പടനിലം: ഗവ. എൽ.പി സ്കൂളിനു വേണ്ടി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം പി.ടി.എ റഹീം എം.എൽ.എ നിർവ്വഹിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗപ്പെടുത്തിയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.
നാഷണൽ ഹൈവേയുടെ ഓരത്ത് ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഒരു ചെറിയ കെട്ടിടത്തിൽ പ്രവർത്തിച്ചുവന്നിരുന്ന പടനിലം സ്കൂളിന് സംസ്ഥാന സർക്കാർ അനുവദിച്ച 87 ലക്ഷം രൂപ ചെലവിൽ കെട്ടിടം നിർമ്മിച്ചതോടെയാണ് ശാപമോഷമായത്. കുന്നമംഗലം ഗ്രാമ പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമായ പടനിലം സ്കൂളിന് നാട്ടുകാരും ഗ്രാമപഞ്ചായത്തും ചേർന്ന് വാങ്ങിയ സ്ഥലത്താണ് പുതിയ കെട്ടിടം നിർമിച്ചത്. സൗകര്യങ്ങൾ വർധിച്ചതോടെ വിദ്യാർഥികളുടെ എണ്ണത്തിലുണ്ടായ വൻ വർധനവാണ് പുതിയ കെട്ടിട സൗകര്യം അനിവാര്യമാക്കിയത്.
പടനിലം സ്കൂൾ കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ ഭൂപ്രകൃതിക്ക് അനുയോജ്യമായ വിധത്തിൽ രണ്ട് നിലകളിലായി നിർമ്മിച്ചിട്ടുള്ള നിലവിലുള്ള കെട്ടിടത്തിന്റെ
മൂന്നാം നിലയിൽ മൂന്ന് ക്ലാസ് റൂമുകളും ടോയ്‌ലറ്റുകളും ആണ് പുതിയ നിർമ്മിതിയിൽ ഉണ്ടാവുക. അതോടൊപ്പം കോംപൗണ്ട് വാൾ, ഗെയിറ്റ്, ഇൻറർലോക്കിംഗ്, എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലീന വാസുദേവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുനിത പൂതക്കുഴിയിൽ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.കെ ഹിതേഷ് കുമാർ, എം. ശിവാനന്ദൻ, വിനോദ് പടനിലം, ആസിഫ റഷീദ്, എ.കെ ഷൗക്കത്ത്, കെ. അസ്ബിജ, ശ്രീബ പുൽക്കുന്നുമ്മൽ, മുൻ ഹെഡ്മാസ്റ്റർ സി.കെ സിദ്ദീഖ് സംസാരിച്ചു. പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ എൻ. ശ്രീജയൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഹെഡ്മാസ്റ്റർ ഇൻചാർജ് കെ.സി അബ്ദുസ്സലാം സ്വാഗതവും പി.ടി.എ പ്രസിഡന്റ് യൂസഫ് പടനിലം നന്ദിയും പറഞ്ഞു.