കമാൽ വരദൂർ
. കോഴിക്കോട്:ഈ വൈറസ്
കോവിഡിനേക്കാള്‍ അപകടകാരി
ആരാണ് ബുദ്ധിമാന്‍
ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല. നിര്‍വചിക്കാനും പ്രയാസം. പ്രായോഗികമായി ചിന്തിക്കുന്നവനാണ് ബുദ്ധിമാന്‍ എന്ന് പറഞ്ഞത് ഗ്രീക്ക് ചിന്തകന്‍ പ്ലാറ്റോയാണ്. അങ്ങനെയാണെങ്കില്‍ നമ്മുടെ മുഖ്യമന്ത്രി ആളൊരു ബുദ്ധിമാനാണ്. അദ്ദേഹത്തെ കുറ്റം പറയരുത്. കെ.എം ബഷീര്‍ എന്ന മാധ്യമ പ്രവര്‍ത്തകനെ തലസ്ഥാന നഗരിയിലെ തെരുവോരത്ത് ഇല്ലാതാക്കിയ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കട്ടരാമനെ സര്‍വീസിലേക്ക് തിരിച്ചെടുക്കാന്‍ മുഖ്യമന്ത്രി കണ്ടെത്തിയ സമയം അപാരമാണ്. കോവിഡ് ഭീതിയില്‍ നാട് വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍, ശക്തമായ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോള്‍, വാര്‍ത്താ സമ്മേളനങ്ങള്‍ പോലും അനുവദനീയമല്ലാത്ത സമയത്ത് ആരോഗ്യ വകുപ്പില്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതലക്കാരനായി തന്നെ ഐ.എ.എസുകാരനെ തിരിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് രണ്ടേ രണ്ട് ചോദ്യങ്ങള്‍ മാത്രമാണ് മുഖ്യമന്ത്രി അനുവദിച്ചത്. കോവിഡ് അവലോകന യോഗത്തിന് ശേഷം പതിവായി നടത്താറുള്ള വാര്‍ത്താ സമ്മേളനത്തില്‍, കോവിഡ് കാര്യങ്ങളെല്ലാം വിശദീകരിച്ചതിന് ശേഷം ഉയര്‍ന്ന ചോദ്യത്തിന് ചിരിയിലായിരുന്നു ഉത്തരം. അത്തരം ചോദ്യങ്ങള്‍ക്കൊന്നും പ്രസക്തിയില്ല. നിങ്ങളുടെ നേതാക്കളുമായി ആലോചിച്ചാണ് തീരുമാനെടുത്തത്. സര്‍ക്കാര്‍ സത്യത്തിനൊപ്പം നില്‍ക്കും. കേസ് കോടതിയില്‍ തുടരട്ടെ. ഒരു തരത്തിലും തെറ്റുകാര്‍ക്കൊപ്പം സര്‍ക്കാര്‍ നില്‍ക്കില്ല. നിങ്ങള്‍ക്കിടയില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് സര്‍ക്കാരിന്റെ വിഷയമല്ല-ഈ മറുപടിയില്‍ അദ്ദേഹം ഉത്തരം അവസാനിപ്പിച്ചു. ഈ ഉത്തരത്തില്‍ അദ്ദേഹം മാധ്യമ ലോകത്തെ തന്നെ പ്രതിസ്ഥാനത്താക്കി. രണ്ട് ദിവസം കഴിഞ്ഞ് മാധ്യമ മേധാവികളുമായി നടത്തിയ വീഡിയോ കോണ്‍ഫ്രന്‍സിലായിരുന്നു അടുത്ത ചോദ്യം. സര്‍ക്കാര്‍ തെറ്റിനൊപ്പം നില്‍ക്കില്ല എന്ന മറുപടി. ഇവിടെയാണ് മുഖ്യമന്ത്രി ബുദ്ധിമാനാണെന്ന് ആവര്‍ത്തിക്കുന്നത്. പ്രതിഷേധമെന്നത് ജനാധിപത്യത്തിന്റെ അടയാളമാണ്. എല്ലാവര്‍ക്കും പ്രതിഷേധിക്കാനുള്ള വിശാല ലോകമാണിത്. പക്ഷേ ശബ്ദിക്കാന്‍ പോലുമുള്ള അവകാശം ചോദ്യം ചെയ്യപ്പെട്ട വേളയില്‍, എല്ലാവരും വൈറസ് ഭയത്തില്‍ നില്‍ക്കുമ്പോള്‍ ചോദ്യങ്ങളുയരാത്ത അന്തരീക്ഷത്തില്‍ ഏത് തീരുമാനവും ഭരണക്കൂടത്തിന് സ്വീകരിക്കാം. അതിനെയാണല്ലോ പ്രായോഗികത എന്ന് പറയുന്നത്. അതിനെ അദ്ദേഹം ആയുധമാക്കി. ആ പ്രായോഗികതക്ക് ജനാധിപത്യത്തിന്റെ ചിത്രം നല്‍കാന്‍ ചിലരുമായി ചര്‍ച്ച നടത്തിയതായും പറഞ്ഞു. മുഖ്യമന്ത്രിക്ക് കൃത്യമായി തന്നെയറിയം എന്താണ് വെങ്കട്ടരാമന്‍ ചെയ്തതെന്ന്. അദ്ദേഹത്തിന്റെ കൂടി തട്ടകമായ തിരുവനന്തപുരത്ത് കഴിഞ്ഞ ഓഗസ്റ്റ് മൂന്നിന് അര്‍ധരാത്രി നടന്ന കാഴ്ച്ചകള്‍ ഭീതിതമായിരുന്നു. അതിവേഗതയില്‍ വരുന്ന കാര്‍. ഡ്രൈവറുടെ ഇരിപ്പിടത്തില്‍ മദ്യപിച്ച് ലക്കുകെട്ട ഒരു ഐ.എ.എസുകാരന്‍. അരികിലെ സീറ്റില്‍ ഒരു അന്യസ്ത്രീ. കെ.എം ബഷീര്‍ എന്ന മാധ്യമ പ്രവര്‍ത്തകന്‍ റോഡിന് അരികിലായി ബൈക്കിലുണ്ടായിരുന്നു. ആ ബൈക്ക് ഇടിച്ച് തെറിപ്പിക്കുന്നു-തല്‍സമയം ബഷീര്‍ മരിക്കുന്നു. അതിന് ശേഷം പൊലീസ് എത്തുന്നു. വെങ്കട്ടരാമനെ തിരിച്ചറിയുന്നു. പിന്നെയാണ് നാടകീയ നിമിഷങ്ങള്‍ പിറന്നത്. പൊലീസ് തിരക്കഥയില്‍ വാഹനമോടിച്ചത് അരികിലിരുന്ന അന്യസ്ത്രീ. ഐ.എ.എസുകാരന്‍ മദ്യപിച്ചിരുന്നില്ല. എഫ്.ഐ.ആറിലും പിന്നിട് നടന്ന നാടകീയതക്കുമെല്ലാം ചുക്കാന്‍ പിടിച്ചത് ഐ.എ.എസ് ലോബിയായിരുന്നു. അതിന്റെ നിയന്ത്രണം ചീഫ് സെക്രട്ടറിക്കുമായിരുന്നു.ദിവസങ്ങളോളം ഐ.എ.എസുകാരന്‍ ആശുപത്രിയിലായിരുന്നു. അദ്ദേഹത്തിന് മറവി രോഗമുണ്ടെന്ന് മൊഴി വന്നു. ഏതെല്ലാം വിധത്തില്‍ അദ്ദേഹത്തെ രക്ഷിക്കാന്‍ കഴിയുമോ അതെല്ലാം പൊലീസും ഭരണകൂടവും ചെയ്തു. അവസാനം സസ്‌പെന്‍ഷനിലായി. പൊതുസമ്മര്‍ദ്ദം ശക്തമായപ്പോള്‍ സര്‍ക്കാര്‍ ചര്‍ച്ചകളെ നിഷേധിച്ചില്ല. ബഷീറിന്റെ ഭാര്യക്ക് ജോലി കൊടുത്തു. ചെറിയ നഷ്ടപരിഹാരം നല്‍കി. ഏത് വിഷയവും കാലത്തിന്റെ ഗമനത്തില്‍ മറവിയുടെ ലോകത്തേക്ക് പോവുമല്ലോ…. പക്ഷേ ബഷീറിന്റെ കാര്യത്തില്‍ കേരളം പ്രകടിപ്പിച്ച വികാരം വലുതായതിനാല്‍ അനുയോജ്യമായ പരിഹാരക്രിയക്ക് സര്‍ക്കാരിന് അവസരം കിട്ടിയല്ല. ആ അവസരം കൈവന്നപ്പോഴാണ് ഇപ്പോള്‍ അവര്‍ ഗുഡ് എന്‍ട്രി നല്‍കി വെങ്കട്ടരാമനെ തിരികെയെടുത്തിരിക്കുന്നത്. അതും കോവിഡ് ചുമതലയില്‍.
മറവിക്കാരന് ഉന്നത ചുമതല
വെങ്കട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ മുഖ്യമന്ത്രി നിരത്തിയ വലിയ വാദത്തിലൊന്ന് ഐ.എ.എസുകാരന്‍ വെറുതെ ശബളം വാങ്ങേണ്ട എന്നാണ്. അതായത് സസ്‌പെന്‍ഷനിലും അദ്ദേഹം വലിയ പ്രതിഫലം പറ്റുന്നു. വെറുതെ എന്തിനാണ് അദ്ദേഹത്തിന് പ്രതിഫലം നല്‍കുന്നത്. അദ്ദേഹം ജോലി ചെയ്യട്ടെ എന്ന് സാരം. നമ്മുടെ മുഖ്യമന്ത്രിക്ക് എത്ര ഉപദേഷ്ടാക്കളുണ്ട്…? അസഖ്യം എന്നാണ് ഉത്തരം. ഇവരില്‍ ആരെല്ലാമാണ് ഉപദേശക ജോലി ചെയ്ത് പ്രതിഫലം വാങ്ങുന്നത്. ആരുടെ ഉപദേശത്തിലാണ് മറവിക്കാരനായ ഒരാളെ കോവിഡ് പ്രതിരോധ ചുമതല ഏല്‍പ്പിച്ചത്…? ആ ഉപദേശകന്റെ ബുദ്ധിയെ വാഴ്ത്താനാണ് ഈ ചോദ്യം. ഐ.എ.എസ് എന്നത് ചെറിയ പദവിയല്ല. വെങ്കട്ടരാമന്‍ ചെറിയ വ്യക്തിയുമല്ല. ഇരുന്ന കസേരകളില്ലെല്ലാം മികവ് തെളിയിച്ചിട്ടുണ്ട്. സമ്മതിക്കുന്നു. പക്ഷേ സിവില്‍ സര്‍വീസ് കോഡ് നോക്കുക- പരസ്യ മദ്യപാനത്തിന് എവിടെയാണ് വ്യവസ്ഥ…? അമിത വേഗതയില്‍ വാഹനമോടിക്കാന്‍ എവിടെയാണ് വ്യവസ്ഥ…? നുണ പറയാന്‍ ഏവിടെയാണ് വകുപ്പ്…? ഇതെല്ലാം പരസ്യമായി തന്നെ ലംഘിച്ച ഒരാള്‍ക്ക് എന്തിനാണ് ശബളം നല്‍കുന്നത്….. വെങ്കട്ടരാമന്‍ ചെയ്ത കുറ്റം എത്ര വലുതാണ് എന്ന് എല്ലാവര്‍ക്കുമറിയാം. അയാള്‍ നിയമത്തിന് മുന്നില്‍ പരമാവധി ശിക്ഷ അര്‍ഹിക്കുന്നയാളാണ്. എന്നിട്ടും അദ്ദേഹത്തിന് വേണ്ടി മുഖ്യമന്ത്രി ശബ്ദിക്കുമ്പോഴാണ് ഐ.എ.എസ് ലോബിയുടെ ശക്തി നമ്മള്‍ അറിയേണ്ടത്. എം.ബി.ബി. എസുകാരനാണ് വെങ്കട്ടരാമന്‍. അദ്ദേഹത്തിനാണ് മറവി രോഗം. അത് കാണാതാരിക്കരുത്. മറ്റാരും കൊടുത്ത രോഗ സര്‍ട്ടിഫിക്കറ്റല്ല. അദ്ദേഹം തന്നെയാണ് അത് പറഞ്ഞത്. ഇങ്ങനെയൊരാളുടെ സേവനം ഈ കോവിഡ് കാലത്ത് എന്തിനാണ്…..
കൊലക്കേസ് പ്രതിക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ഇടമുണ്ടോ…
നമ്മുടെ ജയിലുകളിലൊന്നും ഇപ്പോള്‍ സ്ഥലമില്ല. കുറ്റകൃത്യങ്ങള്‍ വര്‍ധിച്ച് വരുമ്പോള്‍ ജയിലുകളില്‍ സ്ഥലമില്ലാതെ വരുന്നത് സ്വാഭാവികം. വെങ്കട്ടരാമന്‍ എന്ന കൊലക്കേസ് പ്രതി ഏതെങ്കിലും ജയിലില്‍ കഴിഞ്ഞിട്ടുണ്ടോ…? ക്രൈംബ്രാഞ്ചാണ് പറഞ്ഞിരിക്കുന്നത് വെങ്കട്ടരാമനാണ് ഒന്നാം പ്രതിയെന്ന്. അതേ പ്രതിയെ സര്‍ക്കാര്‍ താലപ്പൊലിയുമായി വരവേറ്റതിന് പിറകിലെ അജണ്ടകള്‍ പലതാണ്. അഭ്യസ്ത വിദ്യരുടെ സമൂഹമാണിത്. എല്ലാവരും എല്ലാം കാണുന്നുണ്ട്. കേള്‍ക്കുന്നുണ്ട്. അവര്‍ക്ക് മുന്നിലേക്കാണ് നട്ടാല്‍ മുളക്കാത്ത ന്യായവാദങ്ങളുമായി മുഖ്യമന്ത്രി വരുന്നത്. വിചാരണയില്‍ നില്‍ക്കുന്ന ഒരു കേസില്‍, ഒന്നാം പ്രതിക്ക് അനുകൂലമായി ഭരണകൂടം തന്നെ ശബ്ദിന്നത് കേള്‍ക്കുമ്പോള്‍ കോവിഡിനേക്കാള്‍ ഭയത്തിലാണ് പൊതുസമൂഹം. കോവിഡിനെ നിയന്ത്രിക്കാന്‍ നമ്മള്‍ ജനതാ കര്‍ഫ്യ പ്രഖ്യാപിക്കുന്നു, ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ജനങ്ങളെല്ലാം സര്‍ക്കാര്‍ പറയുന്നത് അനുസരിക്കുന്നു. കോവിഡിനെ നിയന്ത്രിക്കാന്‍ നമുക്കാവുമെന്നാണ് വിശ്വാസം. പക്ഷേ കോവിഡിനേക്കാള്‍ വലിയ വൈറസിനെയാണ് മുഖ്യമന്ത്രി തുറന്ന് വിട്ടിരിക്കുന്നത്. ലോക്ക് ഡൗണിലും കര്‍ഫ്യൂവിലൊന്നും ഈ വൈറസിനെ തളക്കാന്‍ കഴിയില്ല എന്ന് പറയുന്നത് ഐ.എ.എസ് ലോബിയുടെ വലുപ്പം അറിയുന്നത് കൊണ്ട് തന്നെയാണ്. നമ്മുടെ നാട് ഭരിക്കുന്നത് രാഷ്ട്രീയ നേതൃത്വമാണ് എന്നത് കേവലമായ തെറ്റിദ്ധാരണയാണ്. ഭരണം നടത്തുന്നത് ഐ.എ.എസുകാരാണ്. അവര്‍ വിരട്ടിയാല്‍ വിറക്കാത്ത മന്ത്രി കസേരകളില്ല. ശ്രീറാം വെങ്കട്ടരാമന്‍ സര്‍വീസില്‍ തിരികെ വരുമ്പോള്‍ തല ഉയര്‍ത്തി ചിരിക്കുന്ന വൈറസുകള്‍ പരത്തുന്ന രോഗത്തിന് എവിടെയും മരുന്നുണ്ടാവില്ല.
പ്രത്രപ്രവര്‍ത്തക യൂണിയനെയും കരുവാക്കി
ഐ.എ.എസുകാനെ സര്‍വീസില്‍ തിരികെയെടുക്കുമ്പോള്‍ പത്രപ്രവര്‍ത്തക യൂണിയന്‍ നേതാക്കളുമായി സംസാരിച്ചു എന്നാണ് മുഖ്യമന്ത്രിയുടെ വാദം. അദ്ദേഹത്തോട് ലളിതമായി ഒരു ചോദ്യം…? കേരളത്തിലെ മുഴുവന്‍ മാധ്യമ പ്രവര്‍ത്തകരുടെയും ഏക സംഘടനയാണ് കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍. ആ സംഘടനക്കൊരു പ്രസിഡണ്ടും ജനറല്‍ സെക്രട്ടിറയുമുണ്ട്. ഇവരില്‍ ആരോടാണ് മുഖ്യമന്ത്രി സംസാരിച്ചത്…? തങ്ങളോട് സംസാരിച്ചിട്ടില്ല എന്ന് പ്രസിഡണ്ടും ജനറല്‍ സെക്രട്ടറിയും വ്യക്തമാക്കിയിട്ടുണ്ട്. ഒന്ന് കാണണം എന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് പറഞ്ഞു. സ്ഥലത്തില്ലാത്തതിനാല്‍ കഴിയില്ല എന്ന മറുപടിയും നല്‍കി. പിന്നെ ഇവരെ വിളിച്ച് മുഖ്യമന്ത്രിയുടെ ഓഫിസ് പറഞ്ഞത് വെങ്കട്ടരാമനെ സര്‍വീസില്‍ തിരികെയെടുക്കുന്നു എന്നാണ്. ശക്തമായ വിയോജിപ്പ് ഇവര്‍ പ്രകടിപ്പിച്ചപ്പോള്‍ സര്‍ക്കാരിന് മുന്നില്‍ മറ്റ് വഴികളില്ല എന്നായിരുന്നത്രെ വാദം. ഇത് എന്ത് ചര്‍ച്ചയാണ്…. ? ഇതില്‍ എവിടെയാണ് ജനാധിപത്യം. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുമായി സംസാരിച്ചുവെന്നായി പിന്നെ. ഈ കാര്യം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുമായാണോ സംസാരിക്കേണ്ടത്…. ജനാധിപത്യത്തില്‍ ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും ഇടത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് പറഞ്ഞ് കൊടുക്കേണ്ടതില്ലല്ലോ… ശ്രീറാം വെങ്കട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കുക വഴി മുഖ്യമന്ത്രിയും സര്‍ക്കാരും ചെയ്തിരിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. കേരളീയ സമൂഹവും മാധ്യമ ലോകവും ഇതിന് മാപ്പ് നല്‍കില്ല. വെങ്കട്ടരാമന് മറവി രോഗമുണ്ടാവാം- കേരളീയര്‍ക്ക് ആ രോഗമില്ല. അവരും ബുദ്ധിമാന്മാരാണ്. പ്രായോഗികമായി ചിന്തിക്കുന്ന ബുദ്ധിമാന്മാര്‍ തന്നെയാണ് ജനവും. അത് അതിബുദ്ധിമാനായ മുഖ്യമന്ത്രിയും സര്‍ക്കാരും മറക്കാതിരിക്കുക.