കുന്ദമംഗലം :കോടതിയുടെ നൂറാം വാർഷികം ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളോടെ നടത്തുന്നതിന് ചേർന്ന സ്വാഗത സംഘം രൂപീകരണ യോഗത്തിലാണ് റോഡ് പ്രവൃത്തി അടിയന്തിരമായി നടത്തുന്നതിനുള്ള തീരുമാനമെടുത്തിരുന്നത്. പി.ടി.എ റഹീം എം.എൽ.എ, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ലേറ്റ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, ബാർ അസോസിയേഷൻ ഭാരവാഹികൾ, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവരായിരുന്നു യോഗത്തിൽ സംബന്ധിച്ചിരുന്നത്. തുടർന്ന് റവന്യൂ വകുപ്പ് മന്ത്രിയെ എം.എൽ.എ നേരിട്ട് റോഡ് പ്രവൃത്തിയുടെ അടിയന്തിര സാഹചര്യം ബോദ്ധ്യപ്പെടുത്തിയതിനെത്തുടർന്ന് 9-12-2019ലെ സ.ഉ (സാധാ) നം. 886/2019/ഡി.എം.ഡി സർക്കാർ ഉത്തരവ് പ്രകാരം 4.10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കുകയായിരുന്നു.
വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുഷ്കരമായിക്കിടക്കുന്ന ഈ റോഡ് ഗ്രാമപഞ്ചായത്ത് ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ടതാണ്. കുന്ദമംഗലം കോടതിയിലേക്കും പോലീസ് സ്റ്റേഷനിലേക്കും മൃഗാശുപത്രിയിലേക്കുമുള്ള ഈ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ഉദ്യോഗസ്ഥരും പൊതുജനങ്ങളും വളരെക്കാലമായി ആവശ്യപ്പെട്ടു വരികയായിരുന്നു.
കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എ നിസാം, പോലീസ് സർക്കിൾ ഇൻസ്പെക്ടർ ജയൻ ഡൊമിനിക്, സബ് ഇൻസ്പെക്ടർ ടി.എസ് ശ്രീജിത്, ബാർ അസോസിയേഷൻ പ്രസിഡന്റ് എം.മുസ്തഫ, കോടതി, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.