ജീവിക്കാൻ സമൂഹം സമ്മതിക്കില്ലെങ്കിൽ പിന്നെ ഞങ്ങളൊക്കെ എന്ത് ചെയ്യണം ?’ ട്രാൻസ്‌ജെൻഡർ സജന ഷാജി സമൂഹത്തോട് നിറകണ്ണുകളോടെ ചോദിക്കുന്ന ചോദ്യമാണ്.
കാക്കനാട്-തൃപ്പൂണിത്തുറ ബൈപ്പാസിലെ വഴിയരികിൽ ഭക്ഷണം വിറ്റ് ജീവിക്കുകയാണ് സജന അടക്കമുള്ള അഞ്ച് ട്രാൻസ്ജൻഡർമാർ. സ്വാദിഷ്ടമായ ബിരിയാണിയും ഊണുമെല്ലാം പൊതി കെട്ടി വഴിയരികിൽ കൊണ്ടുപോയി വിറ്റ് നല്ല രീതിയിൽ ജീവിച്ചുപോരുന്നതിനിടെയാണ് ഇവർ കച്ചവടം നടത്തുന്നതിന് തൊട്ടടുത്ത് കച്ചവടം നടത്തുന്ന സംഘം സജന അടക്കമുള്ളവരുടെ കച്ചവടം തടസപ്പെടുത്തുന്നതാണ് പ്രശ്‌നങ്ങളുടെ തുടക്കം. പിന്നീട് ലിംഗവിവേചനം മുൻനിർത്തിയുള്ള അതിക്ഷേപങ്ങൾ നടത്തി മാനസികമായും തളർത്തി. പ്രശ്‌നങ്ങൾ മുഴുവൻ സജന സോഷ്യൽ മീഡയയിൽ പങ്കുവച്ചു. കുറച്ച് ദിവസമായി തങ്ങളെ മാനസികമായി ഇവർ പീഡിപ്പിക്കുകയാണെന്ന് സജന കരഞ്ഞുകൊണ്ട് ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും വിഷയത്തിലിടപെടാൻ പൊലീസ് വിസമ്മതിച്ചുവെന്നും സജന പറയുന്നു. ഇന്ന് ഞാൻ ഉണ്ടാക്കികൊണ്ടുപോയ ഭക്ഷണം മുഴുവൻ ബാക്കി ആയി. 20 ഊണും,
150 ബിരിയാണിയുമാണ് ഉണ്ടാക്കിയത്. ഇതിൽ നിന്ന് ആകെ വിറ്റ് പോയത് 20 ബിരിയാണി മാത്രമാണ്. എന്ത് ചെയ്യണമെന്ന് അറിയില്ല. നാളെ സാധനമെടുക്കാൻ പോലും പണമില്ല. ഉണ്ടായിരുന്നതെല്ലാം വിറ്റുപെറുക്കി, കുടുക്ക വരെ പൊട്ടിച്ചാണ് ഞങ്ങൾ ബിരിയാണി കച്ചവടം തുടങ്ങിയത്.’ഇത് മാത്രമാണ് സജന അടക്കമുള്ള അഞ്ച് പേരുടേയും ജീവിതമാർഗം. ചിലർ വന്ന് ഭക്ഷണം വാങ്ങി പോകാറുണ്ട്. പലരും വന്ന് പരിഹസിക്കാറുണ്ട്. അതെല്ലാം അവഗണിച്ച് കച്ചവടവുമായി മുന്നോട്ട് പോകവേയാണ് ഇവരുടെ ജീവിതമാർഗം വഴിമുട്ടിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ നടക്കുന്നത്.