കോഴിക്കോട് ഗവ.മെഡിക്കൽ കോളജിന് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ വാഹനം വാങ്ങുന്നതിന് 10 ലക്ഷം രൂപ അനുവദിച്ചതായി പി.ടി.എ റഹീം എം.എൽ.എ അറിയിച്ചു. ഡോക്ടർമാരെയും പാരാമെഡിക്കൽ സ്റ്റാഫിനെയും വിവിധ ഭാഗങ്ങളിലേക്കയക്കാൻ വാഹനമില്ലാത്തതിലുള്ള പ്രയാസം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ശ്രദ്ധയിൽ പെടുത്തിയതിനെത്തുടർന്നാണ് എം.എൽ.എയുടെ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയിൽ നിന്നും തുക അനുവദിച്ചത്.
കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി മെഡിക്കൽ കോളജിൽ വെന്റിലേറ്റർ സ്ഥാപിക്കാൻ 15 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ജില്ലാ ദുരന്തനിവാരണ സമിതി അദ്ധ്യക്ഷൻ കൂടിയായ ജില്ലാ കലക്ടറുടെ അഭ്യർത്ഥന മാനിച്ചാണ് ഇപ്പോൾ ഈ തുക അനുവദിച്ചിരിക്കുന്നത്.
നേരത്തേ മെഡിക്കൽ കോളജിൽ വെന്റിലേറ്റർ സ്ഥാപിക്കാൻ എം.എൽ.എയുടെ ഫണ്ടിൽ നിന്ന് 13.5 ലക്ഷം രൂപയും മാലിന്യ സംസ്കരണ സംവിധാനത്തിന് 10 ലക്ഷം രൂപയും അനുവദിച്ചിരുന്നു.
മണ്ഡലത്തിന്റെ അതിർത്തിക്ക് പുറത്തുള്ള സ്ഥാപനത്തിന് ഫണ്ട് വിനിയോഗിക്കാൻ സർക്കാരിന്റെ പ്രത്യേക അനുമതി വാങ്ങിയാണ് തുക ലഭ്യമാക്കിയതെന്നും എം.എൽ.എ പറഞ്ഞു.