Skip to content
M news

Online News Media

M news

Online News Media

CH എന്ന ആ മഹാപ്രതിഭയെ അറിയണം പഠിക്കണം

admin, September 29, 2020September 29, 2020

സി.പി.സൈതലവി

അകലേ ബര്‍മ്മയില്‍ ഐരാവതിനദിക്കരയിലെ പെഗോഡകള്‍ക്കുമുന്നില്‍നിന്നു അയ്യായിരംകിലോമീറ്റര്‍ ഓടിയെത്തുന്ന ഓര്‍മകളില്‍ രണ്ടുപേര്‍മാത്രം ബാക്കിനിന്നു. കാലപ്പഴക്കത്തിനു മായ്ക്കാനാവാത്ത മിഴിവോടെ; യു.എ ഖാദര്‍ എന്ന മലയാളസാഹിത്യത്തിലെ ഖുറൈശിക്കരികെ. തൃക്കോട്ടൂരിന്റെ ഇതിഹാസകാരനുള്ളില്‍. തൊപ്പിവെച്ചു രണ്ടു പേര്‍. തുരുതുരേ ബോംബുകള്‍വര്‍ഷിച്ചു രണ്ടാംലോക മഹായുദ്ധത്തിന്റെ പോര്‍വിമാനങ്ങള്‍ തലയ്ക്കുമീതെ പറക്കുമ്പോഴും കൊടുംകാട്ടില്‍ നടന്നുതളരുമ്പോഴും ഉറ്റവരെല്ലാം നിര്‍ബന്ധിച്ചിട്ടും പ്രണയദാമ്പത്യസാഫല്യമായി ബര്‍മ്മക്കാരിയില്‍ ജനിച്ച മകനെ, ജീവിതപ്രതിസന്ധികളുടെ പെരുവഴിയിലുപേക്ഷിക്കാതെ മാറോട് ചേര്‍ത്തുപിടിച്ചു തറവാട്ടില്‍ ഉമ്മാമയുടെ തണലിലെത്തിച്ച പിതാവ് ഉസ്സങ്ങാന്റെ അകത്ത് മൊയ്തീന്‍ കുട്ടി ഹാജി. മറ്റൊരാള്‍; ഇന്നു കാണുന്ന പേരിലും പെരുമയിലേക്കും ജീവിതവഴിയിലേക്കും കൈപിടിച്ചു നടത്തിയ സി.എച്ച് മുഹമ്മദ് കോയ. ഓരോഅക്ഷരങ്ങള്‍ വാര്‍ന്നുവീഴുമ്പോഴും എഴുത്തുകടലാസില്‍നിന്നു തന്നെനോക്കി ഇവനെന്റെ വത്സലശിഷ്യനെന്നു മന്ദഹസിക്കുന്ന പ്രിയ ഗുരു .
1935 – ബര്‍മ്മ(മ്യാന്മര്‍)യിലെ ബില്ലീന്‍ ഗ്രാമം. അക്കാലം ലോകത്തെഭയപ്പെടുത്തിയ വസൂരിയുടെ മരണപ്പിടിത്തത്തില്‍ മാമൈദി കീഴടങ്ങുന്നത് ആസ്പത്രിയില്‍ കന്നിപ്രസവത്തിന്റെ മൂന്നാം നാള്‍. പരദേശിയും അന്യമതക്കാരനുമായ മലബാറുകാരനെ കല്യാണം കഴിച്ചതില്‍ കുടുംബം അകറ്റിനിര്‍ത്തിയ മാമൈദി പെറ്റ ചോരപ്പൈതലിനു ഇനിയാശ്രയം യൗവനം തുടങ്ങിയിട്ടുമാത്രമുള്ള പിതാവ്. ഉത്സവപ്പറമ്പിലും വഴിവാണിഭങ്ങളുമായി ജീവിക്കുന്നചെറുപ്പം. ജ്യേഷ്ഠന്‍ അബ്ദുറഹിമാനുംമുമ്പേ വിവാഹവും ഭാര്യാവിരഹവും; ഉമ്മയില്ലാത്ത കുഞ്ഞിന്റെ കരച്ചിലും..
കൊയിലാണ്ടിയിലെ തറവാട്ടുവീട്ടില്‍ എല്ലാവര്‍ക്കും ഞാനൊരു കൗതുക വസ്തുവായിരുന്നു. ഭാഷയറിയാതെ മുഖഛായയില്‍ പോലും സാദൃശ്യമില്ലാതെ. ഏറെ കളിക്കൂട്ടുകാരില്ലാതെ ഒരുബാല്യം. വീട്ടുകാര്‍ നിര്‍ബന്ധിച്ചുള്ള ഉപ്പയുടെ രണ്ടാം വിവാഹം തന്നെകൂടുതല്‍ ഒറ്റയ്ക്കാക്കി. കൊയിലാണ്ടിയിലെ പുതിയ ജീവിതത്തില്‍ ആകെ തണലായിരുന്ന ഉമ്മാമയും മരിച്ചു. ഞാന്‍ അനാഥനായി. സമ്പ്രദായമനുസരിച്ച് ഉപ്പ താമസിക്കുന്നത് എളയുമ്മ (രണ്ടാം ഭാര്യ)യുടെ തറവാടായ അമേത്ത്‌വീട്ടിലാണ്. തന്നെയും അങ്ങോട്ട് കൊണ്ടുപോയി. യുദ്ധം കഴിഞ്ഞിരുന്നു. ഉപ്പ ബര്‍മയിലേക്കു തന്നെ മടങ്ങി. എളയുമ്മ നന്നായി നോക്കിയിരുന്നെങ്കിലും അവിടെയും ഒറ്റപ്പെടലായിരുന്നു. അടുപ്പമില്ലാത്തൊരു വീട്ടില്‍ ഏകനായി, ആരുമില്ലാത്തവനായി. രാത്രിയുറക്കം വീടിന്റെ ചെരിവ് മുറിയില്‍. ഇതിനിടെയാണ് തറവാട്ടില്‍ ഒരുകല്യാണം നടക്കുന്നത്. അതിഥികള്‍ പലരും വന്നുപോകുന്ന ഘോഷം. പുതിയങ്ങാടിയിലേക്ക് പുതുക്കപ്പെണ്ണുമായി പോകാന്‍ (വരന്റെ വീട്ടിലേക്ക് വധുവിനെ കൂട്ടുന്നതിന്) ബസ് വന്നു. സമപ്രായക്കാരായ കുട്ടികള്‍ക്കൊപ്പം തിക്കികയറി സീറ്റ്പിടിച്ചു. പുതുക്കംപോകുന്ന പെണ്ണുങ്ങള്‍ക്കിരിക്കാന്‍ സീറ്റില്ല. എല്ലാം കുട്ടികള്‍ കയ്യേറിയിരിക്കുന്നു. ദ്വേഷ്യം പിടിച്ചൊരു കാരണവര്‍ കയറി കുട്ടികളെ എഴുന്നേല്‍പിച്ചു. അവരവരുടെ ഉമ്മമാരുടെ മടിയിലിരിക്കാന്‍ കല്‍പന. എല്ലാവരും അനുസരിച്ചു. പക്ഷേ ഖാദര്‍ മാത്രം പോയില്ല. മടിയിലിരുത്താന്‍ ഉമ്മയില്ല, ഉമ്മാമയുമില്ല. അനുസരണക്കേടെന്നു പറഞ്ഞു ബസ്സില്‍നിന്നിറക്കിവിട്ടു. കൂട്ടുകാര്‍ കളിയാക്കി ചിരിച്ചു. അപമാനവും ദുഃഖവും സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞുപോയി. അകന്നകന്നുപോകുന്ന ബസ്സിനെ നോക്കി തേങ്ങലൊടുങ്ങാതെ മരത്തില്‍ചാരിനില്‍ക്കുമ്പോള്‍ അടുത്ത വീട്ടിലെ വരാന്തയില്‍നിന്നിറങ്ങിവന്ന ആള്‍ ചേര്‍ത്തുപിടിച്ചു. തൊപ്പിയിട്ട് സുമുഖനും സുന്ദരനുമായൊരാള്‍. മുമ്പ് കണ്ടിട്ടുണ്ട്. ‘മോനെന്തിനാ കരയുന്നത്’ അയാള്‍ ചോദിച്ചു. മറുപടി കേട്ടപ്പോള്‍ ‘അയ്യേ, പെണ്ണുങ്ങളുടെ പുതുക്കത്തിന് ആണുങ്ങള്‍ പോകുമോ? നീ എന്ത് ആളാ.’ എനിക്ക് ഉമ്മയില്ലാത്തതുകൊണ്ടല്ലേ? അപ്പോള്‍ അയാള്‍ എന്നെ ഒന്നുകൂടി അണച്ചുപിടിച്ചു കല്യാണ വീട്ടിലേക്കു കൊണ്ടുപോയി. ഈ അതിഥിയെ എല്ലാവരും കാര്യമായിട്ടെടുക്കുന്നു. അതിഥി എന്നെ ചേര്‍ത്തിരുത്തി. ‘ഉമ്മയില്ലാത്ത സങ്കടമൊന്നും വേണ്ട; ഇനി ഞാനുണ്ട്’ എന്ന് മുടിയിഴകളില്‍ തലോടി. അത് സി.എച്ച് മുഹമ്മദ്‌കോയയായിരുന്നു. അത്തോളിക്കാരനായ സി.എച്ച് കൊയിലാണ്ടി ടൗണില്‍ പടിഞ്ഞാറേ അമേത്ത് വല്യബ്ദുക്കയുടെ വീട്ടില്‍ താമസിച്ച് ഹൈസ്‌കൂളില്‍ പഠിക്കുന്നു. എം.എസ്.എഫിന്റെ ഉശിരന്‍ നേതാവാണ്. നടുവിലെ അമേത്ത് ആണ് എളയുമ്മയുടെ വീട്. വല്യബ്ദുക്ക നാട്ടുപ്രമാണിയാണ്. ഓണററി മജിസ്‌ട്രേട്ടായിരുന്നു. സി.എച്ച് താമസിക്കുന്ന ആവീട്ടിലേക്ക് എന്നെ കൊണ്ടുപോയി. സങ്കടം മാറ്റാന്‍ ഒരു മരുന്നുതന്നു. പുസ്തകം. ‘ബാല്യകാല സഖി’. സി.എച്ചിന്റെ മുറിയാകെ പുസ്തകങ്ങളും പത്ര,വാരികകളുമാണ്. ഇംഗ്ലീഷിലും മലയാളത്തിലും. വല്യബ്ദുക്ക വരുത്തുന്നതാണ്. കുട്ടിക്കാലത്തേ പ്രകടമാക്കിയ സി.എച്ചിലെ അസാമാന്യ പ്രതിഭയാണ് വീട്ടില്‍ താമസിച്ചു പഠിക്കാനും ആവശ്യമുള്ള പ്രസിദ്ധീകരണങ്ങള്‍ വരുത്തിച്ചു കൊടുക്കാനും വല്യബ്ദുക്കയെ പോലൊരാള്‍ക്ക് പ്രേരണയായത്. സദാഊര്‍ജസ്വലനായ സി.എച്ചിന്റെ രൂപം അതിനു മുമ്പേ മനസ്സില്‍ പതിഞ്ഞിട്ടുണ്ട്.
ബര്‍മയില്‍നിന്നെത്തിയതിന്റെ പിറ്റേവര്‍ഷം. നാടെങ്ങും കോളറയുടെ സംഹാരതാണ്ഡവം. ഒപ്പം വസൂരിയും വിഷൂചികയും. ആളുകള്‍ മരിച്ചുകൊണ്ടിരിക്കുന്നു. കടപ്പുറം ഭാഗത്ത് കൂട്ട മരണമാണ്. വീടുകളില്‍നിന്നു വീടുകളിലേക്ക് പരക്കുന്നു. തറവാട്ടു വീടുകളും ചെറ്റപ്പുരകളും ഒന്നുപോലെ മുന്‍വാതിലുകള്‍ കൊട്ടിയടച്ച് മരണത്തെയും മഹാമാരിയെയും ചെകുത്താന്മാരുടെയും വരവിനെയും കരുതി പേടിച്ചുവിറച്ച് രാപകലുകള്‍ കഴിയുന്നു. പട്ടിണിയും ഇരുട്ടും മഴയും കൂട്ടിന്. മരണം മനുഷ്യരെ ചവച്ചു തുപ്പുകയാണ്. ചില വീടുകള്‍ കൂട്ടത്തോടെ മരണത്തിലേക്ക് പോയിരിക്കുന്നു. മയ്യിത്തുകള്‍ മാറ്റിക്കിടത്താന്‍, കുളിപ്പിക്കാന്‍, യഥാവിധി സംസ്‌കരിക്കാന്‍, ഖബര്‍ കിളക്കാന്‍ ഒന്നിനും ആളില്ല. അതിനും സന്നദ്ധര്‍ വേണം. രോഗം പടരാതെ നോക്കണം. ചികിത്സ നല്‍കണം. ഭക്ഷണമെത്തിക്കണം. സര്‍ക്കാരിന്റെ ആരോഗ്യസേവന പ്രവര്‍ത്തനങ്ങളൊന്നും വ്യവസ്ഥാപിതമല്ല. ആരോഗ്യപ്രവര്‍ത്തകരെ തെറ്റിദ്ധാരണകളുടെ പേരില്‍ അകറ്റിനിര്‍ത്തുന്നവരും ഏറെ. വറുതിയുടെയും ദുരന്തങ്ങളുടെയും ആ കറുത്ത നാളുകളില്‍ ആരും അടുക്കാന്‍ ഭയപ്പെടുന്ന ദിനങ്ങളില്‍ മരണത്തെ പേടിച്ച് മനുഷ്യര്‍ ഓടിയൊളിക്കുമ്പോള്‍ സഹായ ഹസ്തവുമായി ഒരു സംഘം യുവാക്കള്‍ ധീരതയോടെ മുന്നോട്ടുവരുന്നു. എല്ലായിടത്തും അവരെത്തുന്നു. ഓരോ വീട്ടിലും കയറി എന്തു കാര്യമാണ് ചെയ്തു തരേണ്ടതെന്നന്വേഷിക്കുന്നു. ആവശ്യമുള്ളതെല്ലാം നിറവേറ്റുന്നു. എന്റെ ജീവിത്തില്‍ കണ്ട ആദ്യത്തെ സന്നദ്ധ പ്രവര്‍ത്തകസംഘം. സമാനതകളില്ലാത്ത ധീരതയും കാരുണ്യവും. വര്‍ഷമെത്രയായി. ആ മുഖങ്ങള്‍ ഓരോന്നും എന്റെ ഓര്‍മയില്‍ തെളിമയോടെ വന്നുനില്‍ക്കുന്നു ഇപ്പോഴും. മുസ്‌ലിംലീഗിന്റെ സന്നദ്ധ വിഭാഗമായ മുസ്‌ലിം നാഷണല്‍ ഗാര്‍ഡ് എന്ന സംഘടനയുടെ പ്രവര്‍ത്തകന്മാര്‍. അവരുടെ നേതാവ് സയ്യിദ് ഹാശിം ബാഫഖി തങ്ങള്‍ (സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ തൊട്ടിളയ സഹോദരന്‍). കൊയിലാണ്ടിയില്‍ മുസ്‌ലിംലീഗിന്റെ സ്ഥാപകരില്‍പെട്ടയാള്‍. ആദ്യകാലത്തെ അമരക്കാരനും. അദ്ദേഹത്തോടൊപ്പം എന്തിനും തയ്യാറായി മൂന്നു നാലു യുവാക്കള്‍. അവരുടെ കൂട്ടത്തില്‍ മുസ്‌ലിം വിദ്യാര്‍ഥി ഫെഡറേഷന്റെ പ്രതിനിധിയായി കൊയിലാണ്ടി ഹൈസ്‌കൂളിലെ ഒരു വിദ്യാര്‍ഥിയും. സംഘത്തിലെ ഏറ്റവും ഉത്സാഹശാലിയായി ആ കുട്ടി. സി.എച്ച് മുഹമ്മദ്‌കോയ. രാവെന്നും പകലെന്നുമില്ലാതെ പ്രവര്‍ത്തന നിരതനാണ്. അരയമ്പലകത്ത് മമ്മുക്ക, സയ്യിദ് ഹൈദ്രോസ് കോയ തങ്ങള്‍, സി.ടി.എസ്.എച്ച് അഹ്ദല്‍ തങ്ങള്‍ ഇവരൊക്കെയാണ് കൂട്ടത്തില്‍. മേത്തലപ്പീടിക പി.എം ഫക്കീര്‍, എം. അബ്ദുല്ലകുട്ടി എന്നീ സഹപാഠികള്‍ക്കൊപ്പം എം.എസ്.എഫിന്റെ യോഗങ്ങളില്‍ പ്രസംഗിക്കാന്‍ പോകുന്ന സി.എച്ചിനെ കാണുന്നു. അപ്പോഴേക്കും ഒരു ഉജ്വല വാഗ്മി എന്ന നിലയിലേക്ക് പരിസരങ്ങളില്‍ പ്രസിദ്ധി നേടിയിട്ടുണ്ട്. ഫക്കീറിന്റെ ജ്യേഷ്ടന്‍ കോയോട്ടിക്കയുടെ സ്റ്റാര്‍ ബീഡിപ്പീടികയിലും അമേത്ത് വീടിനു മുന്നിലെ സര്‍വന്‍സ് ബീഡിക്കമ്പനിയിലും ഉറക്കെ പത്രം വായിക്കുകയും ബീഡിത്തൊഴിലാളികള്‍ക്കിടയില്‍ പത്രപാരായണ താല്‍പര്യവും രാഷ്ട്രീയ അവബോധവും വളര്‍ത്തുകയെന്നതന്ത്രവും സി.എച്ച് പതിവാക്കി. കൊയിലാണ്ടിയുടെ പരിസരങ്ങളില്‍ സി.എച്ച് നടത്തുന്ന തീപ്പൊരി പ്രസംഗങ്ങളെക്കുറിച്ച് മുതിര്‍ന്നവര്‍ ആവേശത്തോടെ പറയാന്‍ തുടങ്ങി. ജനക്കൂട്ടത്തെ കയ്യിലെടുക്കുന്ന വിദ്യാര്‍ഥിയായ സി.എച്ചിനെ. ഞങ്ങള്‍ കുട്ടികള്‍ സി.എച്ചില്‍നിന്ന് കഥകള്‍ കേള്‍ക്കാന്‍ അമേത്ത് വീട്ടില്‍ ഒത്തുകൂടും. ബീഡിപ്പീടികയുടെ ഓരത്തും. പ്രസംഗ യാത്രകള്‍, കണ്ട കാഴ്ചകള്‍, പ്രസംഗത്തിലെ തമാശകള്‍, പൊടിക്കൈകള്‍, അങ്ങനെ ഓരോന്നും. വായിച്ച പുസ്തകങ്ങളിലെ കഥകളും പറഞ്ഞുതരും. ഒപ്പം ലോക കാര്യങ്ങളും. അതിരറ്റ ഒരാവേശമായി സി.എച്ച് ഞങ്ങളില്‍ പടര്‍ന്നുകഴിഞ്ഞിരുന്നു.
പുസ്തകങ്ങള്‍ ഒന്നുതീര്‍ന്നാല്‍മറ്റൊന്ന് എന്നതരത്തില്‍ സി.എച്ച് തന്നുകൊണ്ടിരുന്നു. ഒറ്റപ്പെടലിന്റെ തുരുത്തില്‍നിന്നും വായനയുടെതിരക്കിലേക്കുമാറുകയാണ്. വല്യബ്ദുക്കയുടെ അലമാരയില്‍അട്ടിവെച്ച മാപ്പിളറിവ്യൂ, ചക്രവാളം, ജയകേരളംതുടങ്ങിയ പലതരംവാരികകള്‍ ഞങ്ങള്‍കുട്ടിക്കൂട്ടുകാര്‍ക്ക് സി.എച്ച് എടുത്തുതരും. കൊയിലാണ്ടിയിലെ സര്‍സയ്യിദ്അഹമ്മദ്ഖാന്‍ വായനശാലയിലെ മുഴുവന്‍പുസ്തകങ്ങളും ഹൈസ്‌കൂളില്‍പഠിക്കുമ്പോള്‍തന്നെ സി.എച്ച് വായിച്ചുതീര്‍ത്തിരുന്നു. ആ വായനശാലയില്‍ എന്നെയും കൊണ്ടുപോയി അംഗമാക്കി സെക്രട്ടറി ആറ്റക്കോയതങ്ങളെ ഏല്‍പിച്ചു. മലയാളത്തിലെ എണ്ണപ്പെട്ട എഴുത്തുകാരെയെല്ലാം പുസ്തകങ്ങളിലൂടെ സി.എച്ച് പരിചയപ്പെടുത്തിതന്നു. നീയും ഇതുപോലെയൊക്കെ എഴുതണമെന്ന് പറയും.
ഇതിനിടെ സി.എച്ച് അമേത്ത് നിന്നും ബാഫഖി തങ്ങളുടെ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. ഞങ്ങള്‍ കുട്ടികള്‍ക്ക് സി.എച്ചിനെ എപ്പോഴും കാണാനും ആ സ്‌നേഹവര്‍ത്തമാനങ്ങള്‍ കേട്ടിരിക്കാനും സന്ദര്‍ഭങ്ങളില്ലാതായി. കൊയിലാണ്ടിടൗണ്‍മധ്യത്തിലെ മാളികമുകളിലുള്ള ലീഗ് ഓഫീസിലേക്കു കയറിപ്പോകുമ്പോള്‍ വല്ലപ്പോഴുംഞങ്ങള്‍ കാണാന്‍ നില്‍ക്കും. അപ്പോള്‍ അമേത്ത് വീട്ടിലെ ഓരോരുത്തരുടെയും വിവരങ്ങള്‍ ചോദിക്കും. എന്നോട് പുസ്തകത്തെക്കുറിച്ചായിരിക്കും അധികവും. ഏതാണിപ്പോള്‍ വായിക്കുന്നത്. നീ വായനശാലയില്‍ പോയി ബഷീറിന്റെ ‘അനര്‍ഘനിമിഷം’ വാങ്ങണം. ആറ്റയോട് ഞാന്‍ പറയാം. പിന്നീട് കാണുമ്പോള്‍ ചോദിക്കും, അതു വായിച്ചില്ലേ? എന്ത് തോന്നി. എവിടെയെങ്കിലും വെച്ച് കണ്ടുമുട്ടുമ്പോള്‍ ശരിയുത്തരം കൊടുക്കാന്‍ പാകത്തില്‍ വേഗം വായിച്ചുതീര്‍ത്തിട്ടുണ്ടാകും. എനിക്ക് ചോദിക്കാനും പറയാനും ഒരാളുണ്ട് എന്ന ധൈര്യം മനസ്സില്‍ വളര്‍ന്നു. അവഗണിക്കപ്പെട്ടവനെയും ഒറ്റപ്പെട്ടവനെയും കൈപിടിക്കാനൊരാള്‍.
നന്നേ ചെറുപ്പമാണെങ്കിലും സി.എച്ച് അപ്പോഴേക്കും മലബാറില്‍ പരക്കെ അറിയപ്പെടുന്ന വാഗ്മിയും എം.എസ്.എഫിന്റെ പ്രമുഖഭാരവാഹിയും മുസ്‌ലിം ലീഗിന്റെ നേതാവും ചന്ദ്രികയുടെ പത്രാധിപരുമായിക്കഴിഞ്ഞിരിക്കുന്നു. സി.എച്ച് എപ്പോഴും പറയും ഖാദര്‍ എന്തെങ്കിലും എഴുതണം. നമുക്ക് ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയില്‍ കൊടുക്കാം. അതൊരു കമ്പമായി മനസ്സില്‍ കിടന്നു. കൊയിലാണ്ടിയിലെ ഒരു കല്യാണ സദസ്സില്‍വെച്ച് സി.എച്ചിനെ ഒറ്റയ്‌ക്കൊന്നു കിട്ടിയപ്പോള്‍ പറഞ്ഞു: ഞാനൊരു ‘കഥ’യെഴുതിയിട്ടുണ്ട്. അയക്കട്ടെ? സി.എച്ച് സന്തോഷത്തോടെ സമ്മതിച്ചു. 1951ലാണ്. ‘വിവാഹ സമ്മാനം’ എന്നാണു കഥ. ഉമ്മയില്ലാത്ത കുട്ടിയുടെ ഒറ്റപ്പെടലും ബാപ്പ പണമയച്ചു തരാത്തതുകൊണ്ട് സുഹൃത്തിന്റെ വിവാഹത്തിന് സമ്മാനം കൊടുക്കാന്‍ കഴിയാത്തതും ബന്ധുക്കളുടെ അനിഷ്ടവുമെല്ലാം കഥയിലുണ്ട്. പിറ്റേആഴ്ച ചന്ദ്രിക ബാലപംക്തിയില്‍ കഥ അച്ചടിച്ചുവന്നു. ‘വിവാഹ സമ്മാനം’- കൊയിലാണ്ടി യു.എ ഖാദര്‍. പക്ഷേ കഥയുടെ പേര് മാത്രമേ തന്റേതായുള്ളൂ. ബാക്കിയെല്ലാം മാറ്റിപ്പണിതിരിക്കുന്നു. സുഹൃത്തിന്റെ വിവാഹത്തിനു മറ്റുള്ളവരെപ്പോലെ ഞാനും വിലകൂടിയ ഒരു സമ്മാനം കൊടുത്തു. ‘പ്രിയ ചങ്ങാതിയുടെ വിവാഹത്തിന് എന്റെ മംഗളാശംസകള്‍’ എന്ന് നല്ല ചിത്രപ്പണികളോടെ എഴുതി ഒരു കവറിലിട്ട് നല്‍കിയതായിരുന്നു എന്റെ സമ്മാനം. മറ്റു വില പിടിപ്പുള്ള സമ്മാനങ്ങളുടെ കൂട്ടത്തില്‍ ഇതിനെ എന്റെ സ്‌നേഹിതന്‍ എങ്ങനെ സ്വീകരിക്കും എന്ന ചോദ്യത്തിലവസാനിക്കുന്ന കഥ. അച്ചടിച്ചു വരുംമുമ്പേ സി.എച്ചിന്റെ കത്ത് കിട്ടിയിരുന്നു. ‘കഥയുടെ ഇതിവൃത്തം നന്ന്’. പ്രതിപാദനം പോരാ. ശ്രദ്ധിക്കുമല്ലോ.
സി.എച്ച് വീണ്ടും എഴുതി. കഥ കണ്ടിരിക്കുമല്ലോ? വായിച്ചില്ലേ? മാറ്റങ്ങള്‍ ശ്രദ്ധിച്ചുവോ? ഖാദറിന് കഥയെഴുതാനുള്ള കഴിവുണ്ട്. എഴുതാന്‍കഴിയുകയെന്നത് അനുഗ്രഹമാണ്. അവരവരുടെ ദു:ഖം പ്രകടിപ്പിക്കുന്നത് മറ്റുള്ളവര്‍ക്കു വിഷമമുണ്ടാക്കിയാവരുത്. അന്യരോടുള്ള പക തീര്‍ക്കലല്ല കഥയെഴുത്ത്. അതൊരു സര്‍ഗാത്മക പ്രവൃത്തിയാണ്. മോപ്പസാങിന്റെയും ആന്റണ്‍ ചെക്കോവിന്റെയും കഥകള്‍ ഖാദര്‍ വായിക്കണം. ഇക്കോണമി ഓഫ് വേഡ്‌സ് എങ്ങനെയെന്ന് ആ കഥാകൃത്തുക്കളില്‍ നിന്നു പഠിക്കുക’. കത്തു വായിച്ചുകഴിഞ്ഞപ്പോള്‍ മറ്റൊരു ലോകം മുന്നില്‍ തുറന്നു. ആദ്യമായാണ് ഈ പേരുകള്‍ കേള്‍ക്കുന്നത്. അതെന്നെ ഒന്നുകൂടി ചിട്ടപ്പെടുത്തി. കഥ പിന്നെയും എഴുതി. 1952 ഡിസംബര്‍ 20 ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ പുതിയ ലക്കം കയ്യില്‍ വന്നു. അതാ, അതില്‍ കഥയുടെ ഭാഗത്ത് ഞാനെഴുതിയത് അച്ചടിച്ചുവന്നിരിക്കുന്നു. ‘കണ്ണുനീര്‍ കലര്‍ന്ന പുഞ്ചിരി’ – കൊയിലാണ്ടി യു.എ ഖാദര്‍.
സി.എച്ച് അതില്‍ എഴുതിച്ചേര്‍ത്ത ഒരു വരിയുണ്ട്. ‘കണ്ണുനീരിന്റെ യവനികയ്ക്ക് ഉള്ളിലൂടെ’. കണ്ണുകള്‍ നിറഞ്ഞിരുന്നു. സന്തോഷാതിരേകത്താല്‍ മുഴുവന്‍ വായിക്കാനാവാതെ. ആ കാലം നിറഞ്ഞു നിന്ന വലിയ എഴുത്തുകാരുടെ താളിലാണ് സി.എച്ച് എന്നെ പ്രവേശിപ്പിച്ചിരിക്കുന്നത്. വലിയവര്‍ക്കൊപ്പം കസേരയിട്ടിരിക്കാന്‍ അര്‍ഹനാണോ അല്ലേ എന്നറിയില്ല. എന്നാലും സി.എച്ച് എന്നെ കൈപിടിച്ചിരുത്തി. പിന്നെയും സി.എച്ചിന്റെ കത്തുകള്‍ വന്നുകൊണ്ടിരുന്നു. ആ വാക്കുകള്‍ നല്‍കിയ വെളിച്ചത്തിലിരുന്നാണ് പിന്നീടെഴുതിയതെല്ലാം. ആ ജീവിതം എനിയ്ക്കുകൂടിയായിരുന്നുവെന്ന് തിരിച്ചറിയുന്നു. കഥകള്‍, നോവലുകള്‍, യാത്രാ വിവരണങ്ങള്‍, ആത്മകഥകള്‍ പലതും എഴുതിവെച്ചു. കേന്ദ്രസാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി തുടങ്ങി പുരസ്‌കാരങ്ങള്‍ പലതുകിട്ടി. എല്ലാം ഗുരുവിന് സമര്‍പ്പിക്കുന്നു. ആ ഗുരുവചനങ്ങള്‍ നല്‍കിയ കരുത്തിലാണ് ഈയുള്ളവന്റെ നില്‍പ്. സി.എച്ചും ചന്ദ്രികയും അതായിരുന്നു മുന്നോട്ടുള്ള യാത്രയില്‍ എന്നുമെന്റെ ഊര്‍ജ്ജപ്രവാഹം.
അബലയുടെ പ്രതികാരവും തുര്‍ക്കി വിപ്ലവവും അന്നു ചന്ദ്രിക പ്രസിദ്ധീകരിച്ച ഏറെ വായനക്കാരെ ആകര്‍ഷിച്ച പുസ്തകങ്ങളാണ്. ഇതു രണ്ടും എഴുതിയ വി. അബ്ദുല്‍ഖയ്യൂം സാഹിബിനെ കാണാന്‍ കുട്ടിക്കാലത്തൊരിക്കല്‍ ചന്ദ്രികയില്‍ പോയി. സി.എച്ച് മുകളിലേക്ക് കൂട്ടി. അന്നാണ് പി.എ മുഹമ്മദ് കോയയെയും പരിചയപ്പെട്ടത്. ‘ചങ്ങല’ എന്ന നോവല്‍ ചന്ദ്രികയില്‍ വരുമ്പോള്‍ ചില എതിര്‍പ്പുകളുയര്‍ന്നു. നോവല്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടു. സി.എച്ച് സമ്മതിച്ചില്ല. തുടക്കത്തില്‍ കൊയിലാണ്ടിയില്‍ എം.എസ്.എഫിന്റെ ഭാരവാഹിയും പ്രവര്‍ത്തകനുമായി യു.എ ഖാദര്‍ രംഗത്തുണ്ട്. ആര്‍.എന്‍. കുളൂര്‍ മത്സരിക്കുമ്പോള്‍ മുസ്‌ലിംലീഗ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഖാദറിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ സജീവമായി. ടി.പി മമ്മുക്കയോടൊപ്പം മെഗാഫോണില്‍ വിളിച്ചുപറഞ്ഞു ജാഥ നടത്തും. കത്തുമായി വീടുകള്‍ കയറും. പിന്നീട് പ്രോഗ്രസ്സീവ് ലീഗിന്റെ പ്രവര്‍ത്തകനായും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പറായും ഒടുവില്‍ പുരോഗമന കലാസാഹിത്യ സംഘം പ്രസിഡന്റായുമൊക്കെ യു.എ ഖാദര്‍ എന്ന സാഹിത്യകാരന്റെ രാഷ്ട്രീയ ജീവിതം. പക്ഷേ ഈ രാഷ്ട്രീയമാറ്റങ്ങളൊന്നും സി.എച്ച് ഗൗനിച്ചതേയില്ല. കാണുമ്പോള്‍ അതിനെകുറിച്ചു മാത്രം ചോദിച്ചതുമില്ല. കുഞ്ഞുനാള്‍ തൊട്ടുള്ള സ്‌നേഹവാത്സല്യം, പ്രചോദനം ഒട്ടും മാറ്റ് കുറയാതെ തുടര്‍ന്നു.
ഇവന്‍ നമുക്ക് വേണ്ടവനാണ് എന്ന മനസ്സ് സി.എച്ച് മരിക്കുവോളം പുലര്‍ത്തി. 1967 മുതല്‍ യു.എ ഖാദര്‍ എന്ന തൃക്കോട്ടൂര്‍ (കൊയിലാണ്ടി) അംശക്കാരന്‍ കോഴിക്കോട് തട്ടകമാക്കി. സാഹിത്യമെഴുത്തില്‍ മലയാള ഗ്രാമ്യത്തനിമയുടെ തൃക്കോട്ടൂര്‍ വിളക്ക് തെളിച്ച യു.എ ഖാദര്‍ എന്ന മഹാപ്രതിഭ, കിണാശ്ശേരി പൊക്കുന്നിലെ ‘അക്ഷരം’ എന്നു പേരിട്ട വീട്ടിലിരുന്ന് ഒരു പകലത്രയും പറഞ്ഞു തന്നതിലെ സി.എച്ച് കാണ്ഡം മാത്രം ഒരു മഹാഗ്രന്ഥമുണ്ട്. എം.വി ദേവന്‍ മാതൃഭൂമിയില്‍ വരച്ചതു കണ്ട് സ്‌കൂള്‍ ഫൈനല്‍ കഴിഞ്ഞപ്പോള്‍ ചിത്രകല പഠിക്കാന്‍ മദ്രാസില്‍ പോയി. 1955ല്‍ നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസില്‍ ജോലി. 1957ല്‍ ദേശാഭിമാനിയുടെ പ്രപഞ്ചം വാരികയുടെ സഹപത്രാധിപര്‍, 1960 മുതല്‍ സംസ്ഥാന ആരോഗ്യ വകുപ്പില്‍, 1967 മുതല്‍ 72 വരെ കോഴിക്കോട് ആകാശവാണിയില്‍. 1990ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃശിശു വിഭാഗത്തില്‍ ജോലിയിലിരിക്കെ വിരമിച്ചു. 1992 മുതല്‍ മൂന്നു വര്‍ഷം മംഗളം ദിനപത്രത്തിന്റെ മലബാര്‍ എഡിഷന്‍ റസിഡന്റ് എഡിറ്റര്‍. ഭാര്യ: ഫാത്തിമ ബീവിയും ഫിറോസ്, കബീര്‍, അദീബ്, സറീന, സുലേഖ എന്നീ മക്കളുമായി സന്തുഷ്ട ജീവിതം. നൂറ്റാണ്ടിലെ കഥയെഴുത്തിലെ വന്മരങ്ങള്‍ക്കൊപ്പം മലയാളം രേഖപ്പെടുത്തിയ സവിശേഷനാമമായി യു.എ ഖാദര്‍. മറ്റാര്‍ക്കും വഴങ്ങാത്തൊരു രചനാ ശൈലി വശപ്പെടുത്തിയൊരാള്‍. പക്ഷേ ആര്‍ക്ക് അഭിമുഖം നല്‍കുമ്പോഴും അഭിമാനത്തോടെ പറയും സി.എച്ചും ചന്ദ്രികയും തന്നെ.
ജനനേതാവായി, മന്ത്രിയായി, മുഖ്യപത്രാധിപരായി സി.എച്ചിനു തിരക്കുകള്‍ വര്‍ദ്ധിച്ചു. എന്റെ ജീവിത യാത്രയും മറ്റൊരുവഴിക്കായി. തമ്മില്‍കണ്ടിട്ട് ഏറെകാലമായി. കത്തിടപാടുകളും കുറഞ്ഞു. അറിയാത്തൊരകലം ഇടയില്‍ രൂപപ്പെട്ടതു പോലെ. അപ്പോഴാണ് അബൂദാബി കവ്വായി മുസ്‌ലിം അസോസിയേഷന്‍ ഒരു സുവനീര്‍ എഡിറ്റു ചെയ്യാന്‍ എന്നെ സമീപിക്കുന്നത്. സി.എച്ചിന്റെ സൃഷ്ടി അതില്‍വേണമെന്ന് ഭാരവാഹികള്‍ക്ക് നിര്‍ബന്ധം. വാങ്ങാന്‍ എന്നെയാണ് ചുമതലപ്പെടുത്തുന്നത്. ഞാന്‍ ചമ്മുന്ന മട്ടിലാണ് സി.എച്ചിനെ കാണാന്‍ പോകുന്നത്. ചന്ദ്രികയുടെ മുകളില്‍ അദ്ദേഹമുണ്ട്. കണ്ടാല്‍ ഭാവിക്കില്ല എന്നു സംശയിച്ചിരുന്നു. ചെന്നപാടെ വളരെ കാലത്തിനുശേഷം കണ്ടുമുട്ടുന്ന ഉടപ്പിറപ്പിനെ പോലെ സി.എച്ച് എന്നെ ചേര്‍ത്തു പിടിച്ചു. എളയുമ്മാന്റെ സ്ഥിതിയെന്താണെന്ന് അന്വേഷിച്ചു. കുഞ്ഞായിശുവിനെ ഹജ്ജിനു പോയപ്പോള്‍ കണ്ടിരുന്നു. കൂടെ അബൂബക്കര്‍ പുയ്യാപ്ലയുമുണ്ടായിരുന്നു. അന്നു മൂപ്പത്തിക്ക് അശേഷം ക്ഷീണമുണ്ടായിരുന്നു. ഇങ്ങനെയോരോന്ന് എണ്ണിയെണ്ണി പറഞ്ഞു. കുടുംബത്തിലൊരാളെ കണ്ടുമുട്ടുമ്പോള്‍ സംസാരിക്കാനുള്ളതെല്ലാം. ഏതോ കാലത്തെ കൂടികാഴ്ചയെക്കുറിച്ചാണ്. ഒരാളെപോലും മറന്നുപോകാതെ. ബന്ധങ്ങളെ ഏത് അവസ്ഥയിലും ഏതുബഹളത്തിലും മനസില്‍ സൂക്ഷിക്കുന്നതാണ് സി.എച്ചിന്റെ ഏറ്റവും വലിയ മഹത്വം. കൂടെ പോന്നവര്‍ ചോദിച്ചു. നിങ്ങളല്ലേ പറഞ്ഞത് സി.എച്ച് പിണക്കമാവും, കണ്ടഭാവം നടിക്കില്ലെന്ന്, എന്നിട്ടിപ്പോഴോ ?. മറുപടി പറഞ്ഞില്ല. എന്റെ കണ്ണുനിറഞ്ഞിരുന്നു. അല്ലെങ്കിലും എങ്ങിനെ കണ്ടില്ലെന്നുനടിക്കും സി.എച്ച്. എനിക്കദ്ദേഹമാരായിരുന്നു. എന്നും ഒരുരക്ഷിതാവിന്റെ സ്ഥാനത്ത്.
കടലോളമാഴത്തിലെ സങ്കടപ്പാടുകളെനോക്കി മൗനിയായ പിതാവിനെയും ബില്ലീനിലെ ജീവിത ബാക്കിയും ഖാദര്‍ ‘ഓര്‍മ്മ’യില്‍ വരച്ചു. ‘ബര്‍മ്മയിലെ കാര്യങ്ങള്‍ ചോദിച്ചറിയുവാന്‍ ശ്രമിയ്ക്കുമ്പോഴൊക്കെ ബാപ്പയുടെ കണ്ണുകള്‍ കലങ്ങുന്നത് ഞാന്‍ കണ്ടു…. നദിക്കരയിലായിരുന്നു ഞങ്ങളുടെ വീട്. മരപ്പലകകള്‍ കൊണ്ടു പണിതത്. പെട്ടെന്ന് വെള്ളം പൊങ്ങുമ്പോള്‍ മരക്കുറ്റിയില്‍ ഉയര്‍ന്നുനില്ക്കുന്ന ഞങ്ങളുടെ പുരയുടെ ചുവട്ടിലൂടെ ചുവന്നു കലങ്ങിയ വെള്ളം കുത്തിയൊഴുകുന്നുണ്ടാവും. അങ്ങനെയൊരു വെള്ളപ്പൊക്കത്തില്‍ വരാന്തയില്‍ കളിയ്ക്കുകയായിരുന്ന കുട്ടി വെള്ളത്തില്‍ വീണത്രെ. കുട്ടി മുങ്ങിപൊങ്ങുന്നത് അടുത്തമുറിയില്‍ പാര്‍ക്കുന്ന ചീനക്കാരന്റെ കുടുംബിനി കണ്ടു. മരക്കാലുകളിലെങ്ങിനെയോ, എവിടെയോ, ഒഴുക്കില്‍തങ്ങിയവനെ ചീനക്കാരന്‍ മുങ്ങിയെടുത്തു.
പിന്നീട് പോകുന്നിടത്തൊക്കെ ബാപ്പ കുട്ടിയെ കൊണ്ടുപോയി, ബില്ലിന്‍ മുനിസിപ്പാലിറ്റിയുടെ നടുവിലാണ് ബില്ലിന്‍ മാര്‍ക്കറ്റ്. നിരനിരയായി കച്ചവടപ്പീടികകള്‍, ആ പീടികകളിലൊന്നില്‍ ബാപ്പയിരിയ്ക്കുന്നു. എന്നെക്കണ്ടാലുടന്‍ ബാപ്പയോട് ബര്‍മ്മാ ഭാഷയില്‍ കാര്യങ്ങള്‍ പറഞ്ഞ് അടുത്തുള്ള ബര്‍മ്മക്കാരി അവരുടെ പീടികയില്‍ എന്നെകൊണ്ടുവന്നിരുത്തുന്നു. എനിയ്ക്കവരെ വളരേ ഇഷ്ടമായിരുന്നു.അവരെന്നെ കെട്ടിപ്പിടിക്കുകയും ഉമ്മവെയ്ക്കുകയും മധുരപലഹാരങ്ങള്‍ തീറ്റിക്കുകയും ചെയ്യും. മാറത്തടക്കിപിടിച്ച് സങ്കടത്തില്‍ എന്തെല്ലാമോ പറയും. കടയടയ്ക്കുന്നനേരത്തേ എന്നെ തിരിച്ചേല്പിക്കാറുള്ളു. എനിക്കതിന്റെ പൊരുള്‍ പിടികിട്ടിയില്ല. യുദ്ധം കഴിഞ്ഞ് ബാപ്പവീണ്ടും ബര്‍മ്മയിലേക്ക് പോയിരുന്നു. തിരിച്ചുപോകാത്ത ബര്‍മ്മാ അഭയാര്‍ത്ഥികള്‍ നാട്ടില്‍ ചിലരുണ്ടായിരുന്നു. അവര്‍ പറയുന്നത് കേട്ടു: ”ബിത്തിങ്ങ്വാങ്ങ് എത്ര നിര്‍ബന്ധിച്ചതാ ഓള്‍ പോറ്റി ക്കോളാന്ന്. സമ്മതിച്ചില്ല. ഓള്‍ക്കതിന്ന് അവകാശോം ഉണ്ടായിനും. മാമൈദിയുടെ അനിയത്തിയല്ലെ പെണ്ണ്. ഏട്ടത്തിന്റെ മോനെ കാക്കാക്ക് വിട്ടുകൊടുക്കാന്‍ തോന്നോ… പക്ഷെ മോയിറ്റിയുടെ നിര്‍ബന്ധം. ഓന്റെ മോനാണല്ലോ’.
മനസ്സില്‍ ഉമ്മയുടെ രൂപമില്ല. ബാപ്പ അന്ന്എവിടെയെല്ലാം പോകുമോ, അവിടെയെല്ലാം എന്നേയും കൊണ്ടു പോയി. ഐരാവതിയില്‍ എപ്പോഴാണ് വെള്ളം പൊങ്ങുകയെന്നറിയില്ലല്ലോ. പെഗോഡകള്‍ നിറഞ്ഞ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഉത്സവകാലം വരുമ്പോള്‍ വഴിവാണിഭത്തിന്നിറങ്ങുന്ന ബാപ്പയും മൂത്താപ്പയും ഉന്തുവണ്ടിയില്‍ സാമാനങ്ങള്‍ക്കൊപ്പം എന്നെയും വച്ചാണ് യാത്രയാവുക. ഉത്സവസ്ഥലത്തെ ചന്തപ്പുരകളുടെ പിന്നാമ്പുറത്ത് അടുപ്പുകൂട്ടി വെച്ചുകാച്ചിയുണ്ടാക്കുകയും എന്നെ തീറ്റിയ്ക്കുകയും കൂടെക്കിടത്തിയുറക്കുകയും ചെയ്തു ബാപ്പ.
ഒരുനാള്‍ ബില്ലീന്‍ മാര്‍ക്കറ്റിനുമുകളിലൂടെ വിമാനങ്ങള്‍ ഇരമ്പി പായുന്നത് കണ്ടു. മാര്‍ക്കറ്റില്‍ നിന്നുമിറങ്ങി പുറത്തേക്കു വന്ന ആളുകള്‍ ഭയന്നു. പെട്ടെന്ന് പീടികകള്‍ അടച്ചു. എവിടെനിന്നോ സൈറണ്‍ വിളികള്‍ മുഴങ്ങുന്നു. ബിത്തിങ്ങ്വാങ്ങിന്റെ മടിയിലിരിക്കയായിരുന്ന എന്നെ ബാപ്പ എടുത്തത് നിര്‍ബന്ധപൂര്‍വ്വമാണ്. ബിത്തിങ്ങ്വാങ്ങ് കരയുകയും അല മുറയിട്ട് എന്തൊക്കെയോ പറയുകയുമാണ്.
അന്ന് പുഴത്തീരത്തെ താമസസ്ഥലത്ത് നിന്നും എങ്ങോട്ടെന്നില്ലാതെ ബാപ്പയും മൂത്താപ്പയും കൊക്കോയിയും കയ്യില്‍ കൊണ്ടുപോകാവുന്ന പെട്ടികളില്‍ കിട്ടാവുന്ന സാമാനങ്ങള്‍ കുത്തിനിറച്ച് വീടുപൂട്ടിയിറങ്ങി. ആള്‍ക്കൂട്ടത്തിനൊപ്പം എത്തിയത് റങ്കൂണ്‍ പട്ടണത്തിലാണ്. ഹാര്‍ബറില്‍ അവസാനത്തെ കപ്പല്‍, യാത്രക്കാരേയും വഹിച്ച് തുറമുഖം വിടുന്നു. മൂത്താപ്പ വാവിട്ടുകരഞ്ഞു. ബാപ്പ എന്നെ മാറോടു ചേര്‍ത്ത് വിതുമ്പി. റങ്കൂണ്‍ തെരുവീഥികളില്‍ നിറയേ ജനം. മുകളില്‍ രണ്ടാം ലോക മഹായുദ്ധത്തിന്റെ പോര്‍വിമാനങ്ങള്‍ വട്ടമിട്ടു പറക്കുന്നു. അപായം വിളിച്ചോതുന്ന സൈറണ്‍ വിളികള്‍. എന്റെ ശരീരം നിറയെ ചുവന്നുതിണര്‍ത്തിരിക്കുന്നു. പൊള്ളുന്ന പനി. ബാപ്പയും മൂത്താപ്പയും തമ്മില്‍ എന്തോപറഞ്ഞിടയുന്നു. എന്റെ ശരീരം നീറ്റലെടുത്തു ചുട്ടുപുകഞ്ഞു. ഞാന്‍ കരയുകയായിരുന്നു. കുതിയ്ക്കുന്ന വാഹനത്തില്‍നിന്നും പുറത്തേക്കെറിയുവാന്‍ ആരോ ആജ്ഞാപിയ്ക്കുന്നു. ബര്‍മ്മക്കാരിയുടെ സന്തതിയെ കൂടെയെടുത്തതിനായിരുന്നു ബാപ്പ മറ്റുള്ളവരുടെ ആക്ഷേപങ്ങള്‍ കേട്ടതെന്ന് പിന്നീടറിഞ്ഞു.
ഏതോ ഒരതിര്‍ത്തിയില്‍ വാഹനം നിന്നു. എല്ലാവരും ഇറങ്ങി. പിന്നീട് നടത്തമായിരുന്നു. മലകയറ്റങ്ങള്‍. ഇറക്കങ്ങള്‍. മുമ്പേ കടന്നു പോയവരുടെ കാലടികള്‍ പിന്തുടര്‍ന്നു. വനത്തിലൂടെയും, വെളിമ്പറമ്പു കളിലൂടെയും നിരനിരയായ മനുഷ്യപ്രവാഹം. ഞാന്‍ ബാപ്പയുടെ ചുമലിലായിരുന്നു. ശരീരത്തിലെ ചിണര്‍പ്പുകള്‍ പഴുത്ത് ചീഞ്ഞ് ചൊറിയും ചിരങ്ങുമായി മാറിയിരിക്കുന്നു. ചോരയും ചലവും ബാപ്പയുടെ ചുമലിലൂടെ ഒഴുകുന്നു. മലയടിവാരത്തില്‍ മുമ്പെ നടന്നുപോയവര്‍ ഉപേക്ഷിച്ച സാധനങ്ങള്‍ അനാഥമായി കിടക്കുന്നു. ദാഹിച്ചും വിശന്നു വലഞ്ഞും ദിക്കറിയാത്ത യാത്ര. എത്ര രാവുകള്‍ എത്ര പകലുകള്‍? ആര്‍ക്കും അറിയില്ലായിരുന്നു. അന്നു നടന്നത് അരാക്കാന്‍ മലകളിലൂടെയായിരുന്നു എന്ന ഭൂമിശാസ്ത്രം അറിയുന്നത് എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷമാണ്.
യാത്രക്കിടയില്‍ മരിച്ചുവീണ ഉറ്റവരേയും അരാക്കാന്‍ കാടുകളില്‍ ഉപേക്ഷിച്ചു. ബര്‍മ്മയിലെ സമ്പാദ്യങ്ങള്‍ അവിടേയും. ഉപേക്ഷിക്കാതെ ഒക്കത്തേന്തിയെത്തിച്ചത് എന്നെയായിരുന്നു. മാമൈദിയുടെ മകന്‍.ചൊറി യും ചിരങ്ങും പിടിച്ചു പഴുത്തളിഞ്ഞ് അഴുകിനാറുന്ന ചെക്കനെ ചിറ്റഗോങ്ങിലെ അഭയാര്‍ത്ഥി ക്യാമ്പിലുപേക്ഷിക്കാനും ബാപ്പയോടാരൊക്കെയോ ഉപദേശിച്ചുപോലും. ബിത്തിങ്ങ്വാങ്ങ് ഏറ്റെടുക്കാമെന്ന് പറഞ്ഞ മകന്‍. പേറ്റുപായയില്‍ കിടന്നു കണ്ണടയ്ക്കും മുമ്പ് മാമൈദി എന്ന ഇഷ്ടപ്പെട്ടവള്‍ തന്നേല്പിച്ച മകന്‍… എന്നെ തലയില്‍ ചുമന്ന്, അരാക്കാന്‍ മലകളിലൂടെ നിരനിരയായി നീങ്ങുന്ന അഭയാര്‍ത്ഥി പ്രവാഹത്തില്‍ ഒരാളായി നടന്ന്, നാട്ടിലെത്തിയ ഉപ്പ ഇന്നില്ല’. ഇവനെ കൈവിടില്ലൊരിക്കലുമെന്നാശിച്ച സി.എച്ചും.

കേരളം

Post navigation

Previous post
Next post

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Terms and Conditions

if you if you want to run ads to promote your side then its best way to promote on this website by your ideas AdWords that help you more and get more traffic through it but you can pay minimum or maximum weight depend on you We reserve the right, at Our sole discretion, to modify or replace these Terms at any time. If a revision is material We will make reasonable efforts to provide at least 30 days' notice prior to any new terms taking effect. What constitutes a material change will be determined at Our sole discretion.By continuing to access or use Our Service after those revisions become effective, You agree to be bound by the revised terms. If You do not agree to the new terms, in whole or in part, please stop using the website and the Service.

REFUNDS

After receiving your refund request and inspecting the conditionof your item, we will process your refund. Please allow at least three (3) days from the receipt of your item to process your return. Refunds may take 1-2 billing cycles to appear on your bank statement, depending on your bank .We will notify you by email when your refund has been processed

Contact Us:

If you have any questions about these Terms and Conditions, You can contact us:

By email: [email protected]

phone: 9446586970

©2025 M news | WordPress Theme by SuperbThemes