കോഴിക്കോട്: മെഡിക്കൽ കോളേജ് ആ സ്പത്രിയിൽ നിന്നും പുറം തള്ളുന്ന മലിനജലം സംസ്കരിക്കുന്ന വിഷയത്തിൽ പരിഹാരം കാണാനാവാത്തത് ഏറെ പ്രയാസം സൃഷ്ടിക്കുന്നു . മലബാർ പ്രദേശത്തെ ജനങ്ങൾ വിദഗ്ദ്ധ ചികിത്സ തേടി എത്തി സുഖം പ്രാപിക്കുകയും ചിലരൊക്കെ മരണപ്പെടുകയും മറ്റൊരു ഭാഗത്ത് ജനനവും നടക്കുമ്പോൾ ഇവിടെ നിന്നുള്ള മലിന ജലം കൊണ്ട് പൊറുതി മുട്ടുകയാണ് പരിസര വാസികൾ. ദിവസേന ശരാശരി 60 ലക്ഷം ലിറ്റർ ശുദ്ധജലം ഉപയോഗിക്കുമ്പോൾ 50 ലക്ഷം ലിറ്റർ മലിനജലമായി പുറത്തേക്ക് ഒഴുകുകയാണ്. നേരത്തെ മായനാട് പ്രദേശത്തേക്കാണ് ഒഴുക്കിയിരുന്നത്.സംസ്കരിക്കുന്നതിന് സ്ഥാപിച്ച മൂന്ന് മോട്ടോറുകളും കേടായതോടെ പിന്നീട് മലിനജലം അതേപടി പുഴ പോലെ ഒഴുകുകയായിരുന്നു – നിരവധി സമരങ്ങളും വോട്ടു ബഹിഷ്കരണവും പാർട്ടി മാറലും ഒക്കെ മലിനജല വിഷയത്തിൽ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ തവണ മുസ്ലീം ലീഗിലെ ടി.പി. ആമിന ടീച്ചർ കൗൺസിലർ ആയ തൊഴിച്ചാൽ നഗരസഭ രൂപം കൊണ്ടത് മുതൽ ഇതേ വരെ സി പി എം ആണ് വാർഡിന്റെ പ്രതിനിധി. അത് കൊണ്ട് തന്നെ മലിനജല വിഷയം പാർട്ടിക്കിടയിൽ മുറുമുറുപ്പിന് കാരണമായി. മലിനജലം സംസ്കരിക്കാൻ ഗ്രൗണ്ടിന് സമീപം 6 കോടി രൂപ മുടക്കി പ്ലാന്റ് സ്ഥാപിച്ചെങ്കിലും ശുദ്ധീകരിച്ച ജലം ഒഴുക്കിവിടുന്ന സ്ഥലത്തെ ചൊല്ലി തർക്കം ഉണ്ടായി. ഒടുവിൽ 4 കോടി രൂപ മുടക്കി മെയിൻ റോഡിലൂടെ പൈപ് ലൈൻ ഇട്ട് കനോലി കനാലിൽ ഒഴുക്കാൻ ശ്രമം നടത്തി.എന്നാൽ പ്ലാൻറ് ഉദ്ദേശിച്ച പ്രകാരം പ്രവർത്തിപ്പിക്കാൻ സാധിക്കാത്തതിനാൽ ആ ശ്രമവും അസ്ഥാനത്തായി. പിന്നീട് ജില്ലയിലെ എട്ട് എം.എൽ.എ മാരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഒരു കോടിയോളം രൂപ മുടക്കി മാതൃ ശിശു സംരക്ഷണ കേന്ദ്രം കോമ്പൗണ്ടിൽ പുതിയ പ്ലാന്റ് സ്ഥാപിക്കുകയുണ്ടായി. ഈ പ്ലാന്റിൽ ട്രയൽ റണ്ണിംഗ് നടത്തിയെങ്കിലും മോട്ടോർ കേടാവുകയുണ്ടായി. ഇതിന് വേണ്ടി സ്ഥാപിച്ച കിണർ മുടിയിരുന്നു. അതിനാൽ ബദൽ സംവിധാനം ഏർപ്പെടുത്താനുമായില്ല. അതിനെ തുടർന്ന് മലിനജലം പഴയപോലെ മായ നാട്ടേക്ക് തന്നെ ഒഴുക്കാൻ തീരുമാനിക്കുകയായിരുന്നു . അതിന് വേണ്ടി കുഴിയെടുത്തപ്പോൾ നാട്ടുകാർ തടയുകയുണ്ടായി. മെഡിക്കൽ കോളേജിൽ നിന്നും ഒഴുക്കിവിടുന്ന മലിനജലം അതേപടി ഊർന്നിറങ്ങി മായനാട്; പൈങ്ങോട്ടുപുറം;കുറ്റിക്കാട്ടൂർ വഴി മാമ്പുഴയിലാണ് ചെന്നുചേരുന്നത്