തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്ത മന്ത്രി കെ ടി ജലീലിനെതിരെ വന്‍ പ്രതിഷേധവുമായി പ്രതിപക്ഷം ഒന്നടങ്കം രംഗത്ത്. സംസ്ഥാനത്തെ വിവിധ മന്ത്രിമാരുടെ വീടുകളിലേക്കും, കമ്മീഷണറോഫീസുകളിലേക്കും, കളക്ടറേറ്റുകളിലേക്കും യൂത്ത് കോണ്‍ഗ്രസും, കോണ്‍ഗ്രസും, മുസ്‌ലിംലീഗും യൂത്ത്‌ലീഗും, യുവമോര്‍ച്ചയും ബിജെപിയും നടത്തിയ പ്രതിഷേധമാര്‍ച്ചുകള്‍ പൊലീസ് തടഞ്ഞു. പലയിടത്തും സംഘര്‍ഷങ്ങളും അരങ്ങേറി. ആലപ്പുഴയിലെയും കൊല്ലത്തെയും മാര്‍ച്ചുകള്‍ തടഞ്ഞത് സംഘര്‍ഷത്തിലേക്ക് വഴിമാറിയപ്പോള്‍, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
മന്ത്രി കെ ടി ജലീലിന്റെ മലപ്പുറം വളാഞ്ചേരിയിലെ വീടിന് ചുറ്റും വന്‍ പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകരെയോ ആരെയുമോ സ്ഥലത്തേക്ക് പ്രവേശിപ്പിക്കുന്നില്ല. വീട്ടിനകത്ത് മന്ത്രി ജലീല്‍ ഇപ്പോഴും മൗനത്തിലാണ്. എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്ത വിവരം ഇപ്പോഴും മന്ത്രി പരസ്യമായി സമ്മതിച്ചിട്ടില്ല. എന്നാല്‍ വിളിച്ച പ്രാദേശിക സിപിഎം നേതാക്കളോട് തന്നെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തതായി മന്ത്രി പറയുന്നുണ്ട്. വെള്ളിയാഴ്ച മന്ത്രിയെ ചോദ്യം ചെയ്ത വിവരം പുറത്തുവന്നതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍ പല തവണ ഇക്കാര്യം സ്ഥിരീകരിക്കാനായി മന്ത്രിയെ വിളിച്ചെങ്കിലും അദ്ദേഹം ഇത് ശക്തമായി നിഷേധിക്കുകയായിരുന്നു. എന്തിനാണ് ചോദ്യം ചെയ്തിട്ടും, അദ്ദേഹം അത് നിഷേധിച്ചത് എന്ന ചോദ്യമാണ് ഉയരുന്നത്. മാധ്യമങ്ങള്‍ അത് വലിയ വാര്‍ത്തയാക്കുമെന്ന് കരുതി ബോധപൂര്‍വമാണ് ഇത് പറയാതിരുന്നതെന്ന് പ്രാദേശിക സിപിഎം നേതാക്കളോട് അദ്ദേഹം പറഞ്ഞതായാണ് വിവരം.