കുന്നമംഗലം : സർക്കാരും കരാറുകാരും തമ്മിൽ ഒത്തുകളിക്കുകയാണെന്നും സി.ഡബ്ല്യു.ആർ.ഡി.എം – വരിട്ട്യാക്ക് – താമരശ്ശേരി റോഡ് വർക്ക് നടത്തുന്ന നാഥ് കൺസ്ട്രക്ഷനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നും വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ഇ.പി. അൻവർ സാദത്ത്. ‘സി.ഡബ്ല്യു.ആർ. ഡി. എം – വരിട്ട്യാക്ക് – താമരശ്ശേരി റോഡ് പണിയുടെ സ്തംഭനാവസ്ഥ : പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇടപെടുക’ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് വെൽഫെയർ പാർട്ടി വരിട്ട്യാക്കിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ട് വർഷത്തിലധികമായി ഈ റോഡിലൂടെയുള്ള ജനങ്ങളുടെ യാത്രാ ദുരിതത്തിന് ഇനിയും പരിഹാരം കണ്ടില്ലെങ്കിൽ സി.ഡബ്ല്യു. ആർ.ഡി.എം. മുതൽ താമരശ്ശേരി വരെയുള്ള ജനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ശക്തമായ ജനകീയ സമരത്തിന് വെൽഫെയർ പാർട്ടി നേതൃത്വം നൽകുമെന്നും, ജനകീയ സമരങ്ങളെ അവഗണിക്കുന്ന ഇടതു സർക്കാർ ആ നടപടി തിരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് ടി.പി. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ റോഡുകളെല്ലാം പൊട്ടിപ്പൊളിഞ്ഞും, ഗതാഗത യോഗ്യമല്ലാതിരിക്കുകയും ചെയ്യുമ്പോയും സംസ്ഥാനത്തിൻറെ വികസനത്തിന് അത്യാവശ്യമായിരിക്കുന്നത് കേരളത്തിൽ രാത്രി വൈകിയും പ്രവർത്തിക്കുന്ന പബ്ബ്കൾ ആണെന്നാണ് മുഖ്യമന്ത്രി പറഞ്ഞു കൊണ്ടിരിക്കുന്നതെന്ന് അധ്യക്ഷ പ്രഭാഷണത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.
വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാ വൈസ് പ്രസിഡന്റ് സരോജിനി ചൂലൂർ, ഡി.സി.സി. ജനറൽ സെക്രട്ടറി വിനോദ് പടനിലം, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ സെക്രട്ടറി മുസ്‌ലിഹ് പെരിങ്ങോളം, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബാബു നെല്ലൂളി, വെൽഫെയർ പാർട്ടി കുന്നമംഗലം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി. അബ്ദുറഹ്മാൻ, പി. വേണു തുടങ്ങിയവർ സംസാരിച്ചു. വെൽഫെയർ പാർട്ടി മണ്ഡലം സെക്രട്ടറി സി.പി. സുമയ്യ സ്വാഗതവും മണ്ഡലം വൈസ് പ്രസിഡന്റ് എസ്.പി. മധുസൂദനൻ നായർ നന്ദിയും പറഞ്ഞു