ദയാപുരം: മഹാമാരിയില്‍ തകർന്നുവീണ ഒരുവീട് ഞങ്ങള്‍ പുനർനിർമിക്കും. ഇതിലൂടെ ഒരുകുടംബത്തിന് ജീവിതപ്രതീക്ഷകള്‍ നല്കും. അതിനുള്ള തുക സ്വരൂപിക്കാന്‍ സാധ്യമായ വഴികളെല്ലാം ശ്രമിക്കും. ദയാപുരം റസിഡന്‍ഷ്യല്‍ സ്കൂള്‍ വിദ്യാർത്ഥികളുടെ സാംസ്കാരികകൂട്ടായ്മയായ ദയാപുരം സ്റ്റുഡന്‍റ്സ് ഫോറം പ്രതിനിധികളാണ് ഉറച്ചതീരുമാനവുമായി ഇറങ്ങിയത്. വിദ്യാർത്ഥിപാർലിമെന്‍റും ഒപ്പം ചേർന്നു.
പ്രളയത്തില്‍ ഭവനരഹിതരായവർ പതിനായിരങ്ങളാണ്. നൂറുകണക്കിനു മനുഷ്യജീവനുകള്‍ പൊലിഞ്ഞു. അതിജീവനത്തിനായി കേരളം പോരാടുമ്പോള്‍ ആവുന്നതു ചെയ്യല്‍ ഞങ്ങളുടെകൂടി കടമയാണെന്ന ഉത്തമബോധ്യമാണ് ഈ ആലോചനയ്ക്കുപിന്നിലെന്ന് കുട്ടികള്‍ പറയുന്നു.
രക്ഷിതാക്കളില്‍നിന്നു സംഭാവന സമാഹരിക്കുന്നത് താരതമ്യേനെ എളുപ്പമാണ്. പക്ഷേ, കഴിഞ്ഞവർഷം ദയാപുരത്തിന്‍റെ മുപ്പത്തഞ്ചാം വാർഷികത്തോടനുബന്ധിച്ച് 35 വീടുകള്‍ നിർമിക്കുന്ന പദ്ധതിയിലേക്ക് അവരില്‍നിന്ന് സഹായം സ്വീകരിച്ചതാണ്. നിർബന്ധിതപിരിവ് പാടില്ലെന്ന് പ്രിന്‍സിപ്പല്‍ പ്രത്യേകവ്യവസ്ഥ വച്ചിട്ടുമുണ്ട്. അപ്പോള്‍പ്പിന്നെ വേറെ വഴി നോക്കണം. അങ്ങനെയാണ് കളി കാര്യമായെടുത്തത്.
ധനസമാഹരണാർത്ഥം അഖിലേന്ത്യാ ഏകദിന ഫൈവ്സ് ഫുട്ബോള്‍. ഒരുപക്ഷേ, കേളത്തിലാദ്യമായാവും സ്കൂള്‍ കുട്ടികള്‍, തങ്ങളുടെ മൈതാനത്ത് ഓപ്പണ്‍ ഫുട്ബോള്‍ മത്സരം സംഘടിപ്പിക്കുന്നത്. ദയാപുരം മൈതാനിയില്‍ ഈ മാസം 13 ഞായറാഴ്ചയാണ് കളി. രാവിലെ എട്ടുമണിക്ക് ദയാപുരം സ്കൂള്‍ പൂർവ്വവിദ്യാർത്ഥികളുടെ സൌഹൃദമത്സരത്തോടെ കളിക്കളമുണരും. തുടർന്ന് കപ്പിനുവേണ്ടിയുള്ള കാര്യമായ കളിയില്‍ ഫൈവ്സ് ഫുട്ബോളിലെ 16 പ്രമുഖടീമുകള്‍ കളത്തിലിറങ്ങും. ആകർഷകമായ സമ്മാനങ്ങളുമുണ്ട്. ചാമ്പ്യന്മാർക്ക് 30,001 രൂപയും ട്രോഫിയും. റണ്ണർ അപ്പിന് 15,001 രൂപയും ട്രോഫിയും.
ഉദാരമതികളില്‍നിന്നും അഭ്യുദയകാംക്ഷികളില്‍നിന്നും സ്പോണ്‍സർഷിപ്പിലൂടെ പരമാവധി തുക സമാഹരിക്കാനാവുമെന്നാണ് വിദ്യാർത്ഥികളുടെ പ്രതീക്ഷ.
പ്രളയാനന്തരകേരളനവനിർമിതിയില്‍ പങ്കുചേർന്നുകൊണ്ട് ദയാപുരം ശൈഖ് അന്‍സാരി ഫൌണ്ടേഷന്‍ കഴിഞ്ഞവർഷം പ്രഖ്യാപിച്ച 35 വീടുകളുടെ പദ്ധതി പുരോഗമിക്കുകയാണ്. ഇതില്‍ പണിപൂർത്തിയാക്കിയ 15 വീടുകളുടെ താക്കോല്‍ കുടുംബങ്ങള്‍ക്ക് കൈമാറുകയും ചെയ്തു. നിർമാണത്തിലിരിക്കുന്ന മറ്റുവീടുകള്‍ കാണാനും പ്രവൃത്തി വിലയിരുത്താനും ചിലവിദ്യാർത്ഥികള്‍ സ്വയം താല്പര്യപ്പെട്ട് സന്ദർശനം നടത്തിയിടത്തുനിന്നാണ് തങ്ങളുടെ കൂട്ടായ്മയില്‍ പുതിയൊരുവീടുകൂടി എന്ന ആശയം രൂപംകൊള്ളുന്നത്. അത് പ്രാവർത്തികമാക്കാന്‍ സ്കൂള്‍ അധികൃതർ അനുവാദം നല്കുകയായിരുന്നു.