കോഴിക്കോട്: താമരശ്ശേരി രൂപത മുൻ അദ്ധ്യക്ഷൻ അന്തരിച്ച മാർ പോൾ ചിറ്റിലപ്പിള്ളി പിതാവിന്റെ ഭൗതിക ശരീരം ഇന്ന് രാത്രി 9.30ന് താമരശ്ശേരി അൽഫോൻസാ ഭവനിൽ എത്തിക്കും. നാളെ (07-09-2020- തിങ്കൾ) രാവിലെ 08:30 -ന് താമരശ്ശേരി ബിഷപ് ഹൗസിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ഭൗതികശരീരം താമരശ്ശേരി മേരി മാതാ കത്തീഡ്രൽ പള്ളിയിൽ പൊതു ദർശനത്തിന് വയ്ക്കും.08-ാം തിയ്യതി, ചൊവ്വാഴ്ച രാവിലെ 11:00 മണിക്ക് സീറോ മലബാർ സഭാ തലവൻ മേജർ ആർച്ച്ബിഷപ്പ് മാർ ജോർജ്ജ് ആലഞ്ചേരി പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ സംസ്കാര ശുശ്രൂഷകൾ നടക്കും. ലത്തീൻ, മലങ്കര കത്തോലിക്കാ സഭകളിലെ വിവിധ രൂപതാദ്ധ്യക്ഷന്മാർക്കൊപ്പം ഇതര ക്രിസ്തീയ സഭകളിലെ ബിഷപ്പുമാരും സംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കും. *മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കേരളാ കോൺഗ്രസ് നേതാവ് പി ജെ ജോസഫ് ഉൾപ്പെടെ പ്രമുഖ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.കോഴിക്കോട്:താമരശ്ശേരി രൂപതാ മുൻ അദ്ധ്യക്ഷൻ ബിഷപ്പ് മാർ പോൾ ചിറ്റിലപ്പള്ളിയുടെ നിര്യാണത്തിൽ പ്രമുഖ ഇസ്ലാമിക പണ്ഡിതനും കോഴിക്കോട് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാമുമായ ഡോ.ഹുസൈൻ മടവൂർ അനുശോചിച്ചു. നാടിന്റെ വികസനത്തിന്നും മലയോര കർഷകരുടെ പുരോഗതിക്കും വേണ്ടി അദ്ദേഹം സ്തുത്യർഹമായ സേവനങ്ങൾ അർപ്പിച്ചിട്ടുണ്ട്. മത സൗഹാർദ്ദ സന്ദേശ പ്രചാരണ രംഗങ്ങളിലും മദ്യവിരുദ്ധ പ്രവർത്തനങ്ങളിലും ഒന്നിച്ചു പ്രവർത്തിച്ച നല്ലൊരു സഹപ്രവർത്തകനെയാണ് ബിഷപ്പിന്റെ വിയോഗം മൂലം നഷ്ടപ്പെട്ടതെന്ന് അനുശോചന സന്ദേശത്തിൽ ഡോ.മടവൂർ പറഞ്ഞു.