കുന്ദമംഗലം: കാരന്തൂരിൽ വ്യാജ കള്ള് നിർമ്മാണ കേന്ദ്രത്തിൽ എക്സൈസ് പാർട്ടിറെയ്ഡ്. നടത്തി ഗൃഹനാഥനെ അറസ്റ്റ് ചെയ്തു. കാരന്തൂർ കൊളായിതാഴം ദീപക് നിവാസിൽ വി.പി അശോകനാണ് പിടിയിലായത്. കോഴിക്കോട് എക്സൈസ് ഇന്റലിജൻസ് സ്‌ക്വഡ് ഇൻസ്‌പെക്ടർ വി.പി സുധാകരനും, എക്സൈസ് സർക്കിളിലെ എക്‌സൈസ് ഇൻസ്‌പെക്ടർ എം.കെ ഗിരീഷും ചേർന്ന് നടത്തിയ റെയ്‌ഡിലാണ് ഇയാൾ പിടിയിലായത്. ഇയാളുടെ വീടിന് പുറകുവശത്തെ ഷെഡിൽ സൂക്ഷിച്ച 744 ലിറ്റർ വ്യാജ കള്ളും സംഘം പിടിച്ചെടുത്തു. രണ്ടുവർഷം മുമ്പ് വരെ കള്ളുഷാപ്പ് നടത്തിയിരുന്ന ആളാണ് പിടിയിലായ അശോകൻ. കഴിഞ്ഞ രണ്ടുവർഷമായി ഇയാൾ കള്ളുഷാപ്പുകളൊന്നും നടത്തുന്നില്ല. മറ്റാർക്കോവേണ്ടിയാണ് ഇയാൾ വ്യാജ കള്ള് നിർമ്മിച്ചതെന്നും ഇയാൾ ഇത് എവിടെയാണ് വിതരണം ചെയ്യുന്നതെന്നും അന്വേഷിച്ച് വരികയാണെന്ന് എക്സൈസ് ഇൻസ്‌പെക്ടർമാർ പറഞ്ഞു. ഇയാൾ വ്യാജ കള്ള് നിർമ്മിക്കുന്നതെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ ;ഒരു മാസത്തോളമായി എക്സൈസ് ഇന്റലിജൻസ് ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. രാവിലെ പത്തുമണിയോടെ ഇയാളുടെ വീട്ടിലെത്തിയ എക്സൈസ് സംഘം ഇയാൾ മദ്യത്തിന്റെ അടുത്ത് എന്തോ ജോലി ചെയ്യുന്നതായാണ് കണ്ടത് ഉടൻ തന്നെ മദ്യവും ഇയാളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്ഥലത്ത് നിന്ന് പഞ്ചസാരയുടെ ലായനിയും എക്സൈസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. എങ്ങിനെയാണ് ഇത് നിർമ്മിക്കുന്നതെന്നും ലഹരിക്കായി എന്താണ് ഇതിൽ ചേർക്കുന്നതെന്നും കൂടുതൽ അന്വേഷണത്തിന് ശേഷമേ കണ്ടെത്താൻ സാധിക്കുകയുള്ളൂവെന്നും അന്വേഷണ സംഘം പറഞ്ഞു.