കുന്ദമംഗലം:ചാത്തൻകാവ് പ്രദേശത്ത് 2006 ൽ പ്രവർത്തനമാരംഭിച്ച വായനശാലക്ക് സ്വന്തം കെട്ടിടമായി. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ ഉപയോഗപ്പെടുത്തിയാണ് കെട്ടിടം നിർമ്മിച്ചത്. നാടിന്റെ സാംസ്കാരിക വളർച്ചയിൽ മുഖ്യ പങ്കുവഹിച്ച വായനശാലയുടെ കെട്ടിടം പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ചെറിയ നിലയിൽ തുടങ്ങിയ വായനശാലക്ക് സ്വന്തമായി കെട്ടിടം നിർമ്മിക്കാൻ പൊതുജനങ്ങളിൽ നിന്ന് സ്വരൂപിച്ച 7 ലക്ഷം രൂപ ഉപയോഗപ്പെടുത്തിയാണ് സ്ഥലം വിലക്കെടുത്തത്. എം.എൽ.എയുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടം അകാലത്തിൽ പൊലിഞ്ഞുപോയ ആരതി, ആദർശ്, ഗൗതം കൃഷ്ണ എന്നിവരുടെ സ്മാരകമായാണ് നാടിന് സമർപ്പിച്ചിട്ടുള്ളത്.
2016 ജൂൺ മൂന്നിന് പി.ടി.എ റഹീം എം.എൽ.എ ശിലാസ്ഥാപനം നടത്തിയ കെട്ടിടത്തിന്റെ പ്രവൃത്തി 2020 തുടക്കത്തിൽ തന്നെ പൂർത്തിയായെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ ഉദ്ഘാടനം നീട്ടിവെക്കുകയായിരുന്നു.
അയ്യായിരത്തിലധികം പുസ്തകങ്ങളുള്ള വായനശാലക്കായി നിർമിച്ച കെട്ടിടത്തിന് രണ്ട് നിലകളാണുള്ളത്. താഴെ നിലയിൽ വായനാമുറി, ടി.വി എന്നിവയും മുകൾ നിലയിൽ പുസ്തക ശേഖരവും സംവിധാനിച്ച വായനശാലയ്ക്ക് മുകളിൽ മനോഹരമായ മട്ടുപ്പാവും ഒരുക്കിയിട്ടുണ്ട്.
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ കെട്ടിടനിർമ്മാണത്തിന് ഫണ്ട് അനുവദിച്ച പി.ടി.എ റഹീം എം.എൽ.എയെ വായനശാല പ്രസിഡണ്ട് കെ. ശിവദാസൻ നായർ ഉപഹാരം നൽകി ആദരിച്ചു. കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ. ദിനേശൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുനിത കുറുമണ്ണിൽ, പി.പി ഷീജ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് കെ. സുരേന്ദ്രനാഥൻ സംസാരിച്ചു. വായനശാല സെക്രട്ടറി കെ. രത്നാകരൻ സ്വാഗതവും കെ.പി സത്യൻ നന്ദിയും പറഞ്ഞു