കോഴിക്കോട്: കോവിഡ് ജാഗ്രതാ പ്രചാരണത്തിൽ കണ്ണികളായി വിദ്യാർത്ഥികളും.
വീട്ടിലിരുന്ന് ചിത്രം, പോസ്റ്റർ രചന നടത്തി എൽകെജി മുതൽ ഹയർസെക്കണ്ടറിതലം വരെയുള്ള കുട്ടികളാണ് വൈറസ് വ്യാപനത്തിനെതിരെയുള്ള പ്രചാരണത്തിൽ അണി ചേരുന്നത്.
സദയം ചാരിറ്റബിൾ ട്രസ്റ്റിന്റെ കുട്ടികളുടെ വേദിയായ ബാലസദയമാണ് വേറിട്ട പ്രചാരണ പദ്ധതി തുടങ്ങിയത്.പ്രതിരോധ പ്രവർത്തനത്തിന് കുട്ടികളെ സജ്ജരാക്കിയുള്ള ഇത്തരമൊരു പദ്ധതി സംസ്ഥാനത്ത് ആദ്യമാണ്. കുട്ടികളിൽ കോവിഡിനെക്കുറിച്ച് സ്വയം ബോധ്യപ്പെടുകയും മറ്റുള്ളവരിൽ ബോധവൽക്കരണവും ബാലസദയം ലക്ഷ്യ മിടുന്നു. അവരിൽ സാമൂഹ്യബോധവും സഹജീവിസ്നേഹവും അവധിക്കാലം സർഗ്ഗാത്മകമായി വിനിയോഗിക്കാനും ഇതുവഴിവെക്കും.
കോവിഡ്: കരുതാം, പൊരുതാം എന്ന വിഷയത്തിൽ കുട്ടികൾ വീട്ടിൽ നിന്ന് രചന തയ്യാറാക്കി, ഫോട്ടോയെടുത്ത് വാട്സാപ്പിലൂടെ അയക്കുകയാണ് വേണ്ടത്. രചനകൾ ആദ്യഘട്ടത്തിൽ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയാണ് ബാലസദയം ചെയ്യുന്നത്. പിന്നീട് പ്രധാന കേന്ദ്രങ്ങളിലും വിദ്യാലയങ്ങളിലും പ്രദർശിപ്പിക്കും. തെരഞ്ഞെടുക്കപ്പെട്ട രചനകൾക്ക് സമ്മാനവും നൽകുന്നുണ്ട്. മർച്ച് 26ന് തുടങ്ങിയ പ്രചാരണത്തിൽ ഇതിനകം മുന്നൂറോളം കുട്ടികൾ രചനകൾ അയച്ചു. തോക്കല്ല, കോവിഡിനെ നേരിടാൻ സോപ്പും വെള്ളവുമാണ് ആയുധം, സ്വയം കരുതലെടുത്ത് നാടിനെ രക്ഷിക്കാം, കണ്ണി മുറിക്കാം, പ്രകൃതിസംരക്ഷണം അങ്ങനെ വിത്യസ്ഥ ആശയങ്ങളൂന്നിയാണ് കുട്ടികളുടെ രചന. 125 ഓളം വാട്സാപ്പ് ഗ്രുപ്പുകൾ, ഫെയ്സ് ബുക്ക്, വെബ് സൈറ്റ് വഴി ഇപ്പോൾ കുട്ടികളുടെ രചനകൾ പ്രചരിക്കപ്പെടുന്നുണ്ട്. ചാർട്ട് പേപ്പർ, ഡ്രോയിംഗ് ഷീറ്റ് ,അവ ലഭ്യമല്ലെങ്കിൽ വെള്ള പേപ്പർ എന്നിവയിലായിരിക്കണം രചന.പെയിന്റിംഗിന് വാട്ടർ/ ഓയിൽ/ അക്രിലിക് , ക്രയോൺ അല്ലെങ്കിൽ പേന, പെൻസിൽ ഉപയോഗിക്കാം പോസ്റ്ററിൽ ലക്ഷ്യ സംവാദം സാധ്യമാകുന്ന വാക്യങ്ങളാകണം.
വിവരങ്ങൾക്ക്: 8714402520, 94956 142 55.