്തെ തുടര്‍ന്ന് ഒരു മാസത്തോളമായി എക്സൈസ് ഇന്റലിജന്‍സ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു ഇവര്‍.