കോഴിക്കോട്: പട്ടിക ജാതി പട്ടിക വർഗ ജനവിഭാഗങ്ങളുടെ ഉന്നമനത്തിനും ഗവേഷണ പഠന പ്രവർത്തനങ്ങൾക്കും വേണ്ടി സ്ഥാപിതമായ കിർത്താഡ്‌സിൽ നടക്കുന്ന ഫണ്ട് ദുർവിനിയോഗത്തെയും ഉദ്യോഗസ്ഥ കെടുകാര്യസ്ഥതയെയും സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ഷംസീർ ഇബ്രാഹിം. ഫണ്ടുകൾ വകമാറ്റി ചെലവഴിക്കുകയും നഷ്ടപ്പെടുത്തുകയും ചെയ്യുന്ന വെള്ളാനയായി കിർത്താഡ്‌സ് മാറിയിരിക്കുകയാണ്. എസ് സി -എസ് ടി വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും വേണ്ടി സ്ഥാപിതമായ കർത്താഡ്സ് ചില സ്ഥാപിത താൽപര്യക്കാരുടെ മാത്രം താൽപര്യങ്ങളാണ് സംരക്ഷിച്ചു കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ 40 വർഷങ്ങളായി കേരളത്തിലെ എസ് സി – എസ് ടി ജനതയെ വഞ്ചിച്ചു കൊണ്ടിരിക്കുകയാണ് യഥാർത്ഥത്തിൽ ഈ സ്ഥാപനം.
തങ്ങളുടെ ഇഷ്ടക്കാരെ തിരുകി കയറ്റാനുള്ള ഇടം മാത്രമായി സ്ഥാപനത്തെ ഉപയോഗിക്കുകയാണ് മാറിമാറിവന്ന സർക്കാറുകൾ ചെയ്തതും.
അതിനുവേണ്ടി നിയമാവലികൾ പോലും മാറ്റി എഴുതുന്ന അവസ്ഥയാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
സർക്കാർ നിലപാടിനെതിരെ എതിരെ ഫ്രറ്റേണിറ്റി മൂവ്മെൻറ് ശക്തമായിത്തന്നെ സമര രംഗത്ത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഫണ്ട് ദുർവിനിയോഗം, അനധികൃത നിയമനം, കെടുകാര്യസ്ഥത തുടങ്ങിയവയിൽ സമഗ്രാന്വേഷണം നടത്തുക, കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കിർത്താഡ്സ് ഡയറക്ടറേറ്റിലേക്ക് ഫ്രറ്റേണിറ്റി മൂവ്മെൻറ് നടത്തിയ മാർച്ചിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കുനിയിൽ മാർച്ച് ഉദ്ഘാടനം ചെയ്തു.
വാളയാർ പീഡന – കൊലപാതക വിഷയത്തിലുൾപ്പെടെ ദളിത്- ആദിവാസി ജനതയെ സർക്കാർ നിരന്തരം വഞ്ചിച്ചു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പട്ടികജാതി പട്ടികവർഗത്തിന്റെ വികസന ഫണ്ട് ഉപയോഗിച്ച് തിന്ന് കൊഴുക്കുന്ന ഉദ്യാഗസ്ഥ ലോബിയിൽ നിന്ന് കിർത്താഡ്സിനെ മോചിപ്പിക്കാൻ ജനങ്ങൾ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
ചേവായൂരിൽ നിന്നാരംഭിച്ച മാർച്ച് കിർത്താഡ്സിനു മുന്നിൽ പോലീസ് തടഞ്ഞു. ഗേറ്റിനുള്ളിലേക്ക് തള്ളികയറാൻ ശ്രമിച്ച പ്രവർത്തകരെയും നേതാക്കളെയും പോലീസ് ബലം പ്രയോഗിച്ച് തടയുകയായിരുന്നു.
ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി കെ എസ് നിസാർ, വൈസ് പ്രസിഡൻറുമാരായ ഫസ്ന മിയാൻ, അനീഷ് പാറമ്പുഴ, കോഴിക്കോട് ജില്ലാ പ്രസിഡന്റ് റഹീം ചേന്ദമംഗല്ലൂർ, വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറി അൻവർ സാദത്ത് എന്നിവർ സംസാരിച്ചു.
ഫ്രറ്റേണിറ്റി മൂവ്മെന്റ് വൈസ് പ്രസിഡന്റ് എസ് മുജീബ് റഹ്മാൻ സ്വാഗതവും സെക്രട്ടറി ഷെഹിൻ ഷിഹാബ് നന്ദിയും പറഞ്ഞു.
ജില്ലാ ജനറൽ സെക്രട്ടറിമാരായ സുഫാന ഇസ്ഹാഖ്, ലബീബ് കായക്കൊടി, സജീർ ടി സി, ബാസില, നുജൈം, വാഹിദ്, സഈദ് തുടങ്ങിയവർ മാർച്ചിന് നേതൃത്വം
നൽകി.
ഫോട്ടോ: വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കുനിയിൽ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു
മുസ് ലിഹ് പെരിങ്ങൊളം
മീഡിയ സെക്രട്ടറി
PH : 9526657757
ഫ്രറ്റേണിറ്റി മൂവ്മെന്റ്, കോഴിക്കോട്