ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കഡറി പ്രവേശന നടപടികൾ ഈ മാസം 29 മുതൽ ആരംഭിക്കും. മുൻപ് 24ന് തുടങ്ങുമെന്നായിരുന്നു അറിയിച്ചിരുന്നത്. പൂർണമായും ഓൺലൈൻ ആയിട്ടായിരിക്കും നടപടികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. ആഗസ്റ്റ് 14 വരെ അപേക്ഷകൾ സ്വീകരിക്കും. സ്‌കൂളുകളിലെ അധ്യാപകരെയും അനധ്യാപകരെയും ഉൾപ്പെടുത്തി അപേക്ഷ സമർപ്പിക്കാൻ ഹെൽപ്പ് ഡെസ്‌ക്കുകൾ പ്രവർത്തിക്കുന്നതാണെന്നും മുഖ്യമന്ത്രി.
ഹെൽപ്പ് ഡെസ്‌ക്കുകളുടെ പ്രവർത്തനം 29 മുതൽ പ്രവേശന നടപടികൾ അവസാനിക്കുന്നത് വരെ തുടരും. സ്വന്തമായി അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്ക് താമസ സ്ഥലത്തിന് സമീപമുള്ള സ്‌കൂളുകളിലെത്തി അപേക്ഷ നൽകാം. സംശയ നിവാരണത്തിന് ജില്ലാ- സംസ്ഥാന തലങ്ങളിൽ ഹെൽപ്പ് ഡസ്‌കുകൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി.
അതേസമയം കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കോഴിക്കോട് വടകര നഗരസഭ കണ്ടെയ്ൻമെന്റ് സോണിലായി. കോഴിക്കോട് കോർപറേഷനിലെ 20 വാർഡുകൾ കണ്ടെയ്‌മെന്റ് സോണിലാണ്. തൃശൂരിൽ അഞ്ച് തദ്ദേശ സ്ഥാപനപ്രദേശങ്ങൾ കൂടി കണ്ടെയ്‌മെന്റ് സോണിലായിട്ടുണ്ട്.
തൃശൂരിൽ 33 തദ്ദേശ സ്ഥാപനങ്ങളിലെ പ്രദേശങ്ങൾ നേരത്തെ തന്നെ കണ്ടെയ്ൻമെന്റ് സോണിലുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ജില്ലകളിൽ നിന്നും ആളുകൾ മത്സ്യ വിപണനത്തിനായി തൃശൂരിൽ പ്രവേശിക്കുന്നത് നിരോധിച്ചു. വ്യാജ വാർത്തകൾ പ്രചരിപ്പിച്ച രണ്ട് പേർക്കെതിരെ കേസെടുത്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
പാലക്കാട് ജില്ലയിൽ പട്ടാമ്പിയിലും പരിസര പ്രദേശങ്ങളിലുമുള്ള 23 പേർക്ക് കൊവിഡുണ്ട്. ഒറ്റപ്പാലത്തും പെരുമാട്ടിയിലും രണ്ട് പേർക്ക് വീതം രോഗം സ്ഥിരീകരിച്ചു. കാസർഗോട്ടും വടക്കൻ മേഖലയിലും സമ്പർക്ക രോഗബാധ കൂടുന്നുവെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കേരളം ഇപ്പോൾ സവിശേഷ ഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഈ ഘട്ടത്തെയും അതിജീവിക്കുമെന്നും വരാനിരിക്കുന്ന ആഴ്ചകൾ അതീവ നിർണായകമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് കൂടുതൽ ആരോഗ്യ പ്രവർത്തകരെ ആവശ്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.